എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് വ്യവസായ സംരംഭകന്‍ പ്രശാന്ത്

കണ്ണൂര്‍: ജീവനൊടുക്കിയ കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ തന്റെ കൈയ്യില്‍ നിന്ന് ഒരുലക്ഷം രൂപയോളം കൈക്കൂലി വാങ്ങിയെന്ന് വ്യവസായ സംരംഭകന്‍ പ്രശാന്ത്. സിപിഎം നേതാവും എകെജി സെന്റര്‍ ഓഫിസ് സെക്രട്ടറിയുമായ ബിജു കണ്ട കൈയുടെ പിതൃസഹോദരന്റെ മകനും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗം പിവി ഗോപിനാഥിന്റെ ബന്ധുവുമാണ് പ്രശാന്ത്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് തന്റെ കൈവശമുണ്ടെന്ന് പ്രശാന്ത് പറഞ്ഞു.

എന്‍ഒസി നല്‍കുന്നതിനായി ഒരു ലക്ഷം രൂപയാണ് നവീന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് പലയിടത്തുനിന്നായി സംഘടിപ്പിച്ച് പണം നല്‍കുകയായിരുന്നെന്ന് പ്രശാന്ത് പറഞ്ഞു. പണം തന്നില്ലെങ്കില്‍ പമ്പിന് അനുമതി ലഭിക്കാത്ത തരത്തില്‍ ആക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സംരംഭകന്‍ പറഞ്ഞു. ക്വാട്ടേഴ്സില്‍ വെച്ചാണ് പണം നല്‍കിയത്. ഇക്കാര്യം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയോട് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും പ്രശാന്ത് പറഞ്ഞു.

പെട്രോള്‍ പമ്പിന് അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ആറ് മാസം തുടര്‍ച്ചയായി കലക്ട്രേറ്റില്‍ കയറി ഇറങ്ങുകയായിരുന്നു. ഒബിസി സംവരണത്തിലാണ് എനിക്ക് പെട്രോള്‍ പമ്പ് ലഭിച്ചത്. രേഖകളെല്ലാം ക്ലിയര്‍ ആയിരുന്നു. ആഴ്ചയില്‍ രണ്ട് ദിവസം വെച്ച് എഡിഎമ്മിനെ കാണാന്‍ പോകുമായിരുന്നു. ഫയല്‍ പഠിക്കട്ടെയെന്നായിരുന്നു നിരന്തരം മറുപടി നല്‍കിയത്. മൂന്ന് മാസം കഴിഞ്ഞപ്പോള്‍, സാറിന് തരാന്‍ പറ്റില്ലെങ്കില്‍ പറ്റില്ലായെന്ന് പറഞ്ഞോളൂ, ബാക്കി വഴി ഞാന്‍ നോക്കിക്കോളാമെന്ന് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ എഡിഎമ്മുമായി സംസാരിച്ച് തീരുമാനം ആക്കിത്തരണമെന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു.

ഒക്ടോബര്‍ അഞ്ചാം തിയ്യതി വൈകുന്നേരം എഡിഎമ്മിനെ കാണാന്‍ പോയി. ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടപ്പോള്‍ കൊടുത്തു. വിളിക്കാം എന്ന് പറഞ്ഞു. ഞായറാഴ്ച്ച രാവിലെ 11 മണിക്ക് എന്നെ വിളിച്ചു. കണ്ണൂരിലേക്ക് വരാന്‍ പറഞ്ഞു. എവിടെയാണെന്ന് ചോദിച്ചപ്പോള്‍ കൃഷ്ണമേനോന്‍ കോളജിന്റെ അടുത്തെത്തി വിളിച്ചാല്‍ മതിയെന്ന് പറഞ്ഞു. അവിടെയെത്തി വിളിച്ചപ്പോള്‍ ക്വാട്ടേഴ്സിലേക്ക് പോകാമെന്ന് പറഞ്ഞു. ക്വാട്ടേഴ്‌സില്‍ എത്തിയപ്പോള്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ഒരു തരത്തിലും എന്‍ഒസി ലഭിക്കില്ലെന്ന് പറഞ്ഞു. കിട്ടാത്ത രീതിയില്‍ ആക്കിയിട്ടേ ഇവിടുന്ന് പോകൂവെന്ന് ഭീഷണിപ്പെടുത്തി. അങ്ങനെ പണം സംഘടിപ്പിച്ചു കൊടുത്തുവെന്ന് പ്രശാന്ത് പറഞ്ഞു.

Leave a Reply

Your email address will not be published.