മാന്ദാമംഗലത്ത് കൺട്രോൾ റൂം, രാത്രികാല പട്രോളിങ് ഉറപ്പാക്കും: മന്ത്രി കെ രാജൻ
മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷൻ കേന്ദ്രീകരിച്ച് 24 മണിക്കൂർ പ്രവർത്തിക്കുന്ന തരത്തിൽ കൺട്രോൾ റൂം സജ്ജമാക്കുമെന്നും ഒരാഴ്ചക്കാലം പ്രദേശത്ത് ഫോറസ്റ്റിന്റെ നേതൃത്വത്തിൽ രാത്രികാല പട്രോളിങ് ഉറപ്പാക്കുമെന്നും മന്ത്രി കെ രാജൻ. പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ മാന്ദാമംഗലം മുരിക്കുംപാറ, മരോട്ടിച്ചാൽ ചുള്ളിക്കാവ് പ്രദേശങ്ങൾ സന്ദർശിച്ചതിനു ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ആവശ്യമെങ്കിൽ പോലീസിന്റെ സഹായവും ഉറപ്പാക്കും.
പ്രദേശവാസികളുമായും തദ്ദേശസ്ഥാപന അധികൃതരുമായും ആശയംവിനിമയം നടത്തി. പ്ലാന്റേഷനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും ചില സ്വകാര്യഭൂമികളിലും സാധാരണയിലും ഏറെയായി പുല്ലുകളും മറ്റു ചെടികളും വളർന്ന് നിൽക്കുന്ന സാഹചര്യമാണുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത ദിവസം തന്നെ ആറ് ക്യാമറകൾ വ്യത്യസ്ത ആംഗിളിൽ സ്ഥാപിച്ചു നിരീക്ഷിക്കാനുള്ള സംവിധാനം ഏർപ്പെടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ ഒരു ക്യാമറ മാത്രമാണ് ഉള്ളത്. മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷനിൽ പരിമിതമായ ജീവനക്കാർ മാത്രം ഉള്ളതിനാൽ കൂടുതൽ പേരെ ഡ്യൂട്ടിക്ക് നിയോഗിക്കാൻ പട്ടിക്കാട് റേഞ്ച് ഓഫീസർക്ക് നിർദ്ദേശം നൽകി. സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാമെന്ന് വനം മന്ത്രി ഉറപ്പുനൽകിയതായും മന്ത്രി കെ രാജൻ അറിയിച്ചു. സന്ദർശനത്തിൽ പഞ്ചായത്ത് അധികൃതർ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ അനുഗമിച്ചു.
Leave a Reply