കെഎസ്ആർടിസി എൽഎസ് ബസ്സുകൾ ചാലക്കുടി സൗത്ത് ജംഗ്ഷൻ വഴി പോകുവാൻ തീരുമാനമായി

രവിമേലൂർ

ചാലക്കുടി: യാത്രക്കാരുടെ ദീർഘ നാളത്തെ ആവശ്യത്തിന് പരിഹാരം, കെഎസ്ആർടിസി എൽഎസ് 2, കാറ്റഗറി ബസ്സുകൾ ചാലക്കുടി സൗത്ത് ജംഗ്ഷൻ വഴി ആളെ ഇറക്കി പോകുവാൻ തീരുമാനമായി.

ചാലക്കുടി വഴി കടന്നുപോകുന്ന ദീർഘദൂര കെ എസ് ആർ ടി സി സർവ്വീസ് ബസ്സുകളിൽ ചാലക്കുടി ബസ്സ്റ്റാൻഡിൽ പ്രവേശിക്കാത്ത എൽ എസ് 2 കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ബസ്സുകൾ നിർബന്ധായതും ചാലക്കുടി മേൽപ്പാലത്തിന് താഴെ വന്ന് യാത്രക്കാരെ ഇറക്കി സർവ്വീസ് റോഡിലൂടെ തിരികെ ദേശീയപാതയിൽ പ്രവേശിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായതായി സനീഷ്‌കുമാർ ജോസഫ് എം എൽ എ അറിയിച്ചു.

ചാലക്കുടി കെ എസ് ആർ ടി സി ഡിപ്പോയുമായി ബന്ധപ്പെട്ടു മന്ത്രിയുടെ ചേമ്പറിൽ ഇന്ന് വിളിച്ച് ചേർന്ന യോഗത്തിലാണ് എം എൽ എ ഇക്കാര്യം ഉന്നയിച്ചത്.പരിഷ്കരിച്ച നിർദേശങ്ങൾ ഇന്ന് തന്നെ ബന്ധപ്പെട്ട ഡിപ്പോകൾക്ക് നൽകുവാൻ കെ എസ് ആർ ടി സി ഉദ്യാഗസ്ഥർക്ക് നിർദേശം നൽകി.

ചാലക്കുടി കെ എസ് ആർ ടി സി ബസ്സ്റ്റാൻഡ് നിർമ്മാണവുമായി ബന്ധപ്പെട്ടു പൊതുമരാമത്ത് കെട്ടിടനിർമ്മാണ വിഭാഗത്തിന് എൻ ഒ സി നല്കുവാനും യോഗം നിർദേശിച്ചു.

കെ എസ് ആർ ടി സി മാനേജിങ്ങ് ഡയറക്ടർ പ്രമോജ് ശങ്കർ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ഷറഫ് മുഹമ്മദ്, ജി പി പ്രദീപ്കുമാർ
സിവിൽ എഞ്ചിനിയർ ലേഖ ഗോപാലൻ , ചാലക്കുടി എ ടി ഒ സുനിൽ കെ ജെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.