തിരുവനന്തപുരം: വിവാദമായ അഭിമുഖത്തിലെ പരാമർശങ്ങളുമായി ബന്ധപ്പെട്ട ഗവർണറുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
തന്നെ വ്യക്തിപരമായി ലക്ഷ്യം വെച്ചുകൊണ്ടുള്ള പരാമർശങ്ങളില്‍ ശക്തമായ വിയോജിപ്പുണ്ടെന്നും സർക്കാരിനൊന്നും മറയ്ക്കാനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്ക് പിന്നില്‍ എന്തൊക്കെയോ ഒളിഞ്ഞിരിക്കുന്നതായി അനുമാനിക്കാൻ താൻ നിർബന്ധിതനായിരിക്കുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സ്വർണ്ണക്കടത്തിൽ താൻ പറയാത്ത വ്യാഖ്യാനങ്ങൾ ഗവർണർ നൽകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
താൻ പറഞ്ഞത് കള്ളക്കടത്ത് രാജ്യവിരുദ്ധമാണെന്നാണ്. സ്വർണ്ണകടത്ത് തടയേണ്ടത് കേന്ദ്ര സർക്കാരിന് കീഴിലുള്ള കസ്റ്റംസാണ്. സംസ്ഥാനത്ത് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി പറഞ്ഞിട്ടില്ലെന്നും തനിക്കെതിരെ ഗവർണർ മനപ്പൂർവമായ അധിക്ഷേപം നടത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കസ്റ്റംസ് കണ്ടെത്താത്ത സ്വർണ്ണ ക്കടത്ത് പിടികൂടുന്നത് പൊലീസിന്റെ കാര്യക്ഷമതയെന്നും മുഖ്യമന്ത്രി നൽകിയ കത്തിൽ വ്യക്തമാക്കി.
ഒരു ഇടവേളയ്ക്ക് ശേഷമാണ് ഗവർണർ-മുഖ്യമന്ത്രി പോര് സജീവമാകുന്നത്. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനമാണ് ഗവർണർ നേരത്തെ ഉന്നയിച്ചത്. മുഖ്യമന്ത്രി രാജ്‌ഭവനിലേക്ക് വരാൻ തയാറാകുന്നില്ലെന്നും മറ്റുള്ളവരെ വരാൻ അനുവദിക്കില്ലെന്നും ഗവർണർ പറഞ്ഞു. ഇതിന് പിന്നിലെ കാരണമായി ഗവർണർ ചൂണ്ടിക്കാണിക്കുന്നത് മുഖ്യമന്ത്രിക്ക് എന്തൊ ഒളിക്കാനുണ്ടെന്നാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ സ്വർണക്കടത്തുകേസ് ഉദാഹരിച്ചായിരുന്നു ഗവർണറുടെ പരാമർശങ്ങള്‍..
സ്വർണക്കടത്തും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമെല്ലാം ഒരു സാധാരണ ക്രമസമാധാന പ്രശ്നമല്ലെന്നും അതിനാലാണ് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടതെന്നും ഗവർണർ പറയുന്നു. കാര്യമായി എന്തോ ഒളിക്കാനുള്ളതുകൊണ്ടാണ് ഇരുവരേയും രാജ്‌ഭവനിലേക്ക് വിടാൻ മുഖ്യമന്ത്രി തയാറാകാത്തതുമെന്നായിരുന്നു ഗവർണറുടെ അവകാശവാദം.
Leave a Reply