വാഗണ്‍ കൂട്ടക്കൊല: ദുരന്തയോർമയ്ക്ക് നൂറ്റി മൂന്ന് വയസ്സ്

വാഗണ്‍ കൂട്ടക്കൊല: ദുരന്തയോർമയ്ക്ക് നൂറ്റി മൂന്ന് വയസ്സ്

കെ.പി.ഒ റഹ്‌മത്തുല്ല

ഇന്ന് നവംബര്‍ 20, നൂറ്റി രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ദിനത്തിലാണ് ഇന്ത്യന്‍
സ്വാതന്ത്ര്യസമരത്തിലെ തുല്യതയില്ലാത്ത വാഗണ്‍ കൂട്ടക്കൊല അരങ്ങേറിയത്. ഇംഗ്ലീഷുകാരുടെ ക്രൂരതയില്‍ മലബാറിലെ അറുപത്തിയേഴ് പാവപ്പെട്ട മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടമായ ചോരകൊണ്ടെഴുതിയ കിരാത അധ്യായമാണ് വാഗണ്‍ കൂട്ടക്കൊല. ഇത്രയും കാലം ചരിത്രത്തില്‍ രേഖപ്പെടുത്തിയിരുന്നത് ‘വാഗണ്‍ ട്രാജഡി’ എന്നായിരുന്നു . ട്രാജഡി എന്ന് ഇംഗ്ലീഷില്‍ പറഞ്ഞാല്‍ യാദൃശ്ചികമായുണ്ടാകുന്ന ദുരന്തമെന്നാണര്‍ത്ഥം. എന്നാല്‍ വാഗണ്‍ കൂട്ടക്കൊല ഇംഗ്ലീഷുകാര്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്തത് തന്നെയായിരുന്നു. അതിനാല്‍ ഇപ്പോള്‍ വാഗണ്‍ ട്രാജഡിയില്ല. വാഗണ്‍ മസാക്കറാണ്. തിരൂര്‍ എം.എല്‍.എ കുറുക്കോളി മൊയ്തീന്റെ നിയമസഭയിലെ സബ്മിഷനാണ് ചരിത്രത്തിലെ തിരുത്തലിന് വഴിവെച്ചത്.

വാഗണ്‍ ദുരന്തത്തെ ട്രാജഡി എന്ന് വിളിക്കാനാവില്ലെന്നും കൂട്ടക്കൊല (മസാക്കര്‍) എന്നുതന്നെ പറയണമെന്നും അദ്ദേഹം ചരിത്ര ഗ്രന്ഥങ്ങളെ ഉദ്ധരിച്ചുകൊണ്ട് സമര്‍ത്ഥിച്ചു. നിയമ സഭ ഐക്യകണ്ഠേനയാണ് കുറുക്കോളിയുടെ അഭ്യര്‍ത്ഥന അംഗീകരിച്ചത്.
മലബാര്‍ സമരത്തിലെ ഏറ്റവും പൈശാചികമായ വാഗണ്‍ കൂട്ടക്കൊലക്ക് നൂറ്റി മൂന്ന് വയസ്സ് തികയുമ്പോള്‍ ബാക്കി പത്രങ്ങളില്‍ തെളിയുന്നത് പുതിയ കണ്ടത്തെലുകളും പദാവലികളുമാണ്. വാഗണ്‍ ട്രാജഡി എന്ന സാമ്രാജ്യത്ത പദം തന്നെ സ്വാതന്ത്ര്്യദാഹികള്‍ ഉപേക്ഷിച്ചിരിക്കുന്നു. സാമ്രാജ്യത്ത ദാസ്യത്തിലുള്ള ഭാഷക്ക് പകരം സാമ്രാജ്യത്വത്തെ നേരിട്ടവരുടെ ശക്തമായ ഭാഷാപാരികല്പനകള്‍ക്ക് പ്രാമുഖ്യം വന്നിരിക്കുന്നു. ഒരുപാട് കാലം പാഠപുസ്തകങ്ങളിലും ചരിത്രത്തിലും വാഗണ്‍ ട്രാജഡി എന്നായിരുന്നു പ്രയോഗം.

