ജൽ ജീവൻ മിഷൻ നടപ്പാക്കാൻ ഇടപെടും

ചാലക്കുടി:,ജൽ ജീവൻ മിഷൻ പദ്ധതി നിർവ്വഹണത്തിന് ആവശ്യമായ തുക കൈമാറി പദ്ധതിയുടെ സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നു പദ്ധതി അവലോകനയോഗത്തിൽ സനീഷ്‌കുമാർ ജോസഫ് എം എൽ എ അറിയിച്ചു.

ഒരു വർഷം മുൻപ് നിർമ്മാണം പൂർത്തിയായ പ്രവർത്തികൾക്ക് ചെലവായ തുക പോലും ബില്ല് മാറി ലഭിയ്ക്കാത്തതാണ് നിലവിൽ പുതിയ പൈപ്പിടലും റോഡ് പൂർവ്വസ്ഥിതിയിലാക്കുന്നത് ഉൾപ്പടെയുള്ള പ്രവർത്തികൾ മന്ദഗതിയിലാകാൻ കാരണമെന്ന് കരാറുകാർ യോഗത്തിൽ ചൂണ്ടിക്കാട്ടി .

റോഡ് പൂർവ്വസ്ഥിതിയിലാക്കുവാൻ മുൻ‌കൂർ കെട്ടിവയ്‌ക്കേണ്ടതായ കോടികണക്കിന് രൂപ സർക്കാരിൽ നിന്നും ലഭ്യമാകാത്തതിനാൽ ചാലക്കുടി നിയോജക മണ്ഡലത്തിൽ കെ ആർ എഫ് ബി യുടെ കൈവശമുള്ള പല റോഡുകളിലും പൈപ്പിടൽ പ്രവർത്തി ചെയ്യുവാൻ സാധിയ്ക്കുന്നില്ലെന്നും ബിൽ തുക വിതരണം യഥാസമയം നടപ്പിലാവാത്തതിനാൽ ടെണ്ടർ ചെയ്ത പലപ്രവർത്തികളും ഏറ്റെടുക്കുവാൻ പോലും ആരും തയ്യാറാകാത്ത സാഹചര്യമാണ് നിലവിലുള്ളത്.

ആദിവാസി ഊരുകളിൽ പദ്ധതി നിർവ്വഹണം എത്രയും വേഗം പൂർത്തീകരിച്ച്‌ ജലവിതരണം ആരംഭിക്കണമെന്ന് എം എൽ എ യോഗത്തിൽ നിർദേശം നല്കി.

യോഗത്തിൽ നടന്ന ചർച്ചകളെ തുടർന്ന് പൈപ്പിടൽ പ്രവർത്തികൾ തുടരുമെന്നും മൺസൂൺ കാലം കഴിയുന്നതോടെ പൈപ്പിടുന്നതിനായി പൊളിച്ച റോഡുകൾ പൂർവ്വസ്ഥിതിയിലാക്കുന്ന പ്രവർത്തികൾ പുനരാരംഭിയ്ക്കുമെന്നും കരാറുകാർ ഉറപ്പ് നൽകി .

പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കെ ആർ എഫ് ബി , പൊതുമരാമത്ത് റോഡ് വിഭാഗം , ജലഅതോറിറ്റി തുടങ്ങിയ വകുപ്പുകളുടെ സംയുക്ത യോഗം വിളിച്ച് ചേർക്കുവാനും തീരുമാനിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ കെ പി ജെയിംസ് , മായ ശിവദാസ് , അമ്പിളി സോമൻ , ജല അതോറിറ്റി സൂപ്രണ്ടിങ്ങ് എഞ്ചിനിയർ പി എ സുമ , എക്സിക്യൂട്ടീവ് എഞ്ചിനിയർ ബോബൻ മാത്യു , അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ കെ ടി വാസുദേവൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ എം ജയചന്ദ്രൻ , സതി ബാബു, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.