മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ സംരക്ഷണം നൽകണം

പൊന്നാനി: മത്സ്യത്തൊഴിലാളികളുടെ ദുരിതങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പൊന്നാനി ബ്ലോക്ക് മത്സ്യത്തൊഴിലാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ ഉപരോധിച്ചു. ഡീസൽ സബ്സിഡി നിർത്തലാക്കിയതിലും, ക്ഷേമനിധി തുക വർധിപ്പിച്ചതിലും, മത്സ്യതൊഴിലാളികളുടെ കുട്ടികൾക്കുള്ള സ്കോളർഷിപ്പ് മൂന്നുവർഷമായി നൽകാത്തതിലും, പുനർഗേഹംപദ്ധതി പ്രകാരം പകുതി പൂർത്തീകരിച്ച വീടുകൾക്ക് ബാക്കി സർക്കാർ ഫണ്ട് അനുവദിച്ചു നൽകാത്തതിലും പ്രതിഷേധിച്ചാണ് ഡെപ്യൂട്ടി ഡയറക്ടറെ ഉപരോധിച്ചത്. 18 വർഷം പഴക്കമുള്ള ഇരുമ്പ് ബോട്ടുകൾക്കും, 15 വർഷം പഴക്കമുള്ള മരത്തിലുള്ള ബോട്ടുകൾക്കും ലൈസൻസ് പുതുക്കി നൽകാതെ ഭീമമായ തുക പിഴ ചുമത്തുന്ന ഉദ്യോഗസ്ഥരുടെ പേരിൽ നടപടി സ്വീകരിക്കണമെന്നും, കപ്പൽ ചാലുകൾ തെറ്റിച്ചുവരുന്ന കപ്പലുകൾ മത്സ്യത്തൊഴിലാളികൾക്കും, ബോട്ടുകൾക്കും അപകടം വരുത്തുന്നത് പലതവണ പരാതി നൽകിയിട്ടും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ നിരുത്തരവാദം അവസാനിപ്പിക്കണമെന്നും ഡെപ്യൂട്ടി ഡയറക്ടറെ ഉപരോധിച്ചുകൊണ്ട് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് എച്ച് കബീർ, എം മൊയ്തീൻ, പി സക്കീർ, എസ് മുസ്തഫ,അറഫാത്ത് പുതുപൊന്നാനി, സാദിഖ് അഴീക്കൽ,കെകെ അത്തിക്ക്, സക്കറിയ അഴീക്കൽ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.