സാമ്രാജ്യത്വത്തിന് എല്ലാ കാലത്തും ഇത്തരം ചില പദാവലികളുണ്ട്. അവര്‍ ചെയ്ത കൊടും ക്രൂരതകളെ മറക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യാനാണ് ഈ പദങ്ങള്‍ ഉപയോ ഗിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ട്രാജഡിക്ക് പകരം കൂട്ടക്കൊല, അക്രമം, അതിക്രമം എന്നല്ലാമായിരിക്കുന്നു. വാക്ക് സൂചികയാണെന്ന് രക്തസാക്ഷികളുടെ പിന്മുറക്കാര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഇനിയും അവരുടെ പദാവലികള്‍ പറയാന്‍ മനസില്ലെന്ന് മലബാറുകാര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. എന്ന് മാത്രമല്ല അക്കാലത്ത് തന്നെ മലബാറിലെ വൈദേശികാധിപത്യത്തിനെതിരെ പൊരുതിയവര്‍ സ്വന്തം സംസാരഭാഷയില്‍ ഇംഗ്ലീഷുകാരുടെ ചെയ്തികളെ പരിഹസിക്കുന്ന പദങ്ങള്‍ പ്രയോഗിച്ചിരിന്നു.
കിണാപ്പന്‍ , കുണാപ്പിക്കുക എന്നിങ്ങനെയെല്ലാമുള്ള പരിഹാസ പദങ്ങള്‍ ഇന്നും മലബാറിലെ സാധാരണക്കാരുടെ സംസാരഭാഷയില്‍ കടന്നു വരാറുണ്ട്. ഇതിന്റെ അര്‍ത്ഥം തിരഞ്ഞു പോകുമ്പോഴാണ് അക്കാലത്തെ മലയാളികളുടെ ഭാഷാ നൈപുണ്യം ഓര്‍ത്ത് നമ്മള്‍ അമ്പരക്കുക. വാഗണ്‍ കൂട്ടക്കൊല അന്വേഷിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ മലബാര്‍ സ്‌പെഷ്യല്‍ കമ്മീഷണര്‍ ആയിരുന്നു എ ആര്‍ നാപ്പ് എന്നാല്‍ ഇയാളുടെ പേര് ഇംഗ്ലീഷില്‍ എഴുതിയിരുന്നത് അ. ഞ ഗചഅജജ എന്നായിരുന്നു. ഇത് ഇവിടുത്തുകാര്‍ വായിച്ചത് ‘കിണാപ്പ്’ എന്ന് തന്നെയായിരുന്നു. വാഗണ്‍ കൂട്ടക്കൊല അന്വേഷിച്ച് അദ്ദേ ഹം സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഗവണ്‍മെന്റിനോ പട്ടാളത്തിനോ ഉദ്യോഗസ്ഥന്മാര്‍ക്കോ ഒരു തെറ്റും പറ്റിയിട്ടില്ലെന്നാണ് പറഞ്ഞിരുന്നത്.

