കൊച്ചി: സിനിമ എഡിറ്റർ നിഷാദ് യൂസഫിന്റെ മരണത്തിൽ ഞെട്ടി സിനിമലോകം. ഇന്ന് പുലർച്ചെയാണ്കൊച്ചിയിലെ പനമ്പള്ളി നഗറിലെ ഫ്ലാറ്റിൽ വച്ച് നിഷാദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിപ്പാട് സ്വദേശിയാണ്.
കരിയറിന്റെ ഏറ്റവും ‘പീക്ക് ടൈം’ എന്ന് വിളിക്കാൻ കഴിയുന്ന സമയത്താണ് അദ്ദേഹം വിടപറഞ്ഞത്. ഏതാനും ദിവസങ്ങൾ കൂടി കഴിഞ്ഞാൽ പുറത്തിറങ്ങാനിരിക്കുന്ന സൂര്യയുടെ കങ്കുവ എന്ന സിനിമയുടെ എഡിറ്റിംഗ് നിർവഹിച്ചത് നിഷാദ് യൂസഫായിരുന്നു. ഇന്ത്യ മുഴുവൻ വമ്പൻ റിലീസിന് ഒരുങ്ങുന്ന സിനിമയ്ക്ക് വലിയ ഹൈപ്പാണുള്ളത്. സിനിമ വലിയ വിജയമായാൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന പേരുകളിൽ ഒന്ന്, നിഷാദ് യൂസഫിന്റേതായിരിക്കും. ഈ നിലയിൽ എല്ലാവരെയും വേദനയിലാഴ്ത്തുകയാണ് നിഷാദിന്റെ വിയോഗം
മികച്ച എഡിറ്റർക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്. തല്ലുമാല, ചാവേർ, ഉണ്ട, സൗദി വെള്ളക്ക, വൺ, ഓപ്പറേഷൻ ജാവ തുടങ്ങിയവയാണ് നിഷാദ് എഡിറ്റിങ് നിർവഹിച്ച പ്രധാന ചിത്രങ്ങൾ. 2022ൽ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിനാണ് നിഷാദിന് മികച്ച എഡിറ്റർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്.
കങ്കുവ പോലെ ഇന്ത്യന്‍ സിനിമ ഉറ്റുനോക്കുന്ന ചിത്രത്തിന്റെ ചെന്നൈ ഓഡിയോ റിലീസില്‍ സൂര്യയ്ക്കൊപ്പം അടക്കം നില്ക്കുന്ന ചിത്രങ്ങള്‍ നിഷാദ് തന്നെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പങ്കുവച്ചിരുന്നു.
ബസൂക്ക, ആലപ്പുഴ ജിംഖാന എന്നിവ റിലീസ് ചെയ്യാനുള്ള ചിത്രങ്ങളാണ്. ഇപ്പോള്‍ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന തരുണ്‍ മൂര്‍ത്തി മോഹന്‍ലാല്‍ ചിത്രത്തിന്റെയും എഡിറ്റര്‍ നിഷാദ് യൂസഫ് ആയിരുന്നു.
Leave a Reply