മുംബൈ: പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പിൻ്റെ ചെയർമാനുമായ രത്തൻ ടാറ്റ ബുധനാഴ്ച രാത്രി മുംബൈയിലെ ആശുപത്രിയിൽ അന്തരിച്ചു. അദ്ദേഹത്തിന് 86 വയസ്സായിരുന്നു. പത്മവിഭൂഷൺ ജേതാവായ അദ്ദേഹം ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ വച്ചാണ് അന്ത്യശ്വാസം വലിച്ചത്. വാർദ്ധക്യ സഹജമായ പ്രശ്നങ്ങളാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
രത്തൻ ടാറ്റയുടെ വേർപാടിൽ താൻ അങ്ങേയറ്റം വേദനിക്കുന്നുവെന്നും ദീർഘവീക്ഷണമുള്ള ബിസിനസ്സ് നേതാവും അനുകമ്പയുള്ള ആത്മാവും അസാധാരണ മനുഷ്യനുമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
രത്തൻ ടാറ്റയുടെ മരണത്തെ തുടർന്ന് മഹാരാഷ്ട്ര സർക്കാർ വ്യാഴാഴ്ച ‘ദുഃഖാചരണം’ ആചരിക്കും
വ്യവസായി രത്തൻ ടാറ്റയ്ക്ക് സംസ്ഥാന സർക്കാർ സംസ്കാരം നൽകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു. ദക്ഷിണ മുംബൈയിലെ നാഷണൽ സെൻ്റർ ഫോർ പെർഫോമിംഗ് ആർട്സിൽ (എൻസിപിഎ) വ്യാഴാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ജനങ്ങൾ ആദരാഞ്ജലികൾ അർപ്പിക്കാൻ ടാറ്റയുടെ മൃതദേഹം സൂക്ഷിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചതായി മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഷിൻഡെ പറഞ്ഞു.
തുടർച്ചയായി 21 വർഷം ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു അദ്ദേഹം. ടാറ്റ ഗ്രൂപ്പിനെ ഇന്നുകാണുന്ന ആഗോള കമ്പനിയാക്കി പടുത്തുയർത്തി. അക്കാലത്ത് ടാറ്റ ഗ്രൂപ്പിന്റെ വരുമാനം നാല്പതിരട്ടിവരെയും ലാഭം അൻപതിരട്ടിവരെയും വളർന്നു.
ഇന്ത്യക്കാർക്കുവേണ്ടി ഇന്ത്യയിൽ ടാറ്റ ഇൻഡിക്കയിറക്കി. സാധാരണക്കാർക്കും കാറോടിച്ചുനടക്കാൻ അവസരമൊരുക്കി ടാറ്റ നാനോ എത്തിച്ചു. ലോകത്തെ ഏറ്റവും വിലകുറഞ്ഞ, കുഞ്ഞൻ കാർ; അന്ന് അതായിരുന്നു നാനോയുടെ വിശേഷണം. സാധാരണക്കാരെ മനസ്സിലോർത്ത് കുറഞ്ഞവിലയിൽ ‘സ്വച്ഛ്’ വാട്ടർ പ്യൂരിഫയറും അദ്ദേഹം കൊണ്ടുവന്നു.
വിദേശകമ്പനികൾ ഏറ്റെടുത്ത് ടാറ്റയെ ആഗോളതലത്തിൽ വളർത്തി. ബ്രിട്ടനിലെ ടെറ്റ്ലി ടീയെ 2000-ത്തിൽ ഏറ്റെടുത്ത് ‘ടാറ്റ ഗ്ലോബൽ ബെവ്റജസ്’ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ തേയിലക്കമ്പനിയായി. ദക്ഷിണ കൊറിയയിലെ ദെയ്വു മോട്ടോഴ്സ്, ബ്രിട്ടീഷ് ബ്രാൻഡായിരുന്ന ജഗ്വാർ ആൻഡ് ലാൻഡ് റോവർ, ബ്രിട്ടനിലെ കോറസ് ഉരുക്കുകമ്പനി അങ്ങനെ രത്തന്റെ കാലത്ത് ടാറ്റയിൽ ലയിച്ച കമ്പനികളേറെ.
ജെ.ആർ.ഡി. ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബർ 28-നാണ് രത്തന്റെ ജനനം. രത്നം എന്നാണ് ആ പേരിന്റെ അർഥം. മുംബൈയിലെ കാംപിയൻ, കത്തീഡ്രൽ ആൻഡ് ജോൺ കോനൻ സ്കൂളുകളിൽ പഠനം. ന്യൂയോർക്കിലെ ഇത്താക്കയിലുള്ള കോർണൽ സർവകലാശാലയിൽനിന്ന് ബിരുദം. ഇന്ത്യയിൽ മടങ്ങിയെത്തി 1962-ൽ ടാറ്റ മോട്ടോഴ്സിന്റെ പഴയരൂപമായ ടെൽകോയിൽ ട്രെയിനിയായി.
1991-ൽ ജെ.ആർ.ഡി. ടാറ്റയിൽനിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനം ഏറ്റെടുത്തു. 2012 വരെ 21 വർഷം ഈ സ്ഥാനത്ത് തുടർന്നു. ടാറ്റ സൺസിൽ ചെയർമാൻ എമരിറ്റസായ അദ്ദേഹം 2016-ൽ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനെത്തുടർന്ന് ഇടക്കാല ചെയർമാനായി വീണ്ടുമെത്തി. 2017-ൽ എൻ. ചന്ദ്രശേഖരനെ ചെയർമാനാക്കുന്നതുവരെ ആ സ്ഥാനത്തുതുടർന്നു.
അവിവാഹിതനായിരുന്നു ടാറ്റ. മികച്ച പൈലറ്റും. വിദേശസർക്കാരുകളുടേതുൾപ്പെടെ ഒട്ടേറെ ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി
Leave a Reply