രവി മേലൂർ
കാലടി: അങ്കമാലി അർബൻ സഹകരണ ബാങ്കിൽ നടന്ന സംഘടിത തട്ടിപ്പിനെതിരെ സിപിഐ അങ്കമാലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരപ്രചരണ കാൽനടജാഥ നടത്തി.രാവിലെ നീലേശ്വരത്തു നിന്നും ആരംഭിച്ച ജാഥ വൈകിട്ട് അങ്കമാലിയിൽ സമാപിച്ചു.
അങ്കമാലി അർബൻ ബാങ്കിൽ നടന്നത് ബാങ്ക് കുംഭകോണമാണെന്നും,ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഒന്നിച്ച് നടത്തിയ ഈ കുംഭകോണത്തിന് കൂട്ടുനിന്ന മുഴുവൻ ആളുകളെയും അറസ്റ്റ് ചെയ്ത് അവരുടെ സ്വത്തുകൾ കണ്ടുകെട്ടി നിക്ഷേപകർക്ക് നൽകണമെന്നും ജാഥ ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറിയും മുൻ എംഎൽഎയും ആയ എൽദോ എബ്രഹാം പറഞ്ഞു.
സിപിഐ അങ്കമാലി മണ്ഡലം സെക്രട്ടറി എം മുകേഷ് അധ്യക്ഷത വഹിച്ചു.സംസ്ഥാന കൗൺസിലംഗംശാരദ മോഹനൻ, ജില്ല എക്സിക്യൂട്ടീവംഗം എം.എം ജോർജ് , മണ്ഡലം അസി.സെക്റട്ടറി എം.എസ് ചന്ദ്രബോസ്,ലോക്കൽ സെക്രട്ടറി ജോസഫ് ചിറയത്ത് എന്നിവർ സംസാരിച്ചു.നീലീശ്വരത്തു നിന്നും ആരംഭിച്ച ജാഥ വിവിധ കേന്ദ്രങ്ങളിൽ വിശദീകരണ യോഗങ്ങൾ നടത്തി.
ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കാലടി പോലീസ് സ്റ്റേഷനിൽ 65 പരാതികളും അങ്കമാലി പോലീസ് സ്റ്റേഷനിൽ 85 പരാതികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.കേസ് അന്വേഷിച്ച അങ്കമാലി പോലീസ് ബാങ്കിലെ അക്കൗണ്ടൻറ് ആയിരുന്ന ഷിജുവിനെ മാത്രമാണ് അറസ്റ്റ് ചെയ്തത്.തുടർന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തപ്പോഴും ഷിജുവിനെ അറസ്റ്റ് ചെയ്തിരുന്നു.വിവിധ തലങ്ങളിൽ നടന്ന അന്വേഷണ റിപ്പോർട്ട് പ്രകാരം 120 കോടി രൂപയുടെ വായ്പയിൽ 96 കോടി രൂപയുടെ വായ്പയും വ്യാജ വായ്പകളാണെന്ന് തെളിഞ്ഞിട്ടുണ്ട്. ജീവനക്കാരും,ഭരണസമിതി അംഗങ്ങളും ഉൾപ്പെടെ ഇരുപതോളം പേർക്ക് എതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെങ്കിലും ഷിജുവിനെ അറസ്റ്റ് ചെയ്തത് അല്ലാതെ മറ്റാരെയും അറസ്റ്റ് ചെയ്യുകയോ മറ്റു നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടില്ല.20 വർഷം പഴക്കമുള്ള ബാങ്കിൽ 8000 നിക്ഷേപകർ ആണുള്ളത്.
കോൺഗ്രസ് നേതാവും ബാങ്കിന്റെ പ്രസിഡന്റുമായിരുന്ന പി.ടി പോൾ മരിച്ചതോടെയാണ് കോടികളുടെ തട്ടിപ്പ് വിവരങ്ങൾ പുറത്തുവരുന്നത്.പി.ടി. പോളിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണസമിതി തെരഞ്ഞെടുപ്പില്ലാതെയാണ് വർഷങ്ങൾ തുടരുന്നത്. പ്രാദേശിക കോൺഗ്രസ് നേതാക്കളായ ഭരണസമിതി അംഗങ്ങളുടെ കൈയ്യിൽ പല ആവശ്യങ്ങൾക്കായി നാട്ടുകാർ നൽകിയ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വ്യാജരേഖയുണ്ടാക്കിയും തട്ടിപ്പ് നടത്തിയിട്ടുണ്ട്.പലർക്കും ബാങ്കിൽ നിന്ന് നോട്ടീസ് വന്നപ്പോഴാണ് തങ്ങളുടെ പേരിൽ ഇവിടെ ലോൺ ഉണ്ടെന്നു പോലും അറിയുന്നത്.ഇങ്ങനെ തട്ടിയെടുത്ത തുക കൊണ്ടാണ് ഭരണസമിതി അംഗങ്ങളും ഇവരുമായി ബന്ധപ്പെട്ടവരും എടുത്ത വായ്പ, തിരിച്ചടച്ചതും പുതുക്കി വെച്ചതുമെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പി ടി പോളിനെ ഉപയോഗിച്ച് ലോൺ എടുത്ത പ്രാദേശിക കോൺഗ്രസ് നേതാക്കളായ ഭരണസമിതി അംഗങ്ങൾ പലരും പി ടി പോളിന്റെ മരണത്തോടെ ആ പേരിൽ രക്ഷപെടാൻ ശ്രമിക്കുകയാണ്. പൂർണ്ണമായും ഭരണ സമിതി അംഗങ്ങളുടെയും,ജീവനക്കാരുടെയും ഒത്താശ ഉണ്ടെങ്കിൽ മാത്രമേ ഇത്തരത്തിൽ വലിയൊരു തട്ടിപ്പ് നടത്താൻ കഴിയൂ എന്നും മുഴുവൻ കുറ്റക്കാരെയും അറസ്റ്റ് ചെയ്യണമെന്നും ഇവരുടെ സ്വത്തുക്കൾ കണ്ടു കെട്ടി നിക്ഷേപകരുടെ പണം തിരികെ നൽകണമെന്നും സിപിഐ നേതാക്കൾ പറഞ്ഞു.
അങ്കമാലി മണ്ഡലം സെക്രട്ടറിയേറ്റംഗങളായ, എം.എം പരമേശ്വരൻ, സി.കെ. ബിജു, റ്റി.ഡി. വിശ്വനാഥൻ,സീലിയ വിന്നി, ലോക്കൽ സെക്രട്ടറിമാരായ ഒ ജി. കിഷോർ,റീന ഷോജി, ഗോപകുമാർ കാരിക്കോത്ത് ,.കെ.. പി പോളച്ചൻ ,വേണു.കെ.കെ. വി.എസ്. ജയൻ,പി.എസ് ആഗസ്തി എന്നിവർ നേതൃത്വം നൽകി.മുൻ എംഎൽഎ എൽദോ എബ്രഹാം,സമരസമിതി പ്രസിഡന്റ് പി എ തോമസ് എന്നിവർ ചേർന്ന് 70 വയസ്സുകാരി അമ്മിണി അമ്മയ്ക്ക് പതാക കൈമാറി ജാഥ ഫ്ലാഗ് ഓഫ് ചെയ്തു.
Leave a Reply