എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോൾ…  നവീൻ ബാബുവിന്റെ കുടുംബത്തിന്  കണ്ണൂർ കളക്ടറുടെ കത്ത്

പത്തനംതിട്ട: ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തിന് കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ കത്തയച്ചു. യാത്രയയപ്പ് വേളയിലുണ്ടായ സംഭവങ്ങളിൽ ഖേദം രേഖപ്പെടുത്തി വൈകാരികമായ കുറിപ്പാണ് കളക്ടർ നൽകിയത്.  പത്തനംതിട്ട സബ് കളക്ടർ നേരിട്ടെത്തിയാണ് കത്ത് നവീൻ ബാബുവിന്റെ കുടുംബത്തിന് കൈമാറിയത്.

സത്യസന്ധനായ ആത്മാർത്ഥതയുള്ള ഏതൊരു കാര്യവും വിശ്വസിച്ച് ഏൽപ്പിക്കാൻ കഴിവുള്ള ഉദ്യോഗസ്ഥൻ ആയിരുന്നു നവീൻ ഇന്ന് കളക്ടർ കത്തിലൂടെ പറയുന്നു. കുടുംബത്തിന്റെ ദുഃഖത്തോടൊപ്പം ചേരുന്നു എന്നും അദ്ദേഹം.


എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോൾ…
ഈ വിഷമഘട്ടം അതിജീവിക്കാൻ എല്ലാവർക്കും കരുത്ത് ഉണ്ടാവട്ടെ എന്ന് മാത്രമേ എനിക്ക് പ്രാർത്ഥിക്കാൻ ആവുന്നുള്ളൂ… പിന്നീട് ഒരവസരത്തിൽ നിങ്ങളുടെ അനുവാദത്തോടെ വീട്ടിലേക്ക് ഞാൻ വരാം… എന്നുപറഞ്ഞാണ് കളക്ടറുടെ കത്ത് അവസാനിക്കുന്നത്.

യാത്രയയപ്പ് ചടങ്ങിനു ശേഷം നവീൻ ബാബുവിനെ ചേംബറിൽ വിളിച്ചു സംസാരിച്ചിരുന്നുവെന്നും കത്തിൽ പറയുന്നു. സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കണ്ണൂർ കളക്ടർ താത്പര്യമറിയിച്ചിരുന്നു. പക്ഷേ കുടുംബം അതിനോട് വിയോജിക്കുകയായിരുന്നു.

നേരത്തേ കണ്ണൂർ ജില്ലാ കളക്ടർക്കെതിരേ ഗുരുതര ആരോപണവുമായി നവീൻ ബാബുവിന്റെ ബന്ധുവും സി.പി.എം നേതാവുമായ മലയാലപ്പുഴ മോഹനൻ രംഗത്തെത്തിയിരുന്നു. അരുൺ കെ. വിജയനാണ് പി.പി ദിവ്യയെ എ.ഡി.എമ്മിന്റെ യാത്രയയപ്പ് പരിപാടിയിലേക്ക് വളിച്ചുവരുത്തിയത് എന്നാണ് ആരോപണം. ദിവ്യയുടെ സൗകര്യപ്രകാരം ചടങ്ങിന്റെ സമയം മാറ്റി എന്നും ആരോപിച്ചു. മാത്രമല്ല വിഷയത്തിൽ കളക്ടർക്കെതിരേ സിപിഎം പത്തനംതിട്ട നേതൃത്വവും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തുവന്നിരുന്നു.

Leave a Reply

Your email address will not be published.