മാന്നാർ കൊലയിൽ ‘ദൃശ്യം’ മോഡൽ

മാന്നാർ കൊലയിൽ ‘ദൃശ്യം’ മോഡൽ

ആലപ്പുഴ: മാന്നാര്‍ കല കൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ദൃശ്യം സിനിമയിലേതു പോലെ മൃതദേഹം മാറ്റി കുഴിച്ചിട്ടുവെന്നാണ് കണ്ടെത്തൽ

കലയുടെ മൃതദേഹം ആദ്യം ആറ്റിൽ കളയാനാണ് പ്രതികൾ തീരുമാനിച്ചതെന്നും ഇതിനാണ് വലിയ പെരുമ്പുഴ പാലത്തിനടുത്ത് മൃതദേഹം കാറിൽ എത്തിച്ചതെന്നുമാണ് വിവരം. എന്നാൽ സാഹചര്യം അനുകൂലമല്ലാത്തതിനാൽ മൃതദേഹം ആറ്റിലുപേക്ഷിച്ചില്ല. പിന്നീട് മൃതദേഹം വീട്ടിലെത്തിച്ച് സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്ന് മാറ്റിയതായും പൊലീസ് ഇപ്പോൾ സംശയിക്കുന്നുണ്ട്. 15 വർഷത്തിനിടെ രണ്ട് തവണ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിയിരുന്നുവെന്നാണ് കണ്ടെത്തൽ. സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ച വസ്തുക്കൾ കോടതിക്ക് കൈമാറി.

മാന്നാറിലെ കേസിൽ കൂടുതൽ തെളിവ് ശേഖരണത്തിനാണ് പൊലീസിൻ്റെ ശ്രമം. കസ്റ്റഡിയിൽ വാങ്ങിയ മൂന്ന് പ്രതികളെയും ഇന്ന് വിശദമായി ചോദ്യം ചെയ്യും. കലയുടെ മൃതദേഹം കുഴിച്ചിട്ടു എന്ന് പ്രതികൾ പറഞ്ഞ അനിലിന്റെ വീട്ടിലും കൊലപാതകം നടന്ന വലിയ പെരുമ്പുഴ പാലത്തിലും, മൊഴിയിൽ ഉൾപ്പെട്ട മറ്റിടങ്ങളിലും പ്രതികളെ എത്തിച്ചു തെളിവെടുപ്പ് നടത്തും. 6 ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. ഈ ദിവസങ്ങൾക്കുള്ളിൽ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യം. അനിലിനെ കൂടി കസ്റ്റഡിയിൽ കിട്ടിയാൽ മാത്രമേ കൊലപാതകം എങ്ങനെ നടന്നു എന്ന വ്യക്തമായ ചിത്രം പോലീസിന് ലഭിക്കു.

അനിലിനെ ഇസ്രായേലിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ പോലിസ് വേഗത്തിലാക്കിയിട്ടുണ്ട്. കല കൊല്ലപ്പെട്ടത് 2009 ലാണെന്ന് പറയുമ്പോഴും കൃത്യം നടന്ന സ്ഥലമോ തീയ്യതിയോ പൊലീസിന്റെ പക്കലില്ല. കലയുടെ മൃതദേഹം കുഴിച്ചു മൂടിയത് എവിടെയാണെന്ന് പൊലിസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ സെപ്റ്റിക് ടാങ്കിൽ നിന്ന് കണ്ടെത്തിയ വസ്തുക്കളുടെ രാസപരിശോധനാ ഫലം ലഭിച്ചെങ്കിൽ മാത്രമേ കലയുടെ മൃതദേഹം ഇവിടെയാണ് കുഴിച്ചു മൂടിയതെന്ന് സ്ഥിരീകരിക്കാനാകൂ. രാസപരിശോധന ഫലം മറിച്ചായാൽ പൊലീസിന് തിരിച്ചടിയാകും. കലയുടെ മൃതദേഹം കൊണ്ടുവന്ന കാറുൾപ്പടെ പല തെളിവുകളും ഇനിയും കണ്ടെത്തേണ്ടതുണ്ട്.

Leave a Reply

Your email address will not be published.