മതഭരണത്തിന്റെ ചരിത്രം ഓർമ്മിപ്പിക്കുന്നത്

മതഭരണത്തിന്റെ ചരിത്രം ഓർമ്മിപ്പിക്കുന്നത്

ടോമി സെബാസ്റ്റ്യൻ

ക്വാജാർ വംശം ആയിരുന്നു ഇറാൻ ഭരിച്ചിരുന്നത്. പിന്നീട് പഹ് ലവി വംശം അധികാരത്തിലെത്തുകയും 1941 മുതൽ ഷാ മുഹമ്മദ് റേസാ പഹലവി ഭരിച്ചെങ്കിലും 1951-ൽ മുഹമ്മദ് മൊസാഡെഗ് ജനാധിപത്യത്തിലൂടെ അധികാരത്തിൽ എത്തി. എണ്ണ ദേശസാൽക്കരിച്ചതിലൂടെ അമേരിക്കയുടെ കണ്ണിലെ കരടായി മാറിയ മൊസാഡെഗ് സർക്കാരിനെ അമേരിക്ക അട്ടിമറിച്ചു റേസ പഹ്ലവിയെ അധികാരമേല്പിച്ചു. ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ ഒരു സർക്കാരിനെ അമേരിക്ക അട്ടിമറിക്കുന്ന ആദ്യ സംഭവമായിരുന്നു ഇത്. പിന്നീട് 1970 വരെ റേസ പഹ്ലവി ഇറാൻ ഭരിക്കുകയും ചെയ്തു. SAVAK എന്ന രഹസ്യപൊലീസിനെ ഉപയോഗിച്ചു റേസ പഹ്ലവി വിയോജിപ്പുകളെ അടിച്ചമർത്തി. ഒരു ഏകാധിപതി ആയിരുന്നെങ്കിലും ഇറാൻ എന്ന രാജ്യം ആധുനികരിക്കപ്പെട്ടു. എന്നാൽ പാശ്ചാത്യവൽക്കരണവും ആധുനികവൽക്കരണവും ഇസ്ലാമികവിരുദ്ധമാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് ചില യാഥാസ്ഥിതിക മതവിഭാഗങ്ങൾ മുന്നോട്ടുവരികയും മതവിഭാഗങ്ങളുടെ വികാരം ഞങ്ങളുടെയും വികാരമാണ് എന്ന് പറഞ്ഞുകൊണ്ട് ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികൾ സപ്പോർട്ട് കൊടുക്കുകയും ചെയ്തു.

ഇറാനിൽ വിഘടനവാദത്തെത്തുടർന്ന് നാടുകടത്തപ്പെട്ട ആയത്തുള്ള കൊമേനി ഈ അവസരം നോക്കി മതച്ചരടിൽ കോർത്ത പ്രതിഷേധത്തിന്റെ തീ ആളിക്കത്തിച്ചു. ഇതിനൊക്കെ വേണ്ട സഹായങ്ങൾ സദ്ദാം ഹുസൈനും സൗദിയും ഒക്കെ പുറകിൽ നിന്ന് ചെയ്തുകൊണ്ടിരുന്നു. അങ്ങനെ ഷാ ഭരണം അവസാനിക്കുകയും, ഷാ നാടുവിട്ട് ഓടുകയും ചെയ്യുന്നു. അങ്ങനെ ഇംപീരിയൽ സ്റ്റേറ്റ് ഓഫ് ഇറാൻ, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ആയി മാറുന്നു.


