കുട്ടികൾ ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങരുത്

മഴ തുടരുന്ന സാഹചര്യത്തിൽ കുട്ടികൾ ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്നില്ലെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം നിർദേശിച്ചു. പലപ്പോഴും ഇങ്ങനെ കുട്ടികൾ അപകടങ്ങളിൽ പെടുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. അതിനാൽ സ്കൂൾ അവധി പോലുള്ള അവസരങ്ങളിൽ രക്ഷിതാക്കൾ പ്രത്യേക ശ്രദ്ധ ഇക്കാര്യത്തിൽ പുലർത്തണം. നിരോധനം വകവെക്കാതെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പോകുന്നതും അപകടകരമാണ്. ഇങ്ങനെ അനധികൃതമായി മഴക്കാലത്ത് വെള്ളച്ചാട്ടത്തിലും കടലിലും ഇറങ്ങുന്നത് പലപ്പോഴും വലിയ ദുരന്തങ്ങൾക്ക് പോലും കാരണമാകും. അതിനാൽ ഇക്കാര്യങ്ങളിൽ രക്ഷിതാക്കളും അധ്യാപകരും പ്രത്യേകം ജാഗ്രത പുലർത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
പൊട്ടിവീഴുന്ന വൈദ്യുത കമ്പികളിൽ തൊടാതിരിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് യോഗം നിർദേശിച്ചു. ജില്ലയിൽ ശക്തമായ മഴയും കാറ്റും കാരണം മരങ്ങൾ വീണും മറ്റും വൈദ്യുത കമ്പികൾ പൊട്ടിവീഴുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ കെ എസ് ഇ ബിയിൽ വിവരം അറിയിക്കുന്നതിനൊപ്പം വൈദ്യുത കമ്പികളിൽ ആരും തൊടാതിരിക്കാനുള്ള നടപടി കൂടി പൊതു ജനങ്ങൾ സ്വീകരിക്കണം.

അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ എല്ലാ വകുപ്പുകളും ജാഗ്രത പുലർത്തണമെന്ന് കളക്ടർ നിർദേശം നൽകി. ഓൺലൈൻ ആയി ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ, തഹസീൽദാർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Social media & sharing icons powered by UltimatelySocial