പുതിയ പെയിന്റ് അടിച്ചതിനാല്‍ വാഗണ്‍ ദ്വാരങ്ങള്‍ അടഞ്ഞു പോയതാണ് കാരണം എന്നാണ് പറഞ്ഞിരുന്നത്. വാഗണ്‍ നിര്‍മ്മിച്ച കമ്പനിക്കാര്‍ മാത്രമാണ് കുറ്റക്കാ രെന്നും പറഞ്ഞിരുന്നു. ഇങ്ങനെ എല്ലാ കുറ്റവാളികളെയും രക്ഷിച്ച റിപ്പോര്‍ട്ട് നല്‍കിയ നാപ്പിന്റെ പേരിലാണ് ഈ പരിഹാസ്യ പദങ്ങള്‍ വന്നത്. കണാപ്പന്‍ എന്ന് പറഞ്ഞാല്‍ സത്യങ്ങളെ നുണയാക്കി പറയുന്ന പെരും നുണയാന്‍ എന്നാണു മലബാര്‍ മലയാളത്തില്‍ അര്‍ത്ഥം. കുണാപ്പിക്കുക എന്ന് പറഞ്ഞാല്‍ തീര്‍ത്തും കളവായ കാര്യം എന്നാണ് ഉദ്ദേശിക്കുന്നത്. കിണാപ്പിലെ പരിപാടി എന്നും ചിലര്‍ പറയാറുണ്ട്. ഒരിക്കലും നടക്കാത്തതും വിജയിക്കാത്തതുമായ പദ്ധതികളെയുമാണ് ഇതുകൊണ്ട് വിവക്ഷിക്കുന്നത്. വാഗണ്‍ കൂട്ടക്കൊലയെ ന്യായീകരിച്ച് റിപ്പോര്‍ട്ട് കൊടുത്ത ഇയാള്‍ക്ക് മാപ്പിളമാര്‍ അര്‍ഹിക്കുന്ന പേര് തന്നെ നല്‍കിയെന്നാണ് ചരിത്ര വിദ്യാര്‍ത്ഥികളും അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നത്. ഇദ്ദേഹം ‘ഡയര്‍ ഓഫ് മലബാര്‍’ എന്നും വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേത്യത്വം നല്‍കിയ ആളായിരുന്നു ഡയര്‍.
വാഗണ്‍ കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയവര്‍ക്കെല്ലാം അല്ലാഹുവിന്റെ ശിക്ഷ ലഭിച്ചുവെന്ന് വിശ്വസിക്കുന്നവരാണ് മാപ്പിളമാര്‍. ഓരോ റെയില്‍വേ സ്റ്റേഷനിലും വണ്ടി നിര്‍ത്തുമ്പോള്‍ വെള്ളം നല്‍കാന്‍ ചുമതലപ്പെടുത്തിയിരുന്ന റയില്‍വേ ട്രാഫിക് ഇന്‍സ്‌പെക്ടര്‍ റീവ്‌സ് എന്നയാളും മറ്റ് നാല് പേരും ഇത് ചെയ്തില്ല. പോത്തന്നൂരില്‍ എത്തുന്നതിനിടയില്‍ 5 സ്ഥലത്ത് വണ്ടി നിര്‍ത്തിയിരുന്നു. ജീവന്‍ നിലനിര്‍ത്താന്‍ തടവുകാര്‍ തീവണ്ടി ഭിത്തിയില്‍ ആഞ്ഞടിച്ചിരുന്നു. ഇത് കേട്ടിട്ടും പോലീസുകാര്‍ ഒന്നും ചെയ്തില്ല. ഈ പോലീസുകാര്‍ തടവുകാര്‍ക്ക് വെള്ളം കൊടുത്തിരുന്നെങ്കില്‍ എല്ലാ സ്റ്റേഷനിലും നിര്‍ത്തിയിരുന്നപ്പോള്‍ വാതിലുകള്‍ തുറന്നിരുന്നെങ്കില്‍ ഈ കൂട്ടക്കൊല സംഭവിക്കുമായിരുന്നില്ല.

റീവ്‌സ് എന്ന പോലീസുകാരന്‍ വാഗണ്‍ കൂട്ടക്കൊല നടന്ന് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഗുരുതരമായ രോഗം ബാധിച്ച് മരിച്ചു. ഈ കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ ഹിച്ച് കൊക്കിനെയും കാലം വെറുതേ വിട്ടില്ല. 1926 ആഗസ്റ്റ് 31 നു വിശാഖപട്ടണം പോലീസ് സൂപ്രണ്ട് ആയിരിക്കെ അള്‍സര്‍ ബാധിച്ച് മരിച്ചു. അന്ന് അയാള്‍ക്ക് 42 വയസ്സായിരുന്നു പ്രായം. മലബാറില്‍ ബ്രിട്ടീഷുകാര്‍ ഹിച്ച് കോക്കിന് ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്മാരകം ഉണ്ടാക്കിയിരുന്നു. വള്ളുവമ്പ്രത്ത് 1920 ഡിസംബറിലാണ് ഇത് നിര്‍മ്മിക്കപ്പെട്ടത്. എന്നാല്‍ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഈ സ്മാരകം 1967 ല്‍ പൊളിച്ചു നീക്കി. ഇപ്പോള്‍ അവിടെയുള്ളത് വാഗണ്‍ കൂട്ടക്കൊലയിലെ വാഗന്റെ രൂപത്തിലുള്ള കെ.എസ്.ആര്‍.ടി.സി ബസ് വെയ്റ്റിംഗ് ഷെഡ് ആണ്. 1944 ല്‍ തന്നെ ഹിച്ച് കോക്ക് സ്മാരകം തകര്‍ക്കാന്‍ പുളിക്കലില്‍ നിന്നും സാഹസികരായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. കമ്പളത്ത് ഗോവിന്ദന്‍ നായര്‍ രചിച്ച
‘ചത്തുപോയ ഹിച്ച്‌കോക്ക് സാഹിബിന്റെ സ്മാരകം
ചാത്തനെ കുടിവെച്ചപോലെ ആ ബലാലിന്‍ സ്മാരകം
നമ്മുടെ നെഞ്ചിലാണാ കല്ലുനാട്ടിവെച്ചത്


നമ്മുടെ കൂട്ടരായണാ സുവര്‍ കൊന്നത്’
എന്ന പടപ്പാട്ടും പാടിക്കൊണ്ടായിരുന്നു ഈ ജാഥ മുന്നോട്ട് പോയത്. എ കെ ജിയും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും ഇടപ്പെട്ട് നെടിയിരുപ്പില്‍ നിന്നും ജാഥയെ നിര്‍ബദ്ധപൂര്‍വ്വം തിരിച്ചയച്ചു. ജാഥ പുറപ്പെട്ട വിവരം കേട്ട് വലിയ സംഘം ഇംഗ്ലീഷ് പട്ടാളം നിറതോക്കുകളുമായി വെള്ളുവമ്പ്രത്തെ സ്മാരകത്തിനു മുന്നില്‍ നിലയുറപ്പിച്ചിരുന്നു. ജാഥയില്‍ ഉണ്ടായിരുന്ന എല്ലാരേയും വെടിവെച്ച് കൊല്ലാനായിരുന്നു അവര്‍ക്ക് മുകളില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശം. 200 പേരായിരുന്നു ആ ജാഥയില്‍ ഉണ്ടായിരുന്നത്.അവര്‍ കൊല്ലപ്പെടാതിരുന്നത് രാഷ്ട്രീയ നേതാക്കളുടെ ഇടപെടല്‍ മൂലമാണ്.1988ല്‍ മലപ്പുറം എം എസ് പിയിലെ ഏതാനും പോലീസ് ഉദ്യോഗസ്ഥര്‍ നേരത്തെ ഇവിടെ പൊളിച്ച് കൊണ്ട് വന്നിട്ടിരുന്ന ഹിച്ച്‌കോക്ക് സ്മാരകത്തിന്റെ കല്ലുകള്‍ ഉപയോഗിച്ച് പരേഡ് ഗ്രൗണ്ടില്‍ പുനര്‍നിര്‍മ്മിക്കാന്‍ വിഫലശ്രമം നടത്തിയിരുന്നു. എന്നാല്‍ അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രി ടി ശിവദാസ മേനോന്‍ ഈ ശ്രമം തടയുകയും ഹിച്ച്‌കോക്ക് സ്മാരകം ബ്രിട്ടനിലാണ് നിര്‍മ്മിക്കേണ്ടതെന്ന് മുന്നറിയിപ്പ് നല്‍കു കയും ചെയ്തിരുന്നു.

ഇംഗ്ലീഷ് ചരിത്രകാരന്മാരും അവരെ പിന്തുണക്കുന്ന സവര്‍ണ്ണ ചരിത്രകാരന്മാരും മലബാര്‍ സമരത്തില്‍ വാരിയന്‍ കുന്നനും കൂട്ടരും ഹിച്ച്‌കോക്കിനെ വള്ളുവമ്പ്രത്ത് വെച്ച് കല്ലെറിഞ്ഞു കൊന്നുവെന്ന് പ്രചരിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ഏറ്റവും പ്രചാരമുള്ള ദിനപത്രം ഇത്തരമൊരു ലേഖനം പ്രസിദ്ധീകരിച്ചപ്പോള്‍ ആംഗ്ലോ-മാപ്പിളയുദ്ധം എന്ന മലബാര്‍ സമരത്തിന്റെ ഏറ്റവും സത്യസന്ധമായ നേര്‍ ചിത്രം പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ച പരേതനായ എ കെ കോഡൂര്‍ അതിന് മറുപടി എഴുതിയിരുന്നു.
വാഗണ്‍ കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ തടവുകാരെ അനുഗമിച്ചിരുന്ന പോലീസ് സര്‍ജന്റ് ആന്‍ഡ്‌റൂസ് ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ഭ്രാന്ത് വന്ന് മരിക്കുകയായിരുന്നു. ആംഡ്‌റൂസിനെ കൂട്ടക്കൊലക്ക് ശേഷം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മദ്രാസ് ഭരണകൂടം സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ സസ്‌പെന്‍ഷന്‍ കാലയളവിലെ ആനുകൂല്യം നല്‍കി മാസങ്ങള്‍ക്കകം തന്നെ പ്രമോഷന്‍ നല്‍കി ഉയര്‍ന്ന പോസ്റ്റില്‍ നിയമിച്ചു. പക്ഷെ ചെയ്ത ക്രൂരകൃത്യമോര്‍ത്ത് അദ്ദേഹത്തിന്റെ മനസിന്റെ സമനില തെറ്റുകയായിരുന്നു.പിന്നീട് ഒരിക്കലും അദ്ദേഹത്തിന് സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ കഴിഞ്ഞിട്ടില്ല.


വാഗണ്‍ കൂട്ടക്കൊലയുടെ ഉത്തരവാദികള്‍ എന്ന പേരില്‍ ബ്രിട്ടന്‍ പരസ്യമായി മാപ്പുപറയണമെന്ന ആവശ്യവുമായി തിരൂര്‍ നഗരസഭ രംഗത്തെത്തിയിരുന്നു. പല സംഭവങ്ങളിലും ഇരകളോട് മാപ്പ് പറഞ്ഞ ചരിത്രം ഇംഗ്ലീഷുകാര്‍ക്ക് ഉണ്ട് . വാഗണ്‍ കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികത്തില്‍ ഈ ആവശ്യമുന്നയിച്ച് ഇന്ത്യ ഗവണ്മെന്റ് മുഖേന ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കത്തെഴുതാനുള്ള തീരുമാനം തിരൂര്‍ നഗരസഭാ കൗണ്‍സില്‍ എടുത്തിരുന്നു. ഇതിനായി വിശദമായ കത്ത് ഇംഗ്ലീഷില്‍ തയ്യാറാക്കി അയച്ചതായി തിരൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ എ.പി.നസീമ പറഞ്ഞു. നിരപരാധികളും സാധാരണക്കാരുമായി അറുപത്തിയേഴ് സമരപോരാളികളെയാണ് കൊടും ക്രൂരതയിലൂടെ അന്നത്തെ ബ്രിട്ടീഷ് ഭരണകൂടം ഇല്ലാതാക്കിയത്. ഇക്കാര്യത്തില്‍ പരസ്യമായ ഖേദപ്രകടനം ഉണ്ടാകുന്നത് വരെ ഇടപെടല്‍ തുടരുമെന്നും അവര്‍ പറഞ്ഞു.
നൂറ്റി മൂന്നാം വാര്‍ഷികത്തിലും വാഗണ്‍ കൂട്ടക്കൊലയുടെ ആരംഭകേന്ദ്രമായ തിരൂര്‍ റയില്‍വേ സ്റ്റേഷനില്‍ നിന്നും ഈ കൊടും ക്രൂരതയുടെ അവസാന അടയാളങ്ങള്‍ പോലും ഇല്ലാതാക്കാനുള്ള കഠിനശ്രമങ്ങളി ലാണ് ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടം. 1861 ലാണ് തിരൂര്‍ റയില്‍വേ സ്റ്റേഷന്‍ നിര്‍മ്മിച്ചത് 60 വര്‍ഷങ്ങള്‍ക്ക് ശേഷം 1921 ല്‍ വാഗണ്‍ കൂട്ടകുരുതിയുടെ തുടക്കവും ഒടുക്കവും ഇവിടെയായിരുന്നു. 100 പേരെ കുത്തികയറ്റിയ ചരക്ക് വാഗണ്‍ യാത്ര തുടങ്ങിയതും വാഗണിനകത്ത് ശ്വാസം മുട്ടി മരിച്ച അറുപത്തിയേഴ് പേരുടെ മൃതദേഹങ്ങളുമായി മടങ്ങി വന്നതും തിരൂര്‍ സ്റ്റേഷനിലേക്ക് തന്നെയായിരുന്നു. വാഗണ്‍ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ചുമര്‍ചിത്രങ്ങള്‍ 2018 നവംബറില്‍ തിരൂര്‍ റയില്‍വേ സ്റ്റേഷന്‍ ചുമരുകളില്‍ നിറയെ വരച്ചിരുന്നു. തിരുന്നവയായിലെ പ്രേം കുമാര്‍ എന്ന ചുമര്‍ചിത്രകാരനായിരുന്നു ഇത് ചെയ്തിരുന്നത്. ചരിത്ര സംഭവങ്ങള്‍ സ്റ്റേഷനുകളില്‍ വരച്ച് ചേര്‍ക്കാനുള്ള റയില്‍വേയുടെ പദ്ധതി പ്രകാരമായിരുന്നു ഇത് ചെയ്തിരുന്നത്. വാഗണ്‍ മനുഷ്യകുരുതിയുടെ എല്ലാ ഭീകരതയും ഒപ്പിയെടുത്ത ചുമര്‍ചിത്രങ്ങള്‍ക്ക് ഏതാനും ദിവസങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളു.സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചിത്രങ്ങള്‍ പൂര്‍ത്തിയായതിന്റെ തൊട്ടടുത്ത ദിവസം തന്നെ അത് മായ്ച്ച് കളഞ്ഞു. മനുഷ്യരുടെ മനസ്സില്‍ നിന്നും ഇതൊരിക്കലും മായ്ച്ചു കളയാന്‍ ആവില്ലെന്ന് അവര്‍ക്കൊരിക്കലും അറിയില്ലായിരുന്നു.
വാഗണ്‍ ദുരന്തത്തിലെ 44 രക്തസാക്ഷികളെ അടക്കിയ കോരങ്ങത്ത് ജുമാ മസ്ജിദിലെ ഖബര്‍സ്ഥാനില്‍ അന്ന് മണ്‍മറഞ്ഞ ധീരരുടെ പേരുകള്‍ കൊത്തി വച്ചൊരു ബോര്‍ഡ് ഉണ്ട്.

അതിലെ അവസാന നാല് പേരുകള്‍ ഇങ്ങനെയാണ് അക്കരവീട്ടില്‍ എന്ന കുന്നപ്പള്ളി അച്ചുതന്‍ നായര്‍, മേലേടത്ത് ശങ്കരന്‍ നായര്‍, കിഴക്കിലാ പാലത്തില്‍ ഉണ്ണി പുറയന്‍, ചോലക്കപ്പറമ്പയില്‍ ചെട്ടി ചിപ്പു.മഞ്ചേരി തൃക്കലങ്ങോട് അംശക്കാരായിരുന്നു ഇവരെല്ലാം. ഈ 4 പേരെയും മറവ് ചെയ്തത് കോരങ്ങത്ത് ജുമാഅത്ത് പള്ളി ഖബരിസ്ഥാനില്‍ നിന്നും അര കിലോമീറ്റര്‍ ദൂരെ വടക്കന്‍ മുത്തൂരില്‍ ചുടല എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അക്കാലത്ത് ഹൈന്ദവരെ മറവു ചെയ്തിരുന്ന സ്മശാനത്തിലായിരുന്നു. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കോരങ്ങത്ത് പള്ളിയിലേക്ക് കൊണ്ടുവന്ന 48 മൃതദേഹങ്ങളെ ഇസ്ലാമിക രീതിയില്‍ മറവുചെയ്യുന്നതിന് മുമ്പായി കുളിപ്പിച്ച് കഫന്‍ ചെയ്യാന്‍ എടുത്തപ്പോഴാണ് 48 മൃതദേഹങ്ങളില്‍ 4 പേര്‍ ഹൈന്ദവരാണെന്ന് മനസ്സിലായതും ആ നാല് പേരുടെ മൃതദേഹങ്ങള്‍ അടുത്തുതന്നെയുള്ള ചുടലയിലേക്ക് കൊണ്ടുപോകുന്നതും അവിടെ മറവ് ചെയ്യുന്നതും. മുത്തൂര്‍ കുന്ന് എന്ന് അറിയപ്പെട്ടിരുന്ന ചുടല ഉള്‍പ്പെടുന്ന വിശാലമായ കുന്നിന്‍പ്രദേശം പില്‍ക്കാലത്ത് വിലകൊടുത്തും അല്ലാതെയും സ്വകാര്യ വ്യക്തികളുടെ അധീനതയില്‍ എത്തുകയും തല്‍ഫലമായി ചുടലയില്‍ ശവസംസ്‌കാരങ്ങള്‍ നടക്കാതാവുകയും ചെയ്തു. ഇപ്പോഴും ആ പ്രദേശം ചുടല എന്ന പേരില്‍ തന്നെയാണ് പഴമക്കാര്‍ക്കിടയില്‍ അറിയപ്പെടുന്നത്.

