പാലക്കാട്: ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ച കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ പി. സരിനെ തള്ളി കോണ്‍ഗ്രസ് നേതാക്കള്‍. പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ, എംപി ഷാഫി പറമ്പിൽ എന്നിവരാണ് സരിന്റെ പരസ്യ പ്രസ്താവനയിൽ അതൃപ്തി പ്രകടിപ്പിച്ചത്.
രാഹുൽ മാങ്കൂട്ടത്തില്‍ സമരനായകൻ, മിടു മിടുക്കനാണെന്നും ഷാഫിയുടെ ചോയ്സ് എന്നത് അധിക നേട്ടമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. വൈകാരികമായി പ്രതികരിക്കരുത് എന്ന് സരിനോട് ആവശ്യപ്പെട്ടിരുന്നു. അച്ചടക്ക ലംഘനം ഉണ്ടായിട്ടുണ്ടോ എന്ന് കെപിസിസി പ്രസിഡന്‍റ് പരിശോധിച്ച് പറയുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
പി സരിത്തിന്‍റെ വാര്‍ത്താസമ്മേളനത്തില്‍ അച്ചടക്ക ലംഘനം ഉണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ പ്രതികരിച്ചത്. സ്ഥാനാർത്ഥി നിർണയം കോൺഗ്രസ് കീഴ്വഴക്കം അനുസരിച്ചാണ് നടന്നത്. സ്ഥാനാർത്ഥി ആകണമെന്ന് സരിൻ നേരിട്ട് വന്നു ആവശ്യപ്പെട്ടിരുന്നു. ആലോചിച്ചു പറയാം എന്നാണ് സരിനോട് പറഞ്ഞത്. പരസ്യമായി പ്രതികരിച്ചത് ശരിയായില്ല. അത് സരിന് ഗുണകരമല്ലെന്നും കെ. സുധാകരൻ.
പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ പാർട്ടിയും ജനങ്ങളും തീരുമാനിച്ചതെണെന്ന് ഷാഫി പറമ്പിൽ എംപി. സിരകളിൽ കോൺഗ്രസിന്റെ രക്തമോടുന്ന എല്ലാവരും പാർട്ടിയുടെ വിജയത്തിന് വേണ്ടി കൂടെയുണ്ടാകണം. രാഹുൽ മാങ്കൂട്ടം ആരുടേയും വ്യക്തിഗത സ്ഥാനാർത്ഥിയല്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
കോൺഗ്രസ് സ്ഥാനാർഥി ചർച്ച പ്രഹസനമായിരുന്നെന്നും നല്ല തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും സരിൻ ഇന്ന് പ്രതികരിച്ചിരുന്നു.
ജയിലില്‍ കിടക്കുന്നത് മാത്രമല്ല ത്യാഗം. പാര്‍ടിയില്‍ സുതാര്യത വേണം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചതായും സരിന്‍ പറഞ്ഞിരുന്നു . രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം സ്ഥാനാര്‍ഥിയാകാന്‍ സജീവമായി പരിഗണിച്ചിരുന്ന കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായ ഡോ. പി സരിന്‍ വിയോജിപ്പുമായി രംഗത്തെത്തിയതോടെ നേതൃത്വം പ്രതിസന്ധിയിലായി. പ്രതിപക്ഷ നേതാവ് അടക്കം തന്നെ അവഗണിച്ചെന്നാണ് സരിന്റെ ആക്ഷേപം.
Leave a Reply