കോഴിക്കോട്: കേരളത്തിലെ ഫുള്‍ എ പ്ലസുകള്‍ പൊള്ളത്തരമാണെന്ന് ശാസ്ത്രജ്ഞനും ഇന്ത്യന്‍ നാഷണല്‍ അക്കാഡമി ഫെലോയുമായ പ്രൊഫ. കാനാ സുരേശന്‍. എസന്‍സ് ഗ്ലോബല്‍ കോഴിക്കോട് സ്വപ്‌ന നഗരിയിലെ കലിക്കറ്റ് ട്രേഡ് സെന്ററില്‍ നടത്തിയ ലിറ്റ്മസ്24 സ്വതന്ത്രചിന്താ സമ്മേളനത്തില്‍ പ്രസന്റേഷന്‍ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
2005ലെ ഗ്രേഡിങിനു ശേഷം ഇന്ത്യയിലെ പ്രമുഖ യൂനിവേഴ്‌സിറ്റികളില്‍ കേരള വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിരുന്നു.
90 ശതമാനത്തിലേറെയായിരുന്നു അന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് അവസരം കിട്ടിയിരുന്നത്. ഇതില്‍ സംശയം തോന്നിയ യൂനിവേഴ്‌സിറ്റികള്‍ എന്‍ട്രന്‍സ് സിസ്റ്റം നടപ്പിലാക്കിയതോടെ 120 അഡമിഷനില്‍ കേരളത്തില്‍ ഒരു കൂട്ടിയായി ചുരുങ്ങിയ സാഹചര്യമുണ്ടായി. ഇത് കേരളത്തിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ലഭിക്കുന്ന ഫുള്‍ എ പ്ലസ് പൊള്ളത്തരമാണെന്നതിനുള്ള തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ലോക ജനതയുടെ ഐക്യു, ബ്ലഡ് പ്രഷര്‍, ബിഎംഐ, ഉയരം, ഒരു പരീക്ഷയില്‍ കുട്ടികളുടെ മാര്‍ക്കിന്റെ വിതരണം എന്നീ ഡാറ്റകള്‍ വച്ചാണ് അദ്ദേഹം ഇതു വിശദീകരിച്ചത്.
ശരിയായ പരീക്ഷ നടക്കുകയാണെങ്കില്‍ ഒരു പരീക്ഷയില്‍ എ പ്ലസ് ലഭിക്കുന്ന കുട്ടികളുടെ എണ്ണം ഒന്നു മുതല്‍ അഞ്ചു ശതമാനം വരെ ആകാനെ പാടുള്ളൂ. കേരളത്തില്‍ എകദേശം ഫുള്‍ എ പ്ലസ് ലഭിക്കുന്നത് 17ശതമാനം കുട്ടികള്‍ക്കാണ്. ആറു കുട്ടികളില്‍ ഒരാള്‍ക്ക് എന്ന നിലയില്‍. ഇതു സ്വാഭാവികമല്ലെന്നും ഊതി വീര്‍പ്പിച്ചതാണെന്നും ഡാറ്റ സഹിതം അദ്ദേഹം വിശദീകരിച്ചു.
പത്താം തരത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ സിബിഎസ്സി ഐസിഎസ്സി സിലബസുകളില്‍ 99ശതമാനം മാര്‍ക്ക് ലഭിക്കുന്നത് വളരെ ചുരുക്കം പേര്‍ക്കു മാത്രമാണ്. ഇവിടെയിത് 70,000ല്‍ അധികമാണ്. പ്ലസ് ടുവിലും സ്ഥിതി വ്യത്യസ്തമല്ല. 31,000ല്‍ പരം ഫുള്‍ എ പ്ലസാണ് ഈ വര്‍ഷം നല്‍കിയത്.
ഈ നിലവാര തകര്‍ച്ച കൊണ്ടു തന്നെ കേരളത്തിലെ സര്‍വകലാശാലകളിലെ ഡിഗ്രി കോഴ്‌സുകളില്‍ വിദ്യാര്‍ഥികള്‍ ചേരുന്നില്ല. സകല തലങ്ങളിലും കേരളത്തിലെ വിദ്യഭ്യാസത്തിന്റെ നിലവാരം കുറഞ്ഞു വന്നിട്ടുണ്ട്. പ്രസ്തുത സ്ഥിതി മാറണം. ഈ സ്ഥിതിയുണ്ടാക്കിയത് ഇവിടുത്തെ സര്‍ക്കാരുകളല്ല. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും സമൂഹവും ചേര്‍ന്നിരിക്കുന്ന സിസ്റ്റമാണ് ഈ അവസ്ഥയുണ്ടാക്കിയത്. കേരളത്തിലെ വിദ്യഭ്യാസ മേഖല സംരക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Leave a Reply