മാലിന്യത്തിന് വിട നല്‍കി ചെണ്ടുമല്ലി സുഗന്ധം


മാലിന്യംകൊണ്ട് വീര്‍പ്പുമുട്ടിയ പാറളം ഗ്രാമപഞ്ചായത്തിലെ പൂത്തറക്കല്‍ പാടം പാതയോരം പൂക്കളാല്‍ സമൃദ്ധമായി. ചെണ്ടുമല്ലി വിളവെടുപ്പ് സി.സി മുകുന്ദന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പൂത്തറക്കല്‍ പാടം പാതയോരം സൗന്ദര്യവല്‍ക്കരണത്തിന് 50 ലക്ഷം രൂപ അനുവദിക്കുമെന്ന് എംഎല്‍എ ഉദ്ഘാടന പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. ചെണ്ടുമല്ലി സംരക്ഷണത്തിന് നേതൃത്വം നല്‍കിയ തൊഴിലുറപ്പ് തൊഴിലാളികളെ പ്രതിനിധീകരിച്ച് മേറ്റ് സൗമ്യ ഹരിഹരനെ എം.എല്‍.എ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങില്‍ പാറളം പഞ്ചായത്ത് പ്രസിഡന്റ് മിനി വിനയന്‍ അധ്യക്ഷത വഹിച്ചു.

അമ്മാടം ചേര്‍പ്പ് റോഡിലാണ് പൂത്തറക്കല്‍ പാടം സ്ഥിതി ചെയ്യുന്നത്. വാര്‍ഡ് മെമ്പര്‍ ജെയിംസ് മാസ്റ്റര്‍ മുന്‍കൈയെടുത്താണ് ആയിരം ചെണ്ടുമല്ലികളും 250 വാടാര്‍മല്ലിയും പാതയോരത്ത് നട്ടത്. വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ പരിചരണത്തിലാണ് പൂകൃഷി നടത്തിയത്. കഴിഞ്ഞ വര്‍ഷം പൂകൃഷി നടത്തിയിരുന്ന ഈ പ്രദേശത്ത് ഇന്നാരും മാലിന്യം ഇടാറില്ല.

ചടങ്ങിന് വാര്‍ഡ് മെമ്പറും പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ജെയിംസ് പി. പോള്‍ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ടി. സത്യന്‍ നന്ദിയും പറഞ്ഞു. ആശംസകള്‍ നേര്‍ന്നുകൊണ്ട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആശാ മാത്യു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. പ്രമോദ്, വിദ്യ നന്ദന്‍, ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അനിത മണി, പഞ്ചായത്ത് മെമ്പര്‍മാരായ സ്മിനു മുകേഷ്, സുബിത സുഭാഷ്, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി.ജി വിനയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.