ദേശീയപാതയില്‍ മണ്ണിടിച്ചില്‍:ഗതാഗതം തിരിച്ചുവിട്ടു

ദേശീയപാതയില്‍ മണ്ണിടിച്ചില്‍:ഗതാഗതം തിരിച്ചുവിട്ടു

കോഴിക്കോട്: വടകര മുക്കാളിയില്‍ ദേശീയപാതയില്‍ മണ്ണിടിച്ചില്‍. നിര്‍മാണം നടക്കുന്ന ഭാഗത്തെ സംരക്ഷണഭിത്തിയാണ് തകര്‍ന്നത്. ഇതേതുടര്‍ന്ന് ഗതാഗതം വഴി തിരിച്ചുവിട്ടു. തിങ്കളാഴ്ച രാവിലെയാണ് സംരക്ഷണഭിത്തി തകര്‍ന്നത്. ദേശീയപാത 6 വരിയാക്കി വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി മണ്ണിടിച്ചുതാഴ്ത്തുന്ന ഭാഗമാണ് വന്‍തോതില്‍ ഇടിഞ്ഞുവീണത്. സംരക്ഷണഭിത്തി പൂര്‍ണമായും തകര്‍ന്ന് റോഡില്‍ പതിച്ചു.

തലനാരിഴയ്ക്കാണ് വാഹനങ്ങള്‍ അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടത്. മണ്ണ് നീക്കാതെ ഗതാഗം നടത്താന്‍ കഴിയാത്ത സാഹചര്യമാണ്. കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുന്ന വാഹനങ്ങള്‍ കുഞ്ഞിപ്പള്ളിയില്‍ നിന്നും, കോഴിക്കോട്ട് നിന്ന് കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ കൈനാട്ടിയില്‍ നിന്നും വഴി തിരിച്ച് വിട്ടിരിക്കുകയാണ്. ഫയര്‍ഫോഴ്‌സും പൊലീസും ഉള്‍പ്പടെ സ്ഥലത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷവും ഇവിടെ സമാനമായ രീതിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. അതിനുപിന്നാലെയാണ് ദേശീയപാത അതോറിറ്റി സംരക്ഷണ ഭിത്തി കെട്ടിയത്. ആ ഭിത്തിയാണ് ഇപ്പോൾ മഴയില്‍ പൂര്‍ണമായും തകര്‍ന്നത്.

Leave a Reply

Your email address will not be published.