മഴ ഉണ്ടാകുമ്പോള്‍ അവധി പ്രഖ്യാപിക്കാനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെ…? ജില്ലാ കലക്ടര്‍ അര്ജുന് പാണ്ഡ്യന്റെ ചേമ്പറില്‍ വിദ്യാര്‍ഥികളുമായി നടത്തിയ മുഖാമുഖത്തില്‍ ആദ്യം ഉയര്‍ന്ന ചോദ്യമാണിത്. സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയും മഴയുടെ തോതും തീവ്രതയും മുന്നറിയിപ്പ് നിലയുമെല്ലാം പരിഗണിച്ചാണ് അത്തരം തീരുമാനങ്ങളെടുക്കുന്നതെന്ന് മറുപടി നല്കിയപ്പോള് വിഷയം കൂടുതല്‍ ഗൗരവത്തോടെ മനസിലാക്കാനായതായി വിദ്യാര്‍ഥിസംഘം പറഞ്ഞു. ജില്ലയിലെ വിദ്യാര്‍ഥികളുമായി സംവദിക്കാനും അവരുടെ ആശയങ്ങളും പ്രശ്നങ്ങളും അവതരിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ സംഘടിപ്പിച്ച യോഗത്തില്‍ ആദ്യത്തെ അതിഥികളായെത്തിയത് പാമ്പാടി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ്.
എന്തുകൊണ്ട് സിവില്‍ സര്‍വീസ് എന്ന ചോദ്യത്തിന് സമൂഹത്തിലെ എല്ലാ മേഖലകൡും ഇടപെടലുകള്‍ നടത്താന്‍ ഐ.എ.എസ് പദവിയില്‍ സാധിക്കുമെന്നും എന്നാല്‍ ഓരോരത്തരും തങ്ങളുടെ അഭിരുചികള്‍ക്കും താല്‍പര്യങ്ങള്‍ക്കനുസരിച്ചുമുള്ള മേഖലകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഐ.എ.എസ്/ ഐ.പി.എസ് തിരഞ്ഞെടുപ്പ്, ജില്ലാ കലക്ടറെന്ന നിലയില്‍ നേരിടുന്ന വെല്ലുവിളികള്‍, പ്രശ്നങ്ങള്‍, തൃശൂരിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ ചോദിച്ചറിഞ്ഞു.
സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. കൂടാതെ, സ്വകാര്യ ബസുകള്‍ നിര്‍ത്താതെ പോകുന്ന ബുദ്ധിമുട്ടും കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വിഷയത്തില്‍ ഇടപ്പെടുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. തങ്ങളുടെ ആശയങ്ങളും ചോദ്യങ്ങളും യാതൊരു മടിയും കൂടാതെ അവതരിപ്പിക്കാന്‍ സാധിക്കുന്ന വേദിയായി ജില്ലാ കലക്ടറുടെ ചേമ്പര്‍ മാറി. സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് സത്യനാരായണന്, ഇക്കണോമിക്സ് അധ്യാപകന് ടി വാസുദേവന്‍ എന്നിവര്‍ക്കൊപ്പം പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ 20 വിദ്യാര്‍ഥികളാണ് കളക്ടറേറ്റിലെത്തിയത്. പ്രതിവാരം ഓരോ സ്കൂളിലെയും കോളജുകളിലെയും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി ആശയവിനിമയം നടത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
Leave a Reply