കുഞ്ഞുകൈകള്‍ എറിഞ്ഞുലക്ഷം വിത്തുപന്തുകള്‍

കുഞ്ഞുകൈകള്‍ എറിഞ്ഞുലക്ഷം വിത്തുപന്തുകള്‍

സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടികളുടെ ഭാഗമായി ജില്ലയിലെ 1024 വിദ്യാലയങ്ങളിലും 3030 അങ്കണവാടികളിലും തയ്യാറാക്കിയ ആയിരക്കണക്കിന് വിത്തുപന്തുകള്‍, കുഞ്ഞുകൈകള്‍ ഭൂമിയിലേക്ക് എറിഞ്ഞു. ജില്ലാതല ഉദ്ഘാടനം പീച്ചി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റവന്യൂ ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ് അധ്യക്ഷനായി.

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു, ഗ്രാമപഞ്ചായത്ത് അംഗം ബാബു തോമസ്, കെ.എഫ്.ആര്‍.ഐ. ഔഷധ സസ്യ ബോര്‍ഡ് റീജിയണല്‍ ഡയറക്ടര്‍ ഡോ കെ സി ചാക്കോ, കാര്‍ഷിക കോളേജ് മുന്‍ ഡീന്‍ ഡോ കെ വിദ്യാസാഗര്‍, ജില്ലാ പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷന്‍ ടി വി മദനമോഹനന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ എം ശ്രീജ, സമേതം അസി കോര്‍ഡിനേറ്റര്‍ വി മനോജ്, ഒല്ലൂക്കര ബിപിസി സുനില്‍ ജോണ്‍ മാത്യു, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ എ ഗിരീശന്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി രേഖാ രവീന്ദ്രന്‍, പി ടി എ പ്രസിഡന്റ് മുബീന നസീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ കെ അജിതകുമാരി സ്വാഗതവും ഹരിതസമേതം കണ്‍വീനര്‍ എന്‍ ജെ ജെയിംസ് നന്ദിയും പറഞ്ഞു.

പന്തുകളില്‍ അടക്കം ചെയ്ത വിത്തുകള്‍ മഴയത്ത് മുളച്ചു പൊന്തി ഭൂമിയെ ഹരിതാഭമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. ലോകത്തെമ്പാടും പരിസ്ഥിതി ശാസ്ത്രജ്ഞന്മാര്‍ ആവിഷ്‌കരിച്ച് ബഹുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് സീഡ് ബോള്‍ നിര്‍മാണവും സീഡ് ബോംബിങ്ങും. ‘കാലാവസ്ഥാ വ്യതിയാനം മരം ഒരു പ്രതിവിധി’ എന്ന കാഴ്ചപ്പാടിനെ മുന്‍നിര്‍ത്തി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ച സുസ്ഥിര വികസനത്തിനായുള്ള 17 ലക്ഷ്യങ്ങളില്‍ 13-മത്, ‘ക്ലൈമെറ്റ് ആക്ഷന്‍’ എന്ന പ്രവര്‍ത്തനത്തിന്റെ പ്രായോഗിക രൂപമാണ് പ്രാദേശിക തലങ്ങളില്‍ വിത്തു പന്തുകളായി രൂപപ്പെട്ടിട്ടുള്ളത്.

ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും അങ്കണവാടികളിലെ കുട്ടികള്‍ മുതല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ വരെ പ്രവര്‍ത്തനത്തില്‍ പങ്കാളികളായിട്ടുണ്ട്. ജില്ലയിലെമ്പാടും ഇതേ സമയം നടന്ന സീഡ് ബോംബിങ്ങ് പരിപാടിയില്‍ കുട്ടികള്‍ക്കൊപ്പം ജനപ്രതിനിധികള്‍, പ്രാദേശിക വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, സാമൂഹ്യ ശാസ്ത്രജ്ഞന്‍മാര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കാളികളായി. അടുത്ത മൂന്നോ നാലോ വര്‍ഷക്കാലം തുടര്‍ച്ചയായി ജില്ലയിലെമ്പാടും വിത്തു പന്തിന്റെ നിര്‍മാണവും സീഡ് ബോബിങ്ങും സംഘടിപ്പിക്കാനാണ് സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടി പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published.