രവിമേലൂർ
ചാലക്കുടി: കൊരട്ടി,ചിറങ്ങര, മുരിങ്ങൂർ -പേരാമ്പ്ര അടിപ്പാതനിർമാണം ഉടൻ പൂർത്തീകരിക്കണമെന്ന് എംഎൽഎ സനീഷ് കുമാർ ജോസഫ്. ചാലക്കുടി നിയോജകമണ്ഡലത്തില്‍ ദേശീയപാത 544 ൽ ചിറങ്ങര, കൊരട്ടി , മുരിങ്ങൂർ, പേരാമ്പ്ര എന്നിവിടങ്ങളിൽ അടിപ്പാത നിർമ്മാണത്തിന്റെ ഭാഗമായി ഡ്രൈനേജ് നിർമ്മാണം ഉൾപ്പടെയുള്ള പ്രവൃത്തികൾ ആരംഭിച്ചിരിയ്ക്കുന്നതിനാല്‍ ഈ പ്രദേശങ്ങളിലെ സർവ്വീസ് റോഡുകളിൽ ഗതാഗതം പൂർണമായി നിരോധിച്ചിരിയ്ക്കുകയാണ്. അതിനാല്‍ ഇവിടെ ഗതാഗത കുരുക്ക് രൂക്ഷമാണെന്നും അദ്ദേഹം.
ചിറങ്ങര റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നു നൽകുകയാണെങ്കിൽ പ്രദേശത്തെ ഗതാതകുരുക്കിന് വലിയൊരു പരിഹാരമാകുമെന്നും അദ്ദേഹം.
നിലവിലെ ഗതാഗത കുരുക്കിന് പുറമെ തിരുന്നാളിനായി എത്തിച്ചേരുന്ന യാത്രക്കാരുടെ വാഹനങ്ങളും കൂടിയാകുമ്പോള്‍ ദേശീയപാതയിലെ ഗതാഗതം സ്തംഭിക്കുന്നതിന് സാധ്യതയുണ്ട്. അതിനാൽ, ചിറങ്ങര റെയില്‍വേ മേൽപ്പാലം നിർമ്മാണവും, സർവ്വീസ് റോഡുകളിൽ ആരംഭിച്ചിരിയ്ക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളും എത്രയും വേഗം പൂർത്തീകരിച്ച് ഗതാഗതം പുനഃസ്ഥാപിയ്ക്കുന്നതിനും ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനുമുള്ള അടിയന്തിര ഇടപെടലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply