എച്ച്.1 എൻ.1 പനി – ജാഗ്രത വേണം

എച്ച്.1 എൻ.1 പനി – ജാഗ്രത വേണം

എറണാകുളം: ജില്ലയിൽ എച്ച് 1 എൻ 1 പനി  അടുത്തിടെ കൂടുതലായി റിപ്പോർട്ട് ചെയ്‌ത്‌ വരുന്നു. ഈ വർഷം ജില്ലയിൽ 134 പേർക്ക് സംശയാസ്പദമായ എച്ച് 1 എൻ 1 രോഗവും
11 പേർക്ക് സ്ഥിരീകരിച്ച H1 N1 രോഗവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്

ഇതിൽ 3 പേർ മരണപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിൽ എല്ലാവരും രോഗത്തിനെതിരെയുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അറിയിക്കുന്നു.

സാധാരണ വരുന്ന ജലദോഷപനി 2 ദിവസത്തിനുള്ളിൽ കുറഞ്ഞില്ലെങ്കിലോ, പനി കൂടുകയാണെങ്കിലോ, ശ്വാസംമുട്ട്, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാലോ ഉടനെ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ വിദഗ്ധ ചികിത്സ തേടേണ്ടതാണ്. ചികിത്സ തേടുന്നതിലുള്ള കാലതാമസം രോഗം ഗുരുതരമാകുവാനും, മരണം വരെ സംഭവിക്കുവാനും ഇടയാക്കും.
വായു വഴിയാണ് രോഗം പകരുന്നത്.രോഗി
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
എച്ച്.1 എൻ.1 രോഗബാധിതരിൽ നിന്നും പുറത്തേക്ക് വരുന്ന രോഗാണുക്കൾ വഴിയാണ് മറ്റുള്ളവരിലേക്ക് രോഗം പകരുന്നത്.
പനി, ചുമ, തൊണ്ടവേദന, തലവേദന, തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗം സാധാരണ ഗതിയിൽ ലഘുവായ ഭക്ഷണക്രമവും വെള്ളവും ആവശ്യത്തിന് വിശ്രമവുമാണ് പ്രധാനം.
എന്നാൽ ഗർഭിണികളിലും, കിഡ്നി, ഹൃദയ, വൃക്ക, പ്രമേഹ സംബന്ധമായ രോഗങ്ങൾ ഉള്ളവരിലും, മറ്റു ഗുരുതര രോഗങ്ങളുള്ളവരിലും എച്ച് 1 എൻ 1 രോഗാണുബാധ ഗുരുതരമാകാനും, മരണം വരെ സംഭവിക്കാനും ഇടയുണ്ട്. അതുകൊണ്ടു രോഗാരംഭത്തിൽ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ നിന്നും വിദഗ്ദ്ധ ചികിത്സ തേടേണ്ടതാണ്.

മുൻകരുതലുകൾ :
•തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറയ്ക്കുക.
•പുറത്ത് പോയി വന്നതിന് ശേഷം കൈകൾ തീർച്ചയായും സോപ്പുപയോഗിച്ച് കഴുകുക.
•രോഗലക്ഷണങ്ങളുള്ളവർ തിരക്കേറിയ മാളുകൾ, തീയേറ്ററുകൾ, തുടങ്ങിയ സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കുക.
•സാധാരണ മാറുന്ന സമയം കൊണ്ട് പനി മാറിയില്ലെങ്കിലോ, പനി കൂടുതലാകുകയാണെങ്കിലോ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണ്.
•ഗർഭാവസ്ഥയിൽ രോഗം ബാധിച്ചാൽ അത് ഗുരുതരമാകാനിടയുണ്ട്. ഗർഭിണികളിൽ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ എച്ച്.1 എൻ.1 പനിക്കെതിരായ ചികിത്സ ആരംഭിക്കണം. എച്ച്.1 എൻ.1പനിക്കെതിരായ ഫലപ്രദമായ മരുന്ന് എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭിക്കുന്നതാണ്.
*രോഗബാധയുള്ളവർ സ്കൂൾ, ഓഫീസ് ,എന്നിവിടങ്ങളിൽ നിന്നും വിട്ടു നിൽക്കണം. ഏതെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സഒഴിവാക്കി ഡോക്ടറെ കാണേണ്ടതാണ്.

Leave a Reply

Your email address will not be published.