ഒരു പരീക്ഷണത്തിനുള്ള ബാല്യമുണ്ടോ ഇനി വയനാടിന്

ഒരു പരീക്ഷണത്തിനുള്ള ബാല്യമുണ്ടോ ഇനി വയനാടിന്

ഒരു പരീക്ഷണത്തിനുള്ള ബാല്യമുണ്ടോ ഇനി വയനാടിന്

അതീവ പരിസ്ഥിതി ലോല പ്രദേശമായ വയനാട്ടില്‍ ഒരു തുരങ്കം വരുമ്പോള്‍ യാതൊരു പഠനവും നടക്കാതിരുന്നാല്‍ വലിയ വിലയായിരിക്കും കൊടുക്കേണ്ടി വരുന്നത്. അതുകൊണ്ടു തന്നെ തുരങ്കം സംബന്ധിച്ച തീരുമാനത്തില്‍ സര്‍ക്കാര്‍ കൃത്യവും സുതാര്യവുമായ പാരിസ്ഥിതിക പഠനം നടത്തേണ്ടതുണ്ട്. മെഡ്‌ലിങ് മീഡിയ സ്റ്റാന്റ് പോയിന്റില്‍ അഡ്വ. ഹരീഷ് വാസുദേവന്‍ എഴുതുന്ന പൊയ്തുരങ്കം എന്ന ലേഖനത്തില്‍ മൂന്നാം ഭാഗം വായിക്കാം ഭാഗം വായിക്കാം.

മഴ പെയ്യുമ്പോള്‍ ഉയരത്തില്‍ നിന്നു കുത്തനെ വെള്ളം താഴേയ്ക്ക് വരികയും അതു തുരങ്കത്തിന്റെ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കുകയും ചെയ്യും. ഇത്തരം പ്രശ്‌നങ്ങളെ എങ്ങനെയാണ് മറികടക്കുക എന്നത് വളരെ കൃത്യമായി വിശദീകരിക്കുന്ന പഠനങ്ങള്‍ പുറത്തു വന്നതിനു ശേഷമേ സര്‍ക്കാര്‍ തീരുമാനങ്ങളെടുക്കാന്‍ പാടുണ്ടായിരുന്നുള്ളൂ. സമതലത്തില്‍ തുരങ്കം നിര്‍മിച്ചു മാത്രം പരിചയമുള്ള കൊങ്കണ്‍ റെയ്ല്‍ കോര്‍പ്പറേഷന്‍ ഇന്നു വരെ ഇത്തരമൊരു തുരങ്കം നിര്‍മിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഇതൊരു പരീക്ഷണ അടിസ്ഥാനത്തിലല്ലേ ഇതവരെ ഏല്‍പ്പിച്ചത് എന്ന സംശയമുണ്ട്. അത്തരമൊരു പരീക്ഷണം നടത്താനുള്ള സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികമായ ഒരു കഴിവ് ഇന്നു കേരളത്തിനുണ്ടോ എന്ന് ആലോചിക്കേണ്ടതാണ്. ആ പ്രദേശത്തെ മണ്ണിടിച്ചില്‍ വര്‍ധിക്കുകയോ ഈ തുരങ്കപാത ദീര്‍ഘകാല ഉപയോഗത്തില്‍ സാധ്യമല്ലാതിരിക്കുകയോ ചെയ്യുമ്പോള്‍ മറ്റൊരു കുതിരാന്‍ തുരങ്കമായി മാറുകയും സംസ്ഥാന സര്‍ക്കാരിന് അതിഭീമമായ വലിയ സാമ്പത്തിക ബാധ്യതയാകുകയും ചെയ്യും. മാത്രമല്ല സമീപപ്രദേശങ്ങളിലെ വീടുകള്‍ക്കും കാടിനും അതിന്റെ ആവാസ വ്യവസ്ഥയ്ക്കും ഈ തുരങ്കമുണ്ടാക്കുന്ന പാരിസ്ഥിതികമായ അപകടങ്ങളില്‍ നിന്ന് മുക്തി നേടുക എളുപ്പമായിരിക്കുകയുമില്ല.

