ശബരിമല തീർഥാടനം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി ഇന്‍റലിജൻസ് റിപ്പോർ‌ട്ട്

സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിവിധ
സംഘടനകൾ രംഗത്ത്

പത്തനംതിട്ട: ശബരിമല തീർഥാടനം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി ഇന്‍റലിജൻസ് റിപ്പോർ‌ട്ട്. സ്‌പോട്ട് ബുക്കിങ് വിവാദത്തില്‍ ശബരിമല വീണ്ടും സംഘര്‍ഷ ഭൂമിയായേക്കുമെന്ന് റിപ്പോർട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. ശബരിമല ഒരു രാഷ്ട്രീയ ആയുധമാക്കാൻ വിവിധ സംഘടനകള്‍ ലക്ഷ്യമിടുന്നുവെന്നും ഇത് സർക്കാരിന് തിരിച്ചടിയാകുമെന്നും ഇന്‍റലിജൻസ് ചൂണ്ടിക്കാണിക്കുന്നു.

ശബരിമല സ്ത്രീപ്രവേശന വിധിയെ തുടര്‍ന്ന് ഉടലെടുത്തത് പോലൊരു പ്രതിസന്ധി സ്‌പോട് ബുക്കിങ് വിവാദത്തിലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാണിച്ചാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. ശബരിമലയില്‍ സ്ത്രീ പ്രവേശന വിധിയെ തുടര്‍ന്ന് ഉടലെടുത്ത പ്രതിഷേധം സംഘപരിവാര്‍ സംഘടനകള്‍ ഏറ്റെടുത്തതോടെ പലതവണ സന്നിധാനമുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രതിഷേധമുണ്ടായിരുന്നു. 

ശബരിമല സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സിപിഎം പത്തനംതിട്ട ജില്ല കമ്മിറ്റി,ബിജെപി, ഹൈന്ദവ സംഘടനകൾ എന്നിവർ ഇതിനോടകം മുൻപോട്ടു വന്നിട്ടുണ്ട്.

വിഷയത്തിൽ ചർച്ച ചെയ്യാൻ ഹൈന്ദവ സംഘടനകളുടെ സംയുക്ത യോഗം 26ന് പന്തളത്ത് ചേരും. സ്പോട്ട് ബുക്കിങ് നിർത്തിയ തീരുമാനം പിൻവലിക്കണമെന്ന് പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റി ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി ഉള്‍പ്പെടെ അവസരം വീണ്ടും മുതലെടുക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

ശബരിമല ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ മാത്രമാക്കാനുള്ള തീരുമാനത്തിനെതിരെ ബിജെപി നേരത്തെ തന്നെ രംഗത്തുവന്നിരുന്നു. ബുക്കിങ് ഇല്ലാതെ തന്നെ പ്രവേശിക്കുമെന്നും തടഞ്ഞാല്‍ ശബരിമലയില്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നും കെ. സുരേന്ദ്രന്‍ വ്യക്തമാക്കി. സ്‌പോട്ട് ബുക്കിംഗ് വഴി ദര്‍ശനം നടത്താന്‍ സര്‍ക്കാര്‍ അനുവദിച്ചില്ലെങ്കില്‍ തീര്‍ത്ഥാടകര്‍ക്കൊപ്പം തങ്ങളുണ്ടാകുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published.