തിരൂർ: കോവിഡ് കാലം ജനങ്ങള്‍ മറന്നു കഴിഞ്ഞിട്ടും കോവിഡ് കാലത്ത് നിർത്തലാക്കിയ വണ്ടികള്‍ ഓടിക്കാന്‍ റെയില്‍വേ മറന്നു പോയതായി ‘മാറ്റ്പ'(മലബാര്‍ ട്രെയിന്‍ പാസ്സഞ്ചേഴ്സ് വെൽഫേർ അസോസിയേഷന്‍ ) ഭാരവാഹികള്‍. മലബാറിലെ ട്രെയിന്‍ യാത്രക്കാര്‍ അനുഭവിക്കുന്ന യാത്രാ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ പാലക്കാട് ഡിവിഷണൽ റെയില്‍വേ മാനേജറെ കണ്ട് നിവേദനം നൽകി.
വൈകീട്ട് 5.45 നും 6.45 നും ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെട്ടിരുന്ന 06455, 56663 നമ്പര്‍ വണ്ടികള്‍ നിർത്തലാക്കിയതോടെ നീണ്ട മൂന്നര മണിക്കൂര്‍ നേരം മലബാറിലേക്ക് ട്രെയിന്‍ ഇല്ലാതെ സ്ഥിരം യാത്രക്കാരായ സ്ത്രീകള്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും മറ്റു ജോലിക്കാരും പ്രയാസപ്പെടുകയാണെന്നും അടിയന്തിരമായി ഈ വണ്ടികള്‍പുനസ്ഥാപിക്കണമെന്നും, 3.40 ന് ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെടുന്ന ഷൊര്‍ണൂര്‍ – കണ്ണൂര്‍ പാസ്സഞ്ചർ ട്രെയിൻ പുറപ്പെടുന്ന സമയം നേരത്തെയാക്കരുതെന്നും നിലവിലെ സമയം തുടരണമെന്നും
ഡിആർഎം നോട് ആവശ്യപ്പെട്ടു.
ഷൊര്‍ണൂരിനും കോഴിക്കോടിനുമിടയിൽ വന്ദേഭാരതിന് വേണ്ടി കാലത്ത് 16649 പരശുറാം എക്സ്പ്രസ്സും വൈകീട്ട് 16307 എക്സിക്യൂട്ടീവ് എക്സ്പ്രസ്സും പിടിച്ചിടുന്നത് മൂലം നിശ്ചിത സമയത്ത് ജോലിക്കെത്താനും സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാര്‍ക്ക് തിരിച്ച് വീടണയാനും സാധിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നു.
വൈകീട്ട് 07.05 ന് ഷൊര്‍ണൂരില്‍ എത്തിച്ചേരുന്ന കോയമ്പത്തൂര്‍ ഷൊര്‍ണൂര്‍ മെമു ട്രെയിനില്‍ എൺപത് ശതമാനം യാത്രക്കാരും കോഴിക്കോട് ഭാഗത്തേക്ക് ഉള്ളവരായത് കൊണ്ട് ഈ ട്രെയിന്‍ നേരെ കോഴിക്കോട്ടേക്ക് വിടുന്നതിനും പകരം രാത്രി 8.40 നുള്ള ഷൊര്‍ണൂര്‍ കോഴിക്കോട് പാസ്സഞ്ചർ നിശ്ചിത സമയത്ത് നിലമ്പൂരിലേക്ക് സർവ്വീസ് നടത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും, ദീര്‍ഘ ദൂര ട്രെയിനുകളിൽ നാല് ജനറല്‍ കോച്ചുകൾ ഉൾപ്പെടുത്തണമെന്നും
ഡിആർഎംമു മായുള്ള ചര്‍ച്ചയില്‍ ഉന്നയിച്ചു. സീനിയര്‍ ഡിവിഷണൽ ഓപ്പറേഷന്‍ മാനേജര്‍ ശ്രീ എം വാസുദേവന്‍, ഡിവിഷണൽ ഓപ്പറേഷന്‍ മാനേജര്‍ ഗോപു ഉണ്ണിത്താന്‍ എന്നിവർ ഡിആർഎം നോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു.
മാറ്റ്പ ഭാരവാഹികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിശോധിച്ച് സാധ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഡിആർഎം ശ്രീ അരുണ്‍ കുമാര്‍ ചതുർവ്വേദി നിവേദക സംഘത്തെ അറിയിച്ചു.
മലബാർ ട്രെയിന്‍ പാസ്സഞ്ചേഴ്സ് വെൽഫേർ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കെ കെ റസ്സാഖ് ഹാജി തിരൂർ, സുജ മഞ്ഞോളി, സെക്രട്ടറി എം ഫിറോസ് കോഴിക്കോട്, ഫിസ ട്രഷറർ അബ്ദുല്‍ റഹ്മാന്‍ വള്ളിക്കുന്ന്, ഓർഗനൈസിംഗ് സെക്രട്ടറി പി പി രാമനാഥൻ വേങ്ങേരി, എ പ്രമോദ് പന്നിയങ്കര, മഞ്ജുള കെ എസ് പട്ടാമ്പി, എം ബിന്ദു മലാപ്പറമ്പ്, തുടങ്ങിയവര്‍ പങ്കെടുത്തു.
Leave a Reply