ഒരു വലിയ മല, അതിന്റെ സ്ഥിരതയെ പ്രധാനമായും ബാധിക്കുന്നത് അതിന്റെ ജലആകിരണ ശേഷിയാണ്. നടുക്ക് തുള വീഴുന്നതോടെ ഈ ജല ആകിരണശേഷി നഷ്ടപ്പെടുമെന്നത് ലളിതമായ യുക്തിയാണ്. ആ വലിയ മലയെ തുരങ്ക നിര്‍മിതിയിലൂടെ തുളയ്ക്കുമ്പോള്‍ നഷട്‌പ്പെടുന്ന ജലആകിരണ ശേഷി എങ്ങനെയൊക്കെ യാണ് അതിന്റെ മുകളിലുള്ള വനത്തെയും അതിന്റെ നിലനില്‍പ്പിനെയും ബാധിക്കുക എന്നത് ഗൗരവമായി പഠിക്കേണ്ട ഒന്നാണ്. അത്തരം പഠനങ്ങള്‍ നടത്തുമെന്ന് പേരിന് പറയുന്നതല്ലാതെ അത്തരം പഠനങ്ങള്‍ നടത്തി സുസ്ഥിരമായ ഒരു വികസനമാണ് അവിടെയുണ്ടാകുക എന്നു പൊതുസമൂഹത്തെ ബോധ്യപ്പെടുത്താതെ എന്തിനാണ് സര്‍ക്കാര്‍ തിടുക്കപ്പെട്ട് ഈ പദ്ധതി പ്രഖ്യാപിച്ചത്. മാത്രമല്ല തുരങ്കം മാത്രമാണ് ഗതാഗത പ്രശ്‌നത്തിനു പരിഹാരമെന്നു തീരുമാനിച്ചതിന്റെ കാരണവും വ്യക്തമല്ല.

മറക്കരുത് മൂന്നാറിലെ ഗ്യാപ് റോഡ്

പഠനങ്ങളുടെ അഭാവത്തില്‍ തീരുമാനമെടുക്കുക വഴി പദ്ധതിയുടെ താത്പര്യം മറ്റെന്തോ ആണെന്നു വ്യക്തമാണ്. അതു ശരിയായ താത്പര്യമാണോ തെറ്റായ താത്പര്യമാണോ എന്നു മനസിലാക്കാന്‍ മൂന്നാര്‍ വഴി കടന്നു പോകുന്ന ദേശീയപാതയുടെ നിര്‍മാണത്തില്‍ ഈയടുത്ത കാലത്തുണ്ടായ സംഭവ വികാസങ്ങള്‍ പരിശോധിച്ചാല്‍ മതി. ദേശീയപാതാ വികസനത്തിന്റെ പേരില്‍, ഗ്യാപ് റോഡ് വികസനത്തിന്റെ പേരില്‍ ഒരു നൂറ്റാണ്ടിലധികം കാലമായി ബ്രിട്ടീഷുകാര്‍ ശരിയാം വണ്ണം പരിചരിച്ചു പോന്നിരുന്ന ശാസ്ത്രീയമായി നിര്‍മിച്ച ഗ്യാപ് റോഡിനെ മലയിടിച്ച് വികസിപ്പിക്കാന്‍ ശ്രമിക്കുകയും അശാസ്ത്രീയമായ മലയിടിക്കല്‍ മൂലം ആ പ്രദേശത്തുള്ള വന്‍പാറ നിക്ഷേപം കടത്തിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയും ചെയ്തിരിക്കുന്നു. റോഡ് നിര്‍മാണത്തിന്റെ പേരില്‍ ലക്ഷക്കണക്കിന് ടണ്‍ പാറ കടത്തിക്കൊണ്ടു പോകുകയും അതു വലിയ മലയിടിച്ചിലില്‍ കലാശിക്കുകയും ആളുകള്‍ മരിയ്ക്കുകയും ഏക്കര്‍ കണക്കിന് കൃഷി ഭൂമി നശിച്ചു പോകുകയും ചെയ്യുന്ന സ്ഥിതിയുണ്ടാവുകയും ചെയ്തു. ഇന്നും മൂന്നാറിലെ ഗ്യാപ് റോഡ് നിര്‍മാണത്തിന്റെ പേരില്‍ കടത്തിക്കൊണ്ടു പോയ കോടിക്കണക്കിന് രൂപയുടെ പാറയോ അശാസ്ത്രീയമായി നിര്‍മാണം നടത്തിയതു വഴി സര്‍ക്കാരിനുണ്ടായ നഷ്ടമോ തിട്ടപ്പെടുത്തിയിട്ടില്ല. ആര്‍ക്കെതിരെയും ഒരു നിയമനടപടിയും സ്വീകരിച്ചിട്ടുമില്ല. റോഡ് നിര്‍മാണത്തിന്റെ മറവില്‍ നൂറുകണക്കിന് കോടിയുടെ പാറ കടത്തുക എന്ന നാടകമാണ് ഗ്യാപ് റോഡ് നിര്‍മാണത്തിന്റെ പേരില്‍ ഇടുക്കിയില്‍ അരങ്ങേറിയത്. സര്‍ക്കാരിന്റെ വിവിധ തട്ടിലുള്ള ഉദ്യോഗസ്ഥര്‍ ഒത്തു ചേര്‍ന്നു കൊണ്ടാണ് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നത് എന്നതും ഇതിനെതിരെ സംസാരിക്കുന്നവര്‍ വികസന വിരോധികളാവുന്നതും ഇടുക്കിയില്‍ നാം കണ്ടു.
വികസനത്തിന്റെ പേരില്‍ നടക്കുന്ന ഇത്തരം അശാസ്ത്രീയ തീരുമാനങ്ങള്‍ വഴി ഇപ്പോള്‍ ഗ്യാപ് റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിര്‍ത്തി വച്ചിരിക്കുന്നു. ഫലത്തില്‍ പ്രദേശവാസികള്‍ക്കു തന്നെയാണ് ഈ അശാസ്ത്രീയ നിര്‍മാണത്തിന്റെ ദുരിതം നേരിടേണ്ടി വന്നിരിക്കുന്നത് എന്നാണ് ഇടുക്കിയുടെ പാഠം.

