മെഡിസെപില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തണം


മലപ്പുറം: ട്രഷറിയില്‍ നിന്നും പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകരെ സര്‍ക്കാരിന്‍റെ മെഡിസെപ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ആശ്രിത പെന്‍ഷന്‍ ചട്ടപ്രകാരമുള്ള പകുതി പെന്‍ഷനാക്കി വര്‍ദ്ധിപ്പിക്കണമെന്നും സീനിയര്‍ ജര്‍ണ്ണലിസ്റ്റ്സ് ഫോറം കേരള ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് വീക്ഷണം മുഹമ്മദ് ആദ്ധ്യക്ഷ്യം വഹിച്ച യോഗം കെ യു ഡബ്ലിയു ജെ നിയുക്ത സംസ്ഥാന സെക്രട്ടറി സുരേഷ് എടപ്പാള്‍ ഉദ്ഘാടനം ചെയ്തു. പത്രപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ ഇരു സംഘടനകളേയും ഒരുമിപ്പിച്ചു കൊണ്ടുപോകാന്‍ സംവിധാനമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്സ്ഥാന ജന. സെക്രട്ടറി കെ പി വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

സുരേഷ് എടപ്പാളിനും മലപ്പുറം പ്രസ്ക്ലബ്ബ് പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ട മഹേഷ്കുമാറിനും, സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വി പി നിസാറിനും യോഗത്തില്‍ സ്വീകരണം നല്‍കി. സംസ്ഥാന കമ്മിറ്റി അംഗം പി ബാലകൃഷ്ണന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. എസ് ജെ എഫ് കെ സംസ്ഥാന വൈസ് പ്രസിഡന്‍റ് എം ബാലഗോപാല്‍, ട്രഷറര്‍ സി അബ്ദുറഹിമാന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ജന. സെക്രട്ടറി എന്‍ വി മുഹമ്മദ് അലി പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ സി എം അലി വരവുചെലവു കണക്കും അവതരിപ്പിച്ചു. ചര്‍ച്ചയില്‍ ഇ കുഞ്ഞിമുഹമ്മദ്, സലീം ഐദിദ് തങ്ങള്‍, കെ അബ്ദുള്ള, ഇബ്രാഹിം കോട്ടയ്ക്കല്‍, സിദ്ദീഖ് പെരിന്തല്‍മണ്ണ, കെ പി ഒ റഹ്മത്തുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.


ജില്ലാ ഭാരവാഹികളായി വീക്ഷണം മുഹമ്മദ് (പ്രസിഡന്‍റ്), സലീം ഐദിദ് തങ്ങള്‍ (വൈസ് പ്രസിഡന്‍റ്), എന്‍ വി മുഹമ്മദ് അലി (സെക്രട്ടറി), സി മുഹമ്മദ് അലി (ട്രഷറര്‍), പി ബാലകൃഷ്ണന്‍( സംസ്ഥാനകമ്മിറ്റി അംഗം എന്നിവരെ വീണ്ടും തെരഞ്ഞടുത്തു. കെ പി ഒ റഹ്മത്തുള്ളയാണ് പുതിയ ജോ. സെക്രട്ടറി.

Leave a Reply

Your email address will not be published.