മതത്തെ വാരിപ്പുണർന്ന ജനങ്ങൾക്ക് കാര്യം മനസ്സിലാക്കാൻ കുറച്ചു സമയം വേണ്ടിവന്നു. ജീവിതത്തിൻറെ സമസ്തമേഖലകളിലും മതം പിടിമുറുക്കുന്നു. വസ്ത്രം മുതൽ പ്രാണവായു വരെ മതം തീരുമാനിക്കപ്പെടുന്നു. ഏറ്റവും അധികം ബുദ്ധിമുട്ടിയത് സ്ത്രീകളായിരുന്നു. രാജ്യത്ത് നിലനിന്നിരുന്ന നിയമങ്ങൾ പലതും ശരിയാ നിയമങ്ങൾക്ക് വഴിമാറി. ഇതിനെല്ലാം പിന്നിൽ ഇറാക്കാണ് എന്ന് ആരോപിച്ച് വീണ്ടും യുദ്ധങ്ങളും. അതിൻറെ പിന്നിലും മറ്റൊരു കഥയുണ്ട്. ഇറാനിൽ ഇസ്ലാമികവൽക്കരണം നടത്താൻ ആയത്തുള്ള കൊമേനിക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തത് സദ്ദാം ഹുസൈൻ ആയിരുന്നു. അവിടെയും ഇസ്ലാമിക വിപ്ലവം നടത്തണമെന്ന് കൊമേനി പറഞ്ഞപ്പോൾ സദ്ദാമിന് സംഗതിയുടെ ഗൗരവം മനസ്സിലായി. അതാണ് പിന്നീട് യുദ്ധത്തിന് വഴിതെളിച്ചത്. ഒരു വിരോധാഭാസം എന്തെന്നാൽ വിപ്ലവത്തെ അനുകൂലിച്ച ഒരുപാട് വിപ്ലവകാരികളും അവർ വേണ്ടത്ര ഇസ്ലാമികമായി പ്രവർത്തിക്കുന്നില്ല എന്ന ആരോപണം നേരിട്ട് വധശിക്ഷക്കു വിധേയരായി.


സ്വാതന്ത്ര്യത്തിന്റെ ജീവവായു ശ്വസിച്ച മനുഷ്യരുടെ മേൽ ആസ്വാതന്ത്ര്യത്തിൻറെ മുടുപടം ഇട്ട് മറയ്ക്കപ്പെട്ടു.
മതനിയമങ്ങൾ കർശനമാക്കുന്നതിനു വേണ്ടി മത പോലീസുകൾ തെരുവുകളിൽ അഴിഞ്ഞാടി. തലയിലെ ഏതാനും മുടികൾ പുറത്തു കണ്ടു എന്ന പേരിൽ മഹ്സ അമാനി എന്ന പെൺകുട്ടിയെ ഈ മത പോലീസുകാർ മർദ്ദിച്ച് കൊന്നിട്ട് വർഷങ്ങളായി. ഇതിനെതിരെ നടന്ന ജനകീയ പ്രക്ഷോഭത്തിൽ 500ലധികം ആളുകൾ കൊല്ലപ്പെട്ടു. പക്ഷേ മത പോലീസ് ഇപ്പോഴും ഇറാനിൽ മനുഷ്യരുടെ സ്വാതന്ത്ര്യത്തിനുമേൽ പിടിമുറുക്കി ഇരിക്കുകയാണ്.

തങ്ങളുടെ സ്വാർത്ഥലാഭത്തിന് വേണ്ടി ഭരണകൂടങ്ങളെ അമേരിക്ക അട്ടിമറിക്കുമ്പോൾ അവിടെ മതം പിടിമുറുക്കുന്നതും മോചനമില്ലത്ത തരത്തിൽ ജനങ്ങൾ ബുദ്ധിമുട്ടുന്നതും ആണ് അഫ്ഘാനിസ്ഥാനിലും ഇറാക്കിലും ഇറാനിലും കണ്ടു വരുന്നത്. പിടിച്ചതിനെക്കാൾ വലുതാണ് അളയിൽ എന്ന് അമേരിക്ക മനസ്സിലാക്കുന്നില്ല, ചരിത്രപരമായ വിഡ്‌ഢിത്തം ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.