വാഗണ്‍ കൂട്ടക്കൊലയിലെ മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകങ്ങളായ ഈ നാല് പേരില്‍ ശങ്കരന്‍ നായരും അച്യുതന്‍ നായരും കൃഷിക്കാരായിരുന്നു.അവര്‍ക്ക് സ്വന്തമായി 1000 രൂപയുടെ സ്വത്ത് അക്കാലത്ത് തന്നെ ഉണ്ടായിരുന്നു. മഞ്ചേരി തൃക്കലങ്ങോട്ടെ പ്രമുഖ കുടുംബങ്ങളുമായിരുന്നു. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ഈ രണ്ടു പേരും പരസ്യമായി തന്നെ ബ്രിട്ടീഷുകാര്‍ക്കെതിരെ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. മാപ്പിളമാരുമായി അവര്‍ക്ക് ഉറ്റ ചങ്ങാത്തവുമുണ്ടായിരുന്നു. കൂലി പണിക്കാരനായിരുന്നു ചെട്ടി ചിപ്പു. സ്വര്‍ണ്ണ പണിക്കാരനായിരുന്നു ഉണ്ണി പുറയന്‍. രക്തസാക്ഷി പട്ടികയില്‍ ആശാരി തൊപ്പിയിട്ട അയമദ് , തട്ടാന്‍ തൊപ്പിയിട്ട അയമദ് സ് തുടങ്ങിയ വിശേഷണങ്ങള്‍ കാണുന്നുണ്ട്. അക്കാലത്തെ മലബാറിന്റെ സാമൂഹിക സാഹചര്യങ്ങളിലേക്കുള്ള ചൂണ്ട് പലക കൂടിയാണ് ഈ വിശേഷണങ്ങള്‍.