അശാസ്ത്രീയ നിര്‍മാണങ്ങളുടെ പാരിസ്ഥിതികമായ അപകടങ്ങള്‍ ഏറ്റുവാങ്ങുകയും യഥാര്‍ത്ഥത്തില്‍ നടക്കേണ്ട ശാസ്ത്രീയ വികസനങ്ങളുടെ ഗുണം ലഭ്യമാകാതിരിക്കുകയും ചെയ്യുന്നത് പ്രദേശവാസികള്‍ തന്നെയാണ്. എന്നാല്‍ പ്രാദേശിക വികസന വാദം ഉന്നയിച്ചുകകൊണ്ടാണ് യഥാര്‍ത്ഥത്തില്‍ നടക്കേണ്ട സംവാദങ്ങളെ സര്‍ക്കാര്‍ വഴിതിരിച്ചു വിടുകയോ അവഗണിക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നത് എന്നതാണ് വൈരുദ്ധ്യം. ഇതൊരു വികസന അന്ധവിശ്വാസമല്ലേ എന്നു ചോദിക്കാതെ തരമില്ല. ലോകത്തെ എല്ലാ രാജ്യങ്ങളിലെയും വികസന പാതകള്‍ ആ പ്രദേശത്തിന്റെ ചരിത്രപരവും സാമൂഹികപരവുമായ പ്രത്യേകതകള്‍ സംരക്ഷിച്ചുകൊണ്ടാണ് നടക്കുന്നതെന്ന് ലോകം ചുറ്റി സഞ്ചരിച്ച മുഴുവന്‍ മനുഷ്യര്‍ക്കും കാണാവുന്നതാണ്. താമരശേരി ചുരത്തെ അതിന്റെ എല്ലാ ചരിത്ര പ്രത്യേകതകളും നിലനില്‍ത്തിക്കൊണ്ട് എങ്ങനെ വിപുലീകരിക്കാം വികസിപ്പിക്കാം എന്നു ശാസ്ത്രീയമായി പരിശോധിക്കുന്നതോടൊപ്പം ഇത്തരമൊരു ടണല്‍ സാങ്കേതികമായും പാരിസ്ഥികമായും സാധ്യമാണോ എന്നു പരിശോധിക്കുന്നതും നല്ല കാര്യമാണ്. ഈ താരതമ്യ പരിശോധനകള്‍ക്കു ശേഷം സുസ്ഥിരമായി നിലനില്‍ക്കുമെങ്കില്‍ ഈ തുരങ്കം എത്രയും വേഗം നിര്‍മിക്കേണ്ടതുമാണ്.