ഇറാന്റെ പുതിയ ഭരണാധികാരിയായി മസൂദ്അവരോധിക്കപ്പെടുന്ന ദിവസം തന്നെ ഇറാന്റെ ഏറ്റവുമധികം സുരക്ഷ ഉള്ള കൊട്ടാരത്തിൽ വച്ച് ഹമാസ് തലവൻ ഇസ്മയിൽ ഹനിയ കൊല്ലപ്പെടുന്നു.  ഈ കൊട്ടാരത്തിൽ മുൻപ് സ്ഥാപിച്ചിരുന്ന ബോംബ് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് കൃത്യസമയത്ത് പൊട്ടിച്ചാണ് ഹനിയയെ കൊലപ്പെടുത്തിയത്!
ഇതിൽ മൊസാദിന്റെ കരങ്ങളാണ് പൊതുവെ എല്ലാവരും കരുതുന്നത് എങ്കിലും വേറെ കുറെ ചോദ്യങ്ങൾ കൂടിയുണ്ട്.


ഇറാന്റെ കൊട്ടാരത്തിന്റെ സുരക്ഷാ ചുമതല ആരാണ് നോക്കുന്നത്? ആ സുരക്ഷാ ഉദ്യോഗസ്ഥർ അറിയാതെ അതിലേക്ക് ഒരു ഈച്ച പോലും കടക്കില്ല. അപ്പോഴാണ് ആ കെട്ടിടത്തിൽ ഇങ്ങനെ ഒരു ബോംബ് വെച്ചത് എന്ന് പറഞ്ഞാൽ ഇറാന്റെ സുരക്ഷാസേനയിൽ പോലും ഇസ്രായേലിന്റെ ആളുകൾ ഉണ്ട് എന്ന് വേണം കരുതാൻ. മാത്രവുമല്ല സ്ഥാനാരോഹണം പോലെ അതീവ സുരക്ഷിതത്വമുള്ള സാഹചര്യത്തിൽ പല രാജ്യങ്ങളിൽ നിന്നും വന്ന വിശിഷ്ട വ്യക്തികൾക്ക് ആ കൊട്ടാരത്തിൽ വിവിധ മുറികളിൽ താമസ സൗകര്യം ഒരുക്കിയിരുന്നു. എങ്കിലും കൃത്യമായി ബോംബ് വെച്ച മുറിയിൽ തന്നെ ഇസ്മയിൽ ഹനിയ അന്ന് താമസിച്ചു എന്ന് പറഞ്ഞാൽ, ബോംബ് വെച്ച മുറി ഏതാണെന്ന് അറിഞ്ഞ് ആ മുറി തന്നെ ഇസ്മയിൽ ഹനിയായ്ക്ക് അലോട്ട് ചെയ്തു.
എന്ന് പറഞ്ഞാൽ വെറും പട്ടാളക്കാർ മാത്രമല്ല അതിനേക്കാൾ ഉയർന്ന ഉന്നത ഉദ്യോഗസ്ഥ/രാഷ്ട്രീയ നിലയിലും ഇസ്രായേലിൻ്റെ ആളുകൾ ഉണ്ട് എന്ന് വേണം മനസ്സിലാക്കാൻ.

ഇസ്മയിൽ ഹനിയ മുറിയിലേക്ക് കയറിയ ഉടൻതന്നെയാണ് ബോംബ് പൊട്ടിയത്. എന്നുവച്ചാൽ അയാൾ മുറിയിലേക്ക് വന്ന സമയം റിമോട്ട് കൈകാര്യം ചെയ്ത ആൾക്ക് കൃത്യമായി കിട്ടി എന്നു വേണം കരുതാൻ.

