അപകട മരണ ഇന്‍ക്വസ്റ്റ് നടപടികള്‍ അനാവശ്യമായി വൈകിക്കുന്നു

മലപ്പുറം: അപകടങ്ങളില്‍ മരണപ്പെട്ടവരുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൊലീസ് അനാവശ്യമായി വൈകിക്കുന്നതായി പി. ഉബൈദുല്ല എം.എല്‍.എ പറഞ്ഞു. ഇത്തരം സംഭങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. എം.എല്‍.എ ഫണ്ടുപയോഗിച്ച് ബസ് വെയിറ്റിങ് ഷെഡുകള്‍ നിര്‍മിക്കുന്നതിനുള്ള അനുമതി നല്‍കുന്നതില്‍ പൊതുമരാമത്ത് വകുപ്പ് കാലതാമസം വരുത്തരുതെന്നും പി. ഉബൈദുല്ല എം.എല്‍.എ ആവശ്യപ്പെട്ടു.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ രാത്രികാല പോസ്റ്റുമോര്‍ട്ടം ഉടന്‍ ആരംഭിക്കണമെന്ന് യു.എ ലത്തീഫ് എം.എല്‍.എ ആവശ്യപ്പെട്ടു. മഞ്ചേരി- ഒലിപ്പുഴ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.

ഹീമോഫീലിയ രോഗികള്‍ക്കുള്ള മരുന്ന് ജില്ലയില്‍ ലഭ്യമല്ലെന്നും മരുന്ന് ക്ഷാമം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന യു.ഡി.ഐ.ഡി കാര്‍ഡിനുള്ള 18,000 ത്തോളം അപേക്ഷകള്‍ ജില്ലയില്‍ കെട്ടിക്കിടക്കുകയാണെന്നും ഇക്കാര്യം പരിഹരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. യു.ഡി.ഐ.ഡി കാര്‍ഡുകള്‍ പെട്ടെന്ന് തന്നെ ലഭ്യമാക്കുമെന്നും ഇതിനായി പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിച്ചതായും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

ജില്ലയില്‍ പുതുതായി അനുവദിച്ച പ്ലസ്ടു ബാച്ചുകളില്‍ 25 കുട്ടികളില്‍ താഴെ മാത്രം പ്രവേശനം നേടിയ ആറു ബാച്ചുകള്‍ പ്രവര്‍ത്തിക്കുന്നതായി ഹയര്‍സെക്കന്ററി മേഖലാ ഉപമേധാവിയുടെ ഓഫീസ് ടി.വി ഇബ്രാഹിം എം.എല്‍.എയുടെ ചോദ്യത്തിനുത്തരമായി അറിയിച്ചു.

ജില്ലാ വികസന സമിതി യോഗത്തില്‍ വിവിധ എം.എല്‍.എമാരും ജനപ്രതിനിധികളും ആവശ്യപ്പെടുന്ന വിഷയങ്ങളില്‍ സമയബന്ധിതമായി മറുപടികള്‍ ലഭ്യമാക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എൻ.എം മെഹറലി ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു.

യോഗത്തില്‍ എം.എല്‍.എമാരായ പി. ഉബൈദുല്ല, ടി.വി ഇബ്രാഹിം, യു.എ ലത്തീഫ്, നജീബ് കാന്തപുരം, പി. അബ്ദുല്‍ ഹമീദ്, കുറുക്കോളി മൊയ്തീന്‍, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.ഡി ജോസഫ്, വിവിധ എം.എല്‍.എമാരുടെ പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published.