മലബാര്‍ സമരനായകന്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് ആസാദി വില്ലേജ് എന്ന പേരില്‍ ചോക്കാട് പഞ്ചായത്തിലെ കല്ലാമൂല ചിങ്കക്കലില്‍ ജില്ലാ പഞ്ചായത്ത് സ്മാരകം നിര്‍മ്മിക്കുമെന്ന പ്രഖ്യാപനവും വന്നിട്ടുണ്ട്. ഹാജിയെ ബ്രിട്ടീഷ് പട്ടാളം ചതിയിലൂടെ കിഴ്‌പ്പെടുത്തിയ സ്ഥലത്താണ് പുതിയ സ്മാരകം ഉണ്ടാക്കുന്നത്. പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ജനങ്ങളുടെ കൂടി സഹകരണത്തോടെയായിരിക്കും പദ്ധതിക്കാവിശ്യമായ സ്ഥലമേറ്റടുക്കുക. മൂന്ന് ഏക്കറോളം സ്ഥലം കണ്ട് വെച്ചിട്ടുണ്ടെന്നും ഇത് വാങ്ങുന്നതിനു ഒരു കോടിയോളം രൂപയാണ് ആവശ്യ മായി വരുമെന്നും കണക്കാക്കിയിട്ടുണ്ട് . തുക കണ്ടെത്തുന്നതിന് എ.പി അനില്‍കുമാര്‍ എം എല്‍ എ ചെയര്‍മാനും ഇസ്മായില്‍ മൂത്തേടം കണ്‍വീനറുമായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. വാരിയന്‍കുന്നന്‍ അവസാന കാലത്ത് ഒളിവില്‍ താമസിക്കുകയും അറസ്റ്റിലാവുകയും ചെയ്ത സ്ഥലത്ത് നിര്‍മ്മിക്കുന്ന സ്മാരകത്തില്‍ ചരിത്ര ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സഞ്ചാരികള്‍ക്കും പ്രയോജനമാകുന്ന മ്യൂസിയം, ലൈബ്രറി, ക്യാമ്പ് സൈറ്റ്, ചരിത്ര ചുമര്‍, വാരിയന്‍കുന്നന്‍ സ്മാരകം എന്നിവയുള്‍പ്പെടു ന്നതാവും ആസാദി വില്ലേജ് എന്ന സ്മാരകം. റഫറന്‍സ് സൗകര്യത്തോടെയുള്ള ലൈബ്രറിയും വില്ലേജിന്റെ ഭാഗമായിയുണ്ടാകും. വാഗണ്‍ കൂട്ടക്കൊലയെ കുറിച്ചുള്ള ഗവേഷണങ്ങള്‍ക്കും സ്മാരകത്തില്‍ സൗകര്യമൊരുക്കും. ഈ സ്മാരകത്തിനെതിരെ വര്‍ഗ്ഗീയ വിദ്വേഷ പ്രചരണവുമായി ഹിന്ദു ഐക്യവേദിയും അവരുടെ നേതാവ് കെ.പി. ശശികലയും പരസ്യമായി രംഗത്തുവന്നിരുന്നു.

എന്നാല്‍ ഇതവഗണിച്ച് സ്മാരകം യാധാര്‍ത്ഥ്യമാക്കുമെന്നാണ് എം.എ. റഫീഖയുടെ പ്രതികരണം. വര്‍ഷം നൂറ്റി മൂന്ന് തികഞ്ഞിട്ടും വാഗണ്‍ കൂട്ടക്കൊലയുടെ ഓര്‍മ്മകള്‍ ഇല്ലാതാവുന്നില്ല. അക്കാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള മുന്നൂറ് രൂപയുടെ സഹായം പോലും ആരും വാങ്ങിയിരുന്നില്ല. അവര്‍ പാവങ്ങളായിട്ടുപോലും വാഗണ്‍ കൂട്ടക്കൊലയിലെ രക്തസാക്ഷികള്‍ക്ക് ഉചിതമായ സ്മാരകം ഇപ്പോഴും ഇല്ലെന്നത് ഖേദകരമാണ്. ഭരണാധികാരികള്‍ ഇനിയെങ്കിലും അതിന് മുന്നിട്ടിറങ്ങണം. തിരൂരിലെ വാഗണ്‍ട്രാജഡി ടൗണ്‍ഹാളോ,കുരുവമ്പലത്തെ സ്മാരകമോ ഒന്നും ആ ത്യാഗത്തിന് പകരമല്ലെന്ന് ആര്‍ക്കാണ് അറിയാത്തത് ? യഥാര്‍ത്ഥത്തില്‍ ഈ കൂട്ടക്കുരുതിയുടെ എല്ലാ ഭയാനതകളും സമൂഹത്തെ അറിയിക്കാന്‍ തക്കത്തിലുള്ള ഒരു ചരിത്ര സ്മാരകം ഇനിയും ഉയര്‍ന്ന വരേണ്ടതുണ്ട്. വാഗണ്‍ കൂട്ടക്കൊലയിലെ രക്തസാക്ഷികളെ ഈ നൂറ്റി മൂന്നാം വാര്‍ഷിക വേളയിലും നല്ല മനസ്സോടെ ഓര്‍ക്കാം…

Leave a Reply

Your email address will not be published.