തെരഞ്ഞെടുപ്പ് തോൽവിയിൽ തൃശൂര്‍ കോണ്‍ഗ്രസിലെ പോസ്റ്റര്‍ പ്രതിഷേധം വീണ്ടും. മുന്‍ എംപി ടി എന്‍ പ്രതാപനെതിരെ ഡിസിസി ഓഫീസന്റെ മതിലിലും പ്രസ് ക്ലബ് പരിസരത്തുമാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. ‘പ്രതാപന്‍ കോണ്‍ഗ്രസിനെയും അണികളെയും വഞ്ചിച്ചു, പാര്‍ട്ടിയെ ഒറ്റുകൊടുത്ത ആര്‍എസ്എസ് സംഘപരിവാര്‍ ഏജന്റാണ് ടി എന്‍ പ്രതാപന്‍’ തുടങ്ങിയ കാര്യങ്ങളും പോസ്റ്ററിലൂടെ ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ടി എൻ പ്രതാപൻ ഗൾഫ് ടൂർ നടത്തി ബിനാമി കച്ചവടങ്ങൾ നടത്തിയെന്നാണ് ആരോപണം. സേവ് കോണ്‍ഗ്രസ് ഫോറത്തിന്‍റെ പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തില്‍ പ്രതാപനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നാണ് ആവശ്യം. തെരഞ്ഞെടുപ്പ് തോല്‍വില്‍ കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ സിറ്റിംഗ് ഇന്ന് നടക്കാ
നിരിക്കെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. പരസ്യപ്രതികരണങ്ങള്‍ നടത്തുന്നതിനും ഡിസിസി മതിലില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതും ഡിസിസിയുടെ താല്‍ക്കാലിക അധ്യക്ഷനായി വി ശ്രീകണ്ഠന്‍ എം പി ചുമതലയേറ്റതിന് പിന്നാലെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാൽ ഇത് തള്ളിയാണ് ഡിസിസി മതിലിൽ തന്നെ പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. കെ മുരളീധരന്റെ തോൽവിയിൽ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ടിഎൻ പ്രതാപൻ, അനിൽ അക്കര, യു.ഡി.എഫ് ചെയർമാൻ എംപി വിൻസെന്റ് എന്നിവർക്കെതിരെ ആയിരുന്നു ആരോപണങ്ങൾ. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായെന്ന് കെപിസിസി, എഐസിസിയും പ്രാഥമിക വിലയിരുത്തലിൽ തന്നെ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ജോസ് വള്ളൂരിനോടും എംപി വിൻസെന്റിനോടും നിർബന്ധമായി രാജി വെക്കാൻ നിർദേശവും നൽകി. ഇരുവരുടെയും രാജി അംഗീകരിച്ചതിന് പിന്നാലെയാണ് വികെ ശ്രീകണ്ഠന് താത്കാലിക അധ്യക്ഷ ചുമതല നൽകിയത്. ജോസ് വള്ളൂരും എംപി വിൻസെന്റും രാജി വെച്ച് ബലിയാടുകൾ ആയപ്പോൾ ഗുരുതര ആരോപണങ്ങൾ ഉയർന്ന ടിഎൻ പ്രതാപനും അനിൽ അക്കരയും ഇടയിൽ രക്ഷപ്പെട്ടുവെന്നാണ് വിമർശനം. കോൺഗ്രസിനെ തകർത്തത് ഇരുവരുമാണെന്ന് പ്രവർത്തകർ തുറന്നടിക്കുന്നു. ശ്രീകണ്ഠൻ ചുമതലയേറ്റതിനു ശേഷം യോഗത്തിലും പിന്നീട് മാധ്യമങ്ങളെ കാണുമ്പോഴും ആരോപണ വിധേയരെ അടുത്ത് ചേർത്ത് ഇരുത്തിയത് മുരളീധര വിഭാഗം നേതാക്കളെയും പ്രവർത്തകരെയും പ്രകോപിപ്പിച്ചിരുന്നു. ഇപ്പോഴത്തെ പോസ്റ്ററിന് പിന്നിലും ഇത് തന്നെയാണ് കാരണമെന്നാണ് സൂചന.
Leave a Reply