വികസന വിരുദ്ധ ചാപ്പയ്ക്കു പിന്നിലെ താത്പര്യം

അനുഭവങ്ങളുടെ വെളിച്ചത്തില്‍ തീരുമാനമെടുക്കല്‍ പ്രക്രിയയുടെ അശാസ്ത്രീയതയില്‍ നിയമവിരുദ്ധതയും ചോദ്യം ചെയ്യുമ്പോള്‍ അവര്‍ വികസന വിരോധികളാണ് എന്നു ചാപ്പ കുത്തുന്നത് യഥാര്‍ത്ഥത്തിലുള്ള പരിശോധനയെ അട്ടിമറിക്കുന്നതിനാണ്. ചോദ്യം ചോദിക്കുന്നവരെല്ലാം ഈ പദ്ധതി അട്ടിമറിക്കാന്‍ വരുന്നവരാണ് എന്ന തോന്നലും നിക്ഷിപ്ത് താത്പര്യത്തില്‍ നിന്നുണ്ടാവുന്നതാണ്. ഏതു പദ്ധതി സംബന്ധിച്ചും ശരിയാംവണ്ണമുള്ള ചോദ്യവും ചോദ്യം ചെയ്യലുകളും യഥാര്‍ത്ഥത്തില്‍ നടക്കേണ്ട പരിശോധനകള്‍ നടത്താന്‍ വേണ്ടി മാത്രമേ ഉപകരിക്കൂ. അത്തരം പരിശോധനകള്‍ക്കു ശേഷം വിശദമായ പ്രോജക്റ്റ് റിപ്പോര്‍ട്ട് തയാറാക്കി അതിലെ ഗുണദോഷങ്ങള്‍ പരിശോധിച്ചു കൊണ്ട് ഒരു തീരുമാനമെടുത്താല്‍ ഒരു പൗരനും അതിനെ എതിര്‍ക്കുമെന്നു തോന്നുന്നില്ല. അത്തരം പദ്ധതികളുടെ പഠനങ്ങളുടെ വിശകലനങ്ങളുടെ നിരീക്ഷണങ്ങളുടെ അഭാവത്തില്‍ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം തന്നെ തീരുമാനിക്കുകയും പദ്ധതി ഉറപ്പായും നടപ്പാക്കും എന്നു പറയുകയും ചെയ്യുമ്പോള്‍ പിന്നെ എന്തിനാണ് ഈ പഠനങ്ങള്‍ നടക്കുന്നത് എന്ന സംശയം ബലപ്പെടുന്നു. പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക ആഘാത, സംവേദക മേഖലകള്‍ പ്രഖ്യാപിച്ചിട്ടുള്ള ഗാഡ്ഗില്‍ റിപ്പോര്‍ട്ടായാലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടായാലും അതിനു ശേഷം വന്നിട്ടുള്ള വിജ്ഞ്ാപനങ്ങളായാലും ഈ പ്രദേശങ്ങളെ സംരക്ഷിക്കാന്‍ പ്രത്യേക നിയമകവചം ഒരുക്കുന്നതാണ്. ഇത്ര വലിയ ആഘാതമുള്ള ഒരു പദ്ധതി സാങ്കേതികമായി പാരിസ്ഥിതിക പരിശോധനകളിലൂടെ കടന്നു പോകുന്നു എന്നുറപ്പാക്കല്‍ മാത്രമല്ല. അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ നേടുന്നതു പോലെ പാരിസ്ഥിതികമായ ആഘാതമോ പ്രദേശവാസികളുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുകയില്ല എന്നുറപ്പു വരുത്തുക കൂടി സംസ്ഥാന സര്‍ക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതകളിലൊന്നാണ്.
നൂറ്റാണ്ടുകളുടെ കച്ചവട പാരമ്പര്യവും ചരിത്ര പശ്ചാത്തലവും പരിശോധിക്കുമ്പോള്‍ താമരശേരി ചുരം അന്താരാഷ്ട്ര പൈതൃകപട്ടികയില്‍പെടേണ്ട സ്ഥലമാണ്. ലോകത്ത് മറ്റു പലയിടത്തും നടക്കുന്നതു പോലെയുള്ള മാതൃകാപരമായ ടൂറിസം നടപ്പാക്കാനും പ്രാദേശികമായ ജനവിഭാഗങ്ങളുടെ ജീവിതസാഹചര്യങ്ങള്‍ തടസപ്പെടുത്താതെ ടൂറിസം വികസനം സാധ്യമാക്കാനും നിലനില്‍ക്കുന്ന താമരശേരി ചുരത്തെ എങ്ങനെ സുസ്ഥിരമായി വികസിപ്പിക്കാം എന്ന ഗൗരവമായ ആലോചനകള്‍ ഇതോടൊപ്പം നടത്തേണ്ടതുമാണ്. ഈ സാധ്യതകളെല്ലാം ജനങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിച്ച് സുതാര്യമായ ഒരു പ്രക്രിയയിലൂടെ തീരുമനാമെടുത്ത് നടപ്പാക്കുകയാണെങ്കില്‍ ഒരു പദ്ധതിയെപറ്റിയും ജനങ്ങള്‍ക്ക് സംശയങ്ങളോ എതിര്‍പ്പുകളോ ഉണ്ടാവില്ലായെന്നത് വ്യക്തമാണ്.

