മാധ്യമ വിലക്ക് ഫാഷിസ്റ്റ് നടപടി: കെ.യു.ഡബ്ല്യു.ജെ

തിരുവനന്തപുരം: വാർത്താസമ്മേളനങ്ങളിൽ ചാനലുകളെ തെരഞ്ഞുപിടിച്ച് വിലക്കുന്ന നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. വാർത്തകളിൽ വിയോജിപ്പ് ഉണ്ടെങ്കിൽ സ്വന്തം ന്യായങ്ങൾ നിരത്തി അത് സമർഥിക്കുന്നതിന് പകരം മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താൻ ശ്രമിക്കുന്നത് ഫാസിസ്റ്റ് നടപടിയാണ്. തിരുവായ്ക്ക് എതിർവാ പാടില്ലെന്ന സമീപനം ജനാധിപത്യത്തിന് ഭൂഷണമല്ല. പാലക്കാട് വാർത്താസമ്മേളനത്തിൽ 24 ന്യൂസ്, റിപ്പോർട്ടർ ചാനലുകളെ വിലക്കിയ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ്റെ നടപടി തീർത്തും ജനാധിപത്യ വിരുദ്ധവും മാധ്യമ സ്വാതന്ത്ര്യത്തിന് നിരക്കാത്തതുമായ നിലപാട് ആണ്. മാധ്യമ സെൻസർഷിപ്പിൻ്റെ മറ്റൊരു രൂപമാണിത്. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ അടക്കം അപ്രിയ വാർത്തകൾക്ക് നേരെ രാഷ്ട്രീയ നേതാക്കൾ പുലർത്തുന്ന അസഹിഷ്ണുത ജനാധിപത്യത്തോടും മാധ്യമ സ്വാതന്ത്ര്യത്തിനോടുമുള്ള അസഹിഷ്ണുതയാണ്. ജനാധിപത്യ വിരുദ്ധ നിലപാട് തിരുത്താൻ ശോഭ സുരേന്ദ്രൻ തയാറാവുന്നില്ലെങ്കിൽ ബിജെപി നേതൃത്വം തിരുത്തി ക്കണമെന്ന് യൂണിയൻ പ്രസിഡൻ്റ് കെ പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.