മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബിന് വിജയം

മലപ്പുറം: മഴയിൽ നനഞ്ഞ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ആവേശ തീ പടർത്തിയ പോരാട്ടത്തിൽ സൂപ്പർ ലീഗ് കേരള ഓൾ സ്റ്റാർ ഇലവനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബിന് വിജയം. വയനാടിന് കൈത്താങ്ങാകാനായി സംഘടിപ്പിച്ച ഫുട്ബോൾ മത്സരം സെപ്റ്റംബർ ഏഴിന് തുടക്കമാകുന്ന കേരള സൂപ്പർ ലീഗിനുള്ള ആവേശ തിരയിളക്കം കൂടിയായി.

മത്സരത്തിന്റെ 21ആം മിനുറ്റിൽ മുഹമ്മദൻ സ്പോർട്ടിങാണ് ആദ്യ ഗോൾ നേടിയത്. തുടക്കം മുതൽ ആക്രമിച്ച് കളിച്ച മുഹമ്മദൻസ് റംസാനിയയിലൂടെയാണ് ആദ്യ ഗോൾ നേടിയത്. നാല് മിനുറ്റുകൾക്കകം തന്നെ ഓൾ സ്റ്റാർ ഇലവൻ നായകൻ ബെൽഫോർട്ടിലൂടെ ഗോൾ മടക്കി. ആദ്യ പകുതിയിൽ പിന്നീടുള്ള ഇരു ടീമുകളുടേയും അക്രമം പ്രതിരോധ മതിലുകളിൽ തട്ടി പാളുന്നതാണ് കണ്ടത്.

രണ്ടാം പകുതിയുടെ 30ആം മിനുറ്റിലാണ് മത്സരത്തിലെ വിജയഗോൾ വരുന്നത്. അബ്ദുൽ കാദിരിയുടെ തകർപ്പൻ ഗോളിലൂടെയായിരുന്നു കൊൽക്കത്ത ക്ലബിന്റെ വിജയം.

രണ്ടാം പകുതിയുടെ അവസാന ഭാഗത്ത് മത്സരത്തിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഐ എം വിജയൻ മൈതാനത്തിറങ്ങിയിരുന്നു. കനത്ത മഴയെ അവഗണിച്ചും മലപ്പുറത്തിന്റെ ഫുട്ബോൾ പ്രേമികൾ കളി കാണാനെത്തിയിരുന്നു.

വയനാടിന് കൈത്താങ്ങായി മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ ഒരു ലക്ഷം രൂപയുടെ ചെക്ക് അസിസ്റ്റന്റ് കളക്ടർക്ക് കൈമാറി. കിങ്ങിണി ആർട്സ് ആന്റ് സ്പോർടസ് ക്ലബ് വേങ്ങൂർ 25,000 രൂപയും കൈമാറി.

സൂപ്പർ ലീഗിൽ പങ്കെടുക്കുന്ന ഓരോ ടീമും അഞ്ച് ലക്ഷം രൂപ വീതവും, സുപ്പർ ലീഗ് കേരള 25 ലക്ഷവും വയനാടിന് കൈത്താങ്ങായി മലപ്പുറം ജില്ലാ കലക്ടറുടെ അക്കൗണ്ടിലേക്ക് കൈമാറി.

Leave a Reply

Your email address will not be published.