തിരൂർ: കേരള പോലീസിന്റെ സംഘപരിവാർ വിധേയത്വം കൂടുതൽ വ്യക്തമാകുന്ന സമകാലിക സാഹചര്യത്തിൽ പോലീസ് സേനയിലെ മുസ്ലിം വിരുദ്ധർക്കെതിരെ നടപടി സ്വീകരിക്കാൻ കേരള സർക്കാർ തയ്യാറകണമെന്ന് ഐ എസ് എം സംസ്ഥാന ലീഡേർസ് കോൺഫറൻസ് ആവശ്യപ്പെട്ടു.
ആഭ്യന്തര വകുപ്പിനെ നാഗ്പൂരിൽ നിന്ന് നിയന്ത്രിക്കുന്ന സ്ഥിതി മതേതര കേരളത്തിന് അപമാനമാണ്. കേരള പോലീസിന്റെ നിഷ്പക്ഷത സംബന്ധിച്ച് ഒരു സോഷ്യൽ ഓഡിറ്റ് നടത്താൻ സർക്കാർ തയ്യാറവണം. പൗരന്മാരുടെ ജീവനും സ്വത്തും അഭിമാനവും സംരക്ഷിക്കാൻ ബാധ്യതപ്പെട്ട പോലീസ് സേനാംഗങ്ങൾ തന്നെ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നുവെന്നത് സർക്കാറിന് നേതൃത്വം നൽകുന്ന ഇടതുപക്ഷത്തിന്റെ പരാജയമാണ്.
കേരളത്തിൽ പോലീസ് സേനയുടെ തലപ്പത്തിരുന്നവരിൽ മിക്ക ആളുകളും ബി ജെ പിയിലെത്തുന്നത് ആസൂത്രിതമാണോ എന്ന് പരിശോധിക്കണം. നിലവിൽ പോലീസ് സേനയിൽ തലപ്പത്തിരിക്കുന്നവരുടെ രാഷ്ട്രീയ ഇടപെടലുകളെ സർക്കാർ ഗൗരവത്തോടെ കാണണം. ഇടതുപാർട്ടികൾ ഏതെങ്കിലും തരത്തിൽ സംഘപരിവാറുമായി രഹസ്യബന്ധം സൂക്ഷിക്കുന്നത് മതേതര കേരളത്തോട് ചെയ്യുന്ന വഞ്ചനയാണ്. ന്യൂനപക്ഷ പ്രീണനമെന്ന സംഘപരിവാർ പ്രചരണത്തിൽ ഇടത് സർക്കാറും വീണുപോയിട്ടുണ്ട് എന്നത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് വെളിവാക്കുന്നത്. ഇടതുപാർട്ടികൾ തങ്ങളുടെ രാഷ്ട്രീയ പ്രസക്തി തിരിച്ചറിയണമെന്നും കേരള സർക്കാറിനെ സംഘപരിവാർ മുക്തമാക്കണമെന്നും ഐ എസ് എം ലീഡേർസ് കോൺഫറൻസ് അഭിപ്രായപ്പെട്ടു.
കെ എൻ എം മർകസുദ്ദഅവ സംസ്ഥാന ട്രഷറർ എം അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന പ്രസിഡൻ്റ് സഹൽ മുട്ടിൽ അധ്യക്ഷത വഹിച്ചു.
വിവിധ സെഷനുകളിൽ എൻ എം അബ്ദുൽ ജലീൽ ,ഡോ അൻവർ സാദത്ത്,ഡോ ഇസ്മായിൽ കരിയാട്, ഡോ മുബഷിർ പാലത്ത്,ശരീഫ് തിരൂർ, വാരിഷ് ഐ മാക്സ്,ഗഫൂർ തിക്കോടി, ശരീഫ് കോട്ടക്കൽ, അയ്യൂബ് എടവനക്കാട്, ഡോ റജൂൽ ഷാനിഷ്, ഫാസിൽ ആലുക്കൽ, ഷാനവാസ് ചാലിയം, മിറാഷ് അരക്കിണർ എന്നിവർ സംസാരിച്ചു.
Leave a Reply