ഇനി ഖത്തറിന്റെ കാര്യം കൂടി ഒന്ന് പരിശോധിക്കുക
ഹമാസിൻ്റെ നേതാക്കളുടെ സുരക്ഷിത താവളം ആണ് ഖത്തർ
ഇസ്രായേലിനെ സംബന്ധിച്ച് ഖത്തറിൽ പോയി ഇവന്മാരെ തീർക്കുക എന്നത് പൂ പറിക്കുന്നത് പോലെ നിസ്സാരമാണ്
പക്ഷേ ഇസ്രായേൽ അത് ചെയ്യാത്തതിന് കാരണം ഖത്തറിന്റെ സുരക്ഷ അമേരിക്കയുടെ കയ്യിലാണ് എന്നതാണ്. അതായത് ശത്രുവിൽ നിന്നും രക്ഷപ്പെടാൻ ശത്രുവിന്റെ മിത്രത്തെ ആണ് ഖത്തർ കൂട്ടുപിടിച്ചിരിക്കുന്നത്. ഇസ്രായേലിന് എല്ലാവിധ സാമ്പത്തിക ആയുധ പിന്തുണയും നൽകുന്നത് അമേരിക്ക ആണ് എന്ന കാര്യം പോലും ഓർക്കാതെയാണ് ഖത്തർ അവരുടെ സുരക്ഷ അമേരിക്കയെ ഏൽപ്പിച്ചിരിക്കുന്നത്
അമേരിക്ക ഏറ്റെടുത്ത ഒരു ഉത്തരവാദിത്വത്തിൽ ഇസ്രായേൽ അവിടെ പോയി എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാൽ അത് അമേരിക്കയ്ക്ക് ക്ഷീണമാണ്.
ഇനി നാളെ അവിടെ എന്തായിരിക്കും സംഭവിക്കാൻ പോവുക
ഖത്തറിന്റെ സുരക്ഷയ്ക്ക് വേണ്ടി അമേരിക്ക ഇപ്പോൾ വാങ്ങുന്നതിന്റെ 5 ഇരട്ടി പണം ആവശ്യപ്പെട്ടാൽ കരഞ്ഞുകൊണ്ട് കൊടുക്കുക എന്നത് മാത്രമേ ഖത്തറിന് നിർവാഹമുള്ളൂ. ഇല്ലെങ്കിൽ പെട്ടെന്ന് ഒരു ദിവസം അവർക്കുള്ള സുരക്ഷ അമേരിക്ക പിൻവലിക്കും
അമേരിക്ക പോയാൽ ഹമാസിൻ്റെ മടകളും അവരെ സംരക്ഷിച്ചിരുന്ന ഖത്തർ ഭരണാധികാരികളുടെ കോട്ടകളിലും ഇസ്രായേൽ തേർവാഴ്ച നടത്തും
ഇറാന്റെ കൊട്ടാരത്തിൽ ആരുമറിയാതെ ബോംബ് വെച്ച ഇസ്രായേൽ തന്റെ ഒറ്റ ചങ്ങാതി ആയ അമേരിക്കയെ കൊണ്ട് ഇതൊക്കെ ഇതിനോടകം ഖത്തറിൽ ചെയ്തിട്ടുണ്ടാവണം
അതായത് ഖത്തർ ഇപ്പോൾ ഇരിക്കുന്നത് ഒരു പുലിയുടെ പുറത്താണ്. താഴെയിറങ്ങിയാൽ അപ്പോൾ തന്നെ പുലി കഥ കഴിക്കും

ചുരുക്കിപ്പറഞ്ഞാൽ ഇറാനിൽ നടക്കുന്ന ജനങ്ങളുടെ പ്രതിഷേധവും ഇപ്പോൾ ഉണ്ടായ ഹനിയയുടെ വധവും ചേർത്തു വായിച്ചാൽ ഇറാന്റെ അവസ്ഥ ഏകദേശം മനസ്സിലാകും.



ഒരിക്കൽ മതം അഴിഞ്ഞാടിയാൽ അത് വിതയ്ക്കാൻ പോകുന്ന നാശനഷ്ടങ്ങൾ  അപരിഹാര്യമാണ്. മതത്തിൻറെ തേർവാഴ്ചയിലേക്ക് നമ്മുടെ സമൂഹത്തെ തള്ളിയിടുന്നവരും മത ന്യൂനപക്ഷത്തിനു വേണ്ടി അലമുറയിടുന്നവരും ചരിത്രം ഒന്നോർത്തു വയ്ക്കുന്നത് നന്നായിരിക്കും.

Leave a Reply

Your email address will not be published.