കുടിവെള്ളം മുട്ടിയ നാല്പതോളം കുടുംബങ്ങളുടെ ദുരിതത്തിന് പരിഹാരം

നവീകരിച്ച വയലളം സ്വാമിക്കുന്ന് കുടിവെള്ള പദ്ധതി സ്പീക്കർ നാടിന് സമർപ്പിച്ചു

കണ്ണൂർ:
നാൽപതോളം കുടുംബങ്ങൾക്ക് ആശ്രയമായ വയലളം-സ്വാമിക്കുന്ന് കുടിവെള്ള പദ്ധതി നവീകരണം പൂർത്തിയാക്കി നിയമസഭ സ്പീക്കർ അഡ്വ എ എൻ ഷംസീർ നാടിന് സമർപ്പിച്ചു. സന്നദ്ധ സംഘടനയായ തലശ്ശേരി കെയർ ആൻഡ് ക്യൂർ ഫൗണ്ടേഷൻ്റെ സഹകരണത്തോടെ രണ്ടര ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് നവീകരണം പൂർത്തിയാക്കിയത്.
തലശ്ശേരി ഇലത്ത്താഴെക്കടുത്ത് സ്വാമിക്കുന്നിലെ നാൽപ്പതോളം കുടുംബങ്ങളുടെ വീടുകൾ കുന്നിന് മുകളിലും കുന്നിലേക്ക് പോകുന്ന വഴികളിലുമാണ്.
അവിടേക്ക് കുടിവെള്ളം എത്തിക്കാനുള്ള പദ്ധതി 2000ൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം സ്ഥാപിച്ചതായിരുന്നു.
എം കെ ദാമോദരൻ മാസ്റ്റർ സൗജന്യമായി നൽകിയ സ്ഥലത്ത് നിർമ്മിച്ച കിണറും പമ്പ് ഹൗസും ആയിരുന്നു കഴിഞ്ഞ 24 വർഷത്തോളമായി അവർക്കാവശ്യമായ വെള്ളം നൽകിയിരുന്നത്. കാലപ്പഴക്കം കാരണം നാല് മാസം മുൻപ് പമ്പുകൾ പ്രവർത്തനം നിലച്ചു.
അവിടെക്ക് മറ്റൊരു സ്ഥലത്ത് നിന്ന് വെള്ളം എടുക്കാൻ വഴിയില്ലാതെ മഴ വെള്ളം ശേഖരിച്ച് വെച്ച് ഉപയോഗിച്ചു വരികയായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രദേശവാസികൾ കുടിവെള്ളം ലഭ്യമാക്കാൻ നടപടിക്കായി സ്പീക്കറെ സമീപിച്ചത്. സ്പീക്കറുടെ ഇടപെടലിനെ തുടർന്ന് കെയർ ആൻ്റ് ക്യൂർ സംഘടന പൈപ്പുകളും മോട്ടോറും മാറ്റി ആവശ്യമായ നവീകരണ പ്രവൃത്തികൾ നടത്തിയാണ് പദ്ധതി നാടിന് സമർപ്പിച്ചത്.
കെയർ ആൻഡ് ക്യൂർ ഫൗണ്ടേഷനുള്ള ഉപഹാരം ഫൗണ്ടേഷൻ പ്രസിഡൻ് പി.ഒ.ജാബിറിന് സ്പീക്കർ സമ്മാനിച്ചു.
തലശ്ശേരി മുനിസിപ്പൽ വയലളം വാർഡ് കൗൺസിലർ ബേബി സുജാത അധ്യക്ഷയായി.
മുനിസിപ്പൽ കൗൺസിലർ എം.എ.സുധീഷ്, പി.ഒ.ജാബിർ, മുഹമ്മദ് നിസാർ പടിപ്പുരക്കൽ, കുടിവെള്ള കമ്മിറ്റി സിക്രട്ടറി കെ.വിജേഷ്, കുടിവെള്ള കമ്മിറ്റിയംഗം വിൻജിത്ത് എന്നിവർ സംസാരിച്ചു.
കെയർ ആൻഡ് ക്യൂർ ഫൗണ്ടേഷൻ ട്രഷറർ മുനീസ് അറയിലകത്ത്, ഫാറൂഖ് പാലോട്ട്, പി എം സി മൊയ്തു, ഹംസ പി വി, മുഹമ്മദ് ഫസൽ സി ഒ ടി , സക്കരിയ കെ, എന്നിവർ സംബന്ധിച്ചു.
(ഫോട്ടോ)
വയലളം-സ്വാമിക്കുന്ന് കുടിവെള്ള പദ്ധതി നവീകരണം പൂർത്തിയാക്കി നിയമസഭ സ്പീക്കർ അഡ്വ എ എൻ ഷംസീർ നാടിന് സമർപ്പിക്കുന്നു

Leave a Reply

Your email address will not be published.