പുതിയ ഷൊര്‍ണൂര്‍ – കണ്ണൂര്‍ പാസ്സഞ്ചറിന് തിരൂരിൽ സ്വീകരണം നൽകി

മലബാറിലേക്ക് പുതുതായി ആരംഭിച്ച ഷൊര്‍ണൂര്‍ – കണ്ണൂര്‍ പാസ്സഞ്ചർ ട്രെയിനിന് മലബാർ ട്രെയിന്‍ പാസ്സഞ്ചേഴ്സ് വെൽഫേർ അസോസിയേഷന്‍ തിരൂർ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി.
ഷൊര്‍ണൂര്‍ – കണ്ണൂര്‍ – ഷൊര്‍ണൂര്‍ റൂട്ടിൽ രണ്ട് പാസ്സഞ്ചർ വണ്ടികളാണ് പുതുതായി ലഭിച്ചത്.

റെയിൽവേ മന്ത്രിക്കും മലബാറിലെ എംപിമാര്‍ക്കും റെയില്‍വേ അധികൃതര്‍ക്കും അഭിവാദ്യമർപ്പിച്ചും
ലോക്കോ പൈലറ്റിന് ബൊക്കെ നല്‍കിയും യാത്രക്കാര്‍ക്ക് മധുരം വിതരണം ചെയ്തും അസോസിയേഷന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ യാത്രക്കാര്‍ പുതിയ വണ്ടിയെ സ്വാഗതം ചെയ്തു.

കെ. രഘുനാഥ്, എം ഫിറോസ്, അബ്ദുൽ റഹ്മാന്‍ വള്ളിക്കുന്ന്, കെ കെ റസ്സാഖ് ഹാജി തിരൂർ, സുജ മഞ്ഞോളി, സുധിന വേങ്ങേരി, പി കെ വിജയന്‍, സത്യൻ കല്ലായി, സജിത കല്ലായി, നിഷ വേണുനാഥ്, രതീഷ് വെസ്റ്റ് ഹില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ജൂലായ് മാസത്തില്‍ മാത്രം പരീക്ഷണാടിസ്ഥാനത്തിൽ
ആഴ്‌ച്ചയിൽ നാല് ദിവസം സർവ്വീസ് നടത്താനാണ് റെയില്‍വേയുടെ തീരുമാനമെങ്കിലും എല്ലാ ദിവസവും സർവീസ് നടത്തുകയും ട്രെയിനുകൾ സ്ഥിരപ്പെടുത്തുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.

പുതിയ വണ്ടിയുടെ വരവോടെ നേത്രാവതി എക്സ്പ്രസ്സിലെ വൻ തിരക്ക് കുറയുമെങ്കിലും
മലബാറിലെ ട്രെയിന്‍ യാത്രക്കാർ ദൈനംദിനം അനുഭവിക്കുന്ന ദുരിത പൂര്‍ണ്ണമായ യാത്രക്ക് പരിഹാരമാവില്ലെന്നും കോവിഡ് കാലത്ത് നിർത്തലാക്കിയ പാസ്സഞ്ചർ ട്രെയിനുകൾ പൂര്‍ണമായും പഴയ സമയത്ത് തന്നെ സർവ്വീസ് പുനരാരംഭിക്കണമെന്നും മലബാർ ട്രെയിന്‍ പാസ്സഞ്ചേഴ്സ് വെൽഫേർ അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.