തിരൂർ: ചികിത്സാ ചിലവ് അനിയന്ത്രിതമായി വർദ്ധിക്കുകയും മരുന്നു സേവ അപകടമാവുകയും ചെയ്യുമ്പോള്‍ മരുന്നില്ലാത്ത പ്രകൃതിദത്തമായ അക്യുപങ്ചർ ചികിത്സയുടെ പ്രസക്തി വർദ്ധിക്കുന്നുവെന്ന് കുറുക്കോളി മൊയ്തീൻ എംഎല്‍എ.
പ്രകൃതിയോടിണങ്ങി ജീവിച്ചാൽ രോഗ മുക്തമായ ഒരു ജീവിതം സാധ്യമാകുമെന്ന് ചെറുപ്പ കാല അനുഭവങ്ങൾ പങ്ക് വെച്ച് അദ്ദേഹം പറയുകയുണ്ടായി.
ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷ്നേഴ്സ് അസോസിയേഷന്റെ പത്താം വാര്‍ഷിക സമ്മേളനം തിരൂർ ക്രൗൺ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര ആരോഗ്യ മന്ത്രാലയം ഒരു സ്വതന്ത്ര ചികിത്സയായി പ്രഖ്യാപിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും അക്യുപങ്ചർ എന്ന ചികിത്സാ സംവിധാനത്തിന് ഒരു കൗൺസിൽ രൂപീകരിക്കാൻ തയാറാകാത്തത് അപലപനീയമാണെന്ന് അസോസിയേഷന് പാസാക്കിയ പ്രമേയത്തില്‍ പറയുന്നു.
ആയിരത്തോളം അംഗങ്ങളുള്ള അസോസിയേഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 400 ഓളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.
ജോയിന്റ് സെക്രട്ടറി സലീന കാസിമിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച സെഷനില്‍ സംസ്ഥാന പ്രസിഡന്റ് അക്യു മാസ്റ്റർ ഷുഹൈബ് റിയാലു മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ട്രഷറർ പി വി. ഷൈജു, ജോയിന്റ് സെക്രട്ടറി അൽത്താഫ് മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.
സംസ്ഥാന സെക്രട്ടറി സി. കെ. സുനീർ, എക്സിക്യൂട്ടീവ് അംഗങ്ങളായ സീമ സിദ്ദിഖ്, ജുനൈദ് അഹമ്മദ് തുടങ്ങിയവര്‍ ക്ലാസുകൾക്ക് നേതൃത്വം നല്കി.
സംസ്ഥാന വൈസ് പ്രസിഡന്റ് കമറുദ്ദീൻ കൗസരിയുടെ നന്ദി പ്രഭാഷണത്തോടെ വൈകുന്നേരം 4 മണിക്ക് സമ്മേളനത്തിന് പര്യവസാനമായി.
Leave a Reply