ഒരു കൊച്ചു സ്വപ്നത്തിന്‍ ചിറകുമായി കളക്ടറെ കാണാന്‍ അവരെത്തി

പ്രായം തളര്‍ത്തിയ ഓര്‍മ്മയുടെ താളം തെറ്റിയവരും അനാരോഗ്യകരമായ ക്ഷീണമുള്ളവരും ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവരുമായ വയോജനങ്ങള്‍ ജില്ലാ കളക്ടറുമായി വിശേഷങ്ങള്‍ പങ്കുവെക്കാനെത്തി. ജില്ലയിലെ വിവിധ മേഖലയിലുള്ളവരുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നടത്തുന്ന ‘മുഖാമുഖം-മീറ്റ് യുവര്‍ കളക്ടര്‍’ പരിപാടിയില്‍ ഈ ആഴ്ച അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ ഭാഗമായി മുതിര്‍ന്ന പൗരന്‍മാരാണ് മുഖാമുഖത്തില്‍ പങ്കെടുക്കാനെത്തിയത്.

ജില്ലാ കളക്ടര്‍ സ്നേഹപൂര്‍വ്വം സ്വീകരിച്ചിരുത്തിയ വയോജനങ്ങളോട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. ഒരു കൊച്ചു സ്വപ്നത്തിന്‍ ചിറകുമായവിടുത്തെ…എന്ന ഗാനം കളക്ടറുടെ മുന്‍പില്‍ പാടിയപ്പോള്‍ 90 വയസ്സുകാരി റുഖിയ ഉമ്മ ഉറ്റവരും ഉടയവരും കൂടെയില്ല എന്ന സങ്കടം ഒരു നിമിഷത്തേക്കെങ്കിലും മറന്നു. മുത്തച്ഛന്‍മാരും മുത്തശ്ശിമാരും പ്രായം മറന്നുകൊണ്ട് മാപ്പിളപ്പാട്ടും കീര്‍ത്തനവും ഗസലും പാടിക്കൊണ്ട് ജില്ലാ കളക്ടറോട് വാചാലരായി. അവരുടെ സന്തോഷങ്ങളും സങ്കടങ്ങളും ജില്ലാ കളക്ടറുമായി പങ്കുവെച്ചു. അവര്‍ ആദ്യമായി വിമാന യാത്ര ചെയ്തതും ഗള്‍ഫ് കാണാന്‍ കഴിഞ്ഞതും വായിച്ച പുസ്തകങ്ങളെക്കുറിച്ചും തങ്ങളുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ജില്ലാ കളക്ടറോട് സംസാരിച്ചു.

വാര്‍ദ്ധക്യം അനാഥരാക്കിയ പലരും അഗതിമന്ദിരത്തിലാണ് കഴിയുന്നത് എന്ന് പറഞ്ഞപ്പോല്‍ ഒരു ദിവസം വയോജന അഗതിമന്ദിരത്തിലേക്ക് വരുന്നുണ്ടെന്നും ഒരിക്കല്‍ക്കൂടെ ഒരുമിച്ചിരിക്കാം എന്ന് കളക്ടര്‍ പറഞ്ഞപ്പോള്‍ എല്ലാവരുടെയും മുഖത്ത് സന്തോഷത്തിന്റെ പുഞ്ചിരി വിടര്‍ന്നു. തൃശ്ശൂര്‍ ശക്തന്‍ നഗറിലെ ആകാശ പാതയില്‍ കേറണമെന്നും സിനിമ കാണണമെന്നും വയോധികര്‍ ആഗ്രഹം പറഞ്ഞപ്പോള്‍ അതിനുള്ള സജ്ജീകരണവും ഒരുക്കിക്കൊടുത്താണ് ജില്ലാ കളക്ടര്‍ ഒരു മണിക്കൂറോളം നീണ്ട സംവാദം അവസാനിപ്പിച്ചത്. സാമൂഹ്യനീതി വകുപ്പ് ഓര്‍ഫണേജ് കൗണ്‍സിലര്‍ ദിവ്യ അഭീഷ്, കൊടുങ്ങല്ലൂര്‍, കൊന്നച്ചോട് മേത്തലയിലെ ‘ദയ’ അഗതി മന്ദിരത്തിന്റെ നടത്തിപ്പുകാരായ ജലീല്‍, നസീമ എന്നിവര്‍ക്കൊപ്പം 30 വയോജനങ്ങളാണ് കളക്ടറേറ്റിലെത്തിയത്.

Leave a Reply

Your email address will not be published.