മലപ്പുറം: നേരത്തെ തന്നെ ഗുരുതര ആരോപണങ്ങൾ ഉയരുകയും ഇപ്പോൾ ഭരണപക്ഷ എം.എൽ.എ പി.വി അൻവർ തന്നെ പരാതിയുമായി മുന്നോട്ടുവരികയും ചെയ്ത സാഹചര്യത്തതിൽ മലപ്പുറം മുൻ എസ്.പി ആയിരുന്ന സുജിത് ദാസിനെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി ആവശ്യപ്പെട്ടു
മുൻ മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസിനെതിരെ നേരത്തെ തന്നെ ഗുരുതര ആരോപണങ്ങൾ ഉയർന്നതാണ്. എന്നാൽ എസ്.പിയെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്. താമിർ ജിഫ്രി കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ മുൾമുനയിൽ ഉണ്ടായിരുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സർക്കാരിലെ സ്വാധീനം ഉപയോഗിച്ചണ് പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ടതെന്ന ആരോപണം നേരത്തെ ശക്തമായിരുന്നു.
ന്യായമായ പ്രതിഷേധ പരിപാടികൾക്ക് ഉൾപ്പടെ ഗുരുതര വകുപ്പുകൾ ചാർത്തി കേസെടുക്കാനുള്ള നിർദ്ദേശം അദ്ദേഹം നൽകിയത് വലിയ വിവാദമായിരുന്നു. അതുവഴി മലപ്പുറം ജില്ല കൂടുതൽ പ്രശ്നബാധിത ജില്ലയാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് നടന്നിരുന്നത്. വ്യക്തിപരമായ ആവശ്യങ്ങൾക്ക് പോലീസിനെ ഉപയോഗപ്പെടുത്തിയത് മുതൽ ASI ആയിരുന്ന ശ്രീകുമാറിന്റെ ആത്മഹത്യ കുറിപ്പ് കാണാതായതും കോട്ടക്കൽ പോലീസ് സ്റ്റേഷൻ നിർമാണവുമായി ബന്ധപ്പെട്ട സമ്പത്തിക ക്രമക്കേടും ഉൾപ്പെടെ നിരവധി ആരോപണങ്ങൾ ഉയർന്നിട്ടും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.
വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ നടപടി സ്വീകരിക്കുന്നതിന് പകരം അദ്ദേഹത്തെ ഹൈദരാബാദിലേക്ക് പുതിയ ഭീകര വിരുദ്ധ സ്ക്വാഡിന്റെ ട്രെയിനിങ്ങിന് അയക്കുകയാണ് ചെയ്തത്. തുടർന്ന് തിരിച്ച വരുന്ന സമയത്ത് അദ്ദേഹത്തിന് പുതിയ പദവി നൽകുകയും പിന്നീട് പത്തനംതിട്ട എസ്.പിയായി നിയമിക്കുകയുമാണ് സർക്കാർ ചെയ്തത്. വലിയ വിമർശനം ഉയർന്നിട്ടും മൂന്നര വർഷത്തോളം മലപ്പുറം ജില്ലയുടെ എസ്പി സ്ഥാനത്ത് ഇരുന്നു എന്നതും ചേർത്തു വായിക്കേണ്ടതാണ്..
മാത്രവുമല്ല, അദ്ദേഹം എസ്.പി ആയിരിക്കെ എസ്.പി ഓഫീസ് പരിസരത്ത് നടന്ന മരംമുറിയുമായി ബന്ധപ്പെട്ട പരാതി പിൻവലിക്കണമെന്ന് അദ്ദേഹം പി.വി അൻവർ എം.എൽ.എ യോട് ആവശ്യപ്പെടുന്ന ഫോൺ സംഭാഷണം ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. പ്രസ്തുത സംഭവത്തിലും ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി വ്യാപകമായ പരാതികളുണ്ടെങ്കിലും അന്വേഷണം കാര്യക്ഷമമല്ല.
ഒരു എസ്.പിക്കെതിരെയുള്ള അന്വേഷണമായത് കൊണ്ട് തന്നെ പോലീസ് സംവിധാനം അന്വേഷിച്ചാൽ അത് കുറ്റമറ്റ രീതിയിൽ ആവണമെന്നില്ല. അത് കൊണ്ട് തന്നെ നിലവിൽ പത്തനംതിട്ട എസ്.പി ആയിട്ടുള്ള സുജിത് ദാസിനെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കേണ്ടതുണ്ട്.
നേരത്തെ സമാനമായ പ്രതികരണം മന്ത്രികൂടിയായിട്ടുള്ള വി.അബ്ദുറഹിമാന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. എന്നിട്ടും യാതൊരു വിധത്തിലുള്ള നടപടിയും സർക്കാർ സ്വീകരിച്ചിരുന്നില്ല. പിണറായി സർക്കാരിന്റെ ആഭ്യന്തരത്തിൽ സി.പി.എമ്മിന് ഒരു റോളുമില്ലെന്ന ആക്ഷേപം നേരത്തെ സജീവ ചർച്ചയായതാണ്.ഇതിനെ സാധൂകരിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ആഭ്യന്തരത്തിൽ ആർഎസ്എസ് അജണ്ടകൾ നടപ്പിലാക്കാൻ പി ശശിക്ക് എന്താണിത്ര നിർബന്ധമെന്ന് പിണറായി വിജയൻ വ്യക്തമാക്കേണ്ടതുണ്ട്.
Leave a Reply