തൃശൂർ: അഴീക്കോട് ഫിഷ് ലാൻ്റിങ്ങ് സെൻ്ററിൽ നിന്നും വെള്ളിയാഴ്ച പുലർച്ചെ മത്സ്യബന്ധനത്തിന് പോയി കടലില്‍ കുടുങ്ങിയ 40 മത്സ്യതൊഴിലാളികളെ കരയിലെത്തിച്ചു.
പ്രൊപ്പല്ലറിൽ വല ചുറ്റി എഞ്ചിന്‍ നിലച്ചതിനെ തുടർന്നാണ് ബോട്ട് കടലിൽ കുടുങ്ങിയത്. ഉച്ചയ്ക്ക് 12.40 മണിയോടുകൂടി വള്ളവും തൊഴിലാളികളും കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിക്കുകയായിരുന്നു. തുടർന്ന്ഫിഷറീസ് വകുപ്പിന്റെ മറൈൻ എൻഫോഴ്സ്മെന്റ് റെസ്ക്യൂ സംഘത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി ബോട്ട് കരക്കെത്തിച്ചു.
കൈപ്പമംഗലം സ്വദേശികളായ 40 മത്സ്യ തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്.
തൃശൂർ ചാമക്കാല സ്വദേശി ഏറനാം പുരയ്ക്കൽ പുഷ്പനാഥിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്.
ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടര്‍ എം.എഫ് പോൾ, മറൈൻ എൻഫോഴ്സ്മെന്റ് ആൻ്റ് വിജിലൻസ് വിങ് ഓഫീസർമാരായ വി.എൻ പ്രശാന്ത്കുമാർ, ഇ.ആർ ഷിനിൽകുമാർ, വി.എം ഷൈബു, റസ്‌ക്യു ഗാര്‍ഡ്മാരായ പ്രമോദ്, റെഫീക്ക്, ബോട്ട് സ്രാങ്ക് ദേവസ്സി മുനമ്പം, എഞ്ചിൻ ഡ്രൈവർ റോക്കി എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
മത്സ്യ ബന്ധന യാനങ്ങൾ വാർഷിക അറ്റകുറ്റപണികൾ കൃത്യമായി നടത്താത്തത്തിനാലും, കാലപ്പഴക്കം ചെന്ന മത്സ്യ ബന്ധനയാനങ്ങൾ ഉപയോഗിച്ച് മത്സ്യ ബന്ധനത്തിന് പോകുന്നത് കൊണ്ടും കടലിൽ അപകടങ്ങൾ തുടർക്കഥയാകുകയാണ്.
Leave a Reply