മലയാള സിനിമ വ്യക്തിത്വം വീണ്ടെടുക്കണം

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്ന് മലയാള സിനിമാ മേഖലയിലുണ്ടായിരിക്കുന്ന ഉരുൾപൊട്ടൽ അവസാനിക്കുന്നില്ല. അപമര്യാദയായി പെരുമാറിയെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര വെളിപ്പെടുത്തിയതിനെത്തുടർന്ന് സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനം രാജിവയ്ക്കേണ്ടിവന്നിരിക്കുന്നു. നടി രേവതി സമ്പത്ത് ഉയർത്തിയ ആരോപണത്തിനു പിന്നാലെ “അമ്മ’ ജനറൽ സെക്രട്ടറിസ്ഥാനത്തുനിന്ന് നടൻ സിദ്ദിഖും രാജിവച്ചിരിക്കുകയാണ്. വർഷങ്ങൾക്കു മുൻപ് സിദ്ദിഖിൽ നിന്നു ലൈംഗികാതിക്രമം നേരിടേണ്ടിവന്നുവെന്നാണു രേവതി സമ്പത്ത് ആരോപിക്കുന്നത്. ആരോപണം ഉയർന്ന സാഹചര്യത്തിൽ ധാർമികതയുടെ പേരിലാണു രാജിവയ്ക്കുന്നതെന്നു വ്യക്തമാക്കിയ സിദ്ദിഖ് ആരോപണങ്ങളോടു പിന്നീടു പ്രതികരിക്കുമെന്നും അറിയിക്കുകയുണ്ടായി.

തനിക്കെതിരായ ആരോപണം നിഷേധിച്ച രഞ്ജിത്തും സർക്കാരിനെ ചിലർ ചെളിവാരിയെറിയാൻ ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് രാജിവയ്ക്കുന്നതെന്നാണു വിശദീകരിക്കുന്നത്. ചലച്ചിത്ര അക്കാഡമിയുടെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തപ്പോൾ മുതൽ ഒരു സംഘം ആളുകൾ നടത്തുന്ന അധ്വാനമാണ് ശ്രീലേഖ മിത്രയുടെ ആരോപണത്തിന്‍റെ രൂപത്തിൽ പുറത്തുവന്നത് എന്നാണു രഞ്ജിത്തിന്‍റെ നിലപാട്. സർക്കാരിന്‍റെ ഔദ്യോഗിക സ്ഥാനത്തുനിന്നു മാറിനിന്ന് നിയമപോരാട്ടം നടത്തുമെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. അതേസമയം, സർക്കാരിനു മേലുണ്ടായ കടുത്ത സമ്മർദമാണ് രഞ്ജിത്തിന്‍റെ രാജിയിലേക്കു നയിച്ചതെന്നു സൂചനയുണ്ട്. ആരോപണ വിധേയനായ വ്യക്തി ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്തിരിക്കുന്നതിനെതിരേ എൽഡിഎഫിൽ തന്നെ ശബ്ദമുയർന്നു. ആരോപണ വിധേയനെ സർക്കാർ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന പരാതി പലയിടത്തുനിന്നും ഉയരുകയുണ്ടായി.

രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണെന്നും ആരോപണങ്ങളുടെ പേരിൽ മാത്രം നടപടിയെടുക്കാനാവില്ലെന്നും ആരോപണം രഞ്ജിത്ത് നിഷേധിച്ചിട്ടുണ്ടെന്നും ഒക്കെയാണ് കഴിഞ്ഞ ദിവസം സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ ആദ്യം പ്രതികരിച്ചിരുന്നത്. എന്നാൽ, സമ്മർദം ശക്തമായതോടെ രാജി അനിവാര്യമായി. ആരും ആവശ്യപ്പെടാതെ തന്നെ അദ്ദേഹം രാജിസന്നദ്ധത അറിയിച്ചുവെന്നാണ് സജി ചെറിയാൻ പറ‍യുന്നത്. എന്തായാലും രഞ്ജിത്തിന്‍റെയും സിദ്ധിഖിന്‍റെയും രാജികൊണ്ട് സിനിമാരംഗവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന വിവാദങ്ങൾക്ക് അവസാനമാവില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് നാലരവർഷം പൂഴ്ത്തിവയ്ക്കുകയും പുറത്തുവിട്ട റിപ്പോർട്ടിൽ കൃത്രിമം കാണിക്കുകയും വേട്ടക്കാരെ സംരക്ഷിക്കാൻ ഇരകളെ തള്ളിപ്പറയുകയും ചെയ്തു സർക്കാരെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. “വേട്ടക്കാരെ സംരക്ഷിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ’ സാംസ്കാരിക മന്ത്രി സജി ചെറിയാൻ രാജിവയ്ക്കണമെന്നും അവർ ആവശ്യപ്പെടുന്നു. സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും ഇരകൾക്കൊപ്പം നിൽക്കുമെന്നുമാണു മന്ത്രിമാർ പ്രതികരിക്കുന്നത്. ആരെങ്കിലും ഏതെങ്കിലും തരത്തിൽ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ പരാതിയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് സജി ചെറിയാൻ വ്യക്തമാക്കുന്നു. എന്നാൽ, റിപ്പോർട്ടിന്മേൽ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽകൊണ്ടുവരാൻ ഇനി പരാതിയുടെ ‍ആവശ്യമില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്.

Leave a Reply

Your email address will not be published.