കടലില്‍ കളഞ്ഞ കോടികള്‍

ഏതു പദ്ധതി നടപ്പാക്കുമ്പോഴും അതു സംബന്ധിച്ച ശരിയായ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെ ഒഴിവാക്കുക എന്നതിന് ഉപയോഗിക്കുന്ന പദപ്രയോഗമാണിന്ന് സ്വപ്‌നപദ്ധതി എന്നത്. ഏതു പദ്ധതിയെയും സ്വപ്‌നപദ്ധതിയെന്ന പേരില്‍ പരസ്യം ചെയ്താല്‍ മാധ്യമങ്ങളോ യഥാര്‍ത്ഥ ചോദ്യം ചോദിക്കുന്ന മനുഷ്യരോ പിന്നീട് നിശബ്ദരാകേണ്ടി വരുന്നുണ്ട്. സ്വപ്‌ന പദ്ധതിയായി പദ്ധതികളെ പ്രഖ്യാപിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നടത്തേണ്ട പരിശോധനകള്‍ നടത്താന്‍ ഉദ്യോഗസ്ഥരും മടിക്കും. നമ്മുടെ നിയമസംവിധാനത്തില്‍ ഇത്തരം പരിശോധനകള്‍ ശരിയാംവണ്ണം നിര്‍വഹിക്കേണ്ട ഉദ്യോഗസ്ഥ സംവിധാനത്തെയും വിദഗ്ദ സമിതികളെയും മാനസികമായി സമ്മര്‍ദ്ദത്തിലാഴ്ത്തുന്നതാണ് സ്വപ്‌നപദ്ധതി എന്ന പ്രയോഗം. ഓരോ പദ്ധതിയും സ്വപ്‌ന പദ്ധതിയായി മുഖ്യമന്ത്രി തന്നെ പ്രഖ്യാപിക്കുമ്പോള്‍ പിന്നീട് നടക്കേണ്ട പരിശോധനാ സംവിധാനങ്ങള്‍ ഏകപക്ഷീയമായി പോകുന്നതുവെന്നത് ഏതു പദ്ധതിയുടെ ചരിത്രം പരിസോധിച്ചാലും നമുക്ക് മനസിലാകും. 2000 കോടിയിലധികം രൂപ ചെലവിട്ടാണ് കൊച്ചിയില്‍ അന്താരാഷ്ട്ര കണ്ടയ്‌നര്‍ ടെര്‍മിനലും അതിനോട് ചേര്‍ന്ന ഏറ്റവും നീളമുള്ള റെയ്ല്‍ പാലവും പണിതത് എന്നു നമ്മള്‍ ഓര്‍ക്കണം. പ്രധാനമന്ത്രി സ്വപ്‌നപദ്ധതിയായി വിശേഷിപ്പിച്ച ഈ പദ്ധതികള്‍ സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നല്ലാതെ ഒരു വികസനവും നാടിനു കൊണ്ടു വന്നില്ലയെന്നത് നമുക്ക് മുന്നില്‍ തുറിച്ചു നോക്കുന്ന യാഥാര്‍ത്ഥ്യങ്ങളില്‍ ഒന്നാണ്. അന്ന് ചോദ്യം ചോദിച്ചവര്‍ ശരിയായിരുന്നുവെന്നതാണ് ഇന്നു തെളിയുന്നത്. ആ ചോദ്യങ്ങള്‍ അവഗണിക്കുക വഴി സര്‍ക്കാര്‍ നൂറു കണക്കിന് കോടി രൂപയാണ് കടലില്‍ കലക്കി കളഞ്ഞത് എന്നതും കാണാവുന്നതാണ്. ഇന്നും യഥാര്‍ത്ഥ ചോദ്യം ചോദിക്കുന്നവര്‍ വികസന വിരോധികലായി ചിത്രീകരിക്കപ്പെടുകയും ആ ചോദ്യങ്ങളെ അവഗണിക്കുക വഴി സര്‍ക്കാര്‍ കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്യുന്നുവെന്നാണ് നമ്മുടെ അനുഭവം. ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ള പ്രദേശങ്ങളിലൊന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലം കൂടിയാണ്. സാധാരണ ലഭ്യമാകുന്ന മഴയുടെ എത്രയോ ഇരട്ടിയാണ് ഈ പാത തുടങ്ങുന്ന വയനാട്ടിലെ പ്രദേശത്ത് ലഭിക്കുന്നത്. അതുകൊണ്ടു തന്നെ അതിന്റെ പാരിസ്ഥിതിക ആഘാതങ്ങള്‍ പ്രത്യേകമായി പരിഗണിക്കേണ്ടതാണ്. ഏഷ്യന്‍ ആനകള്‍ കടന്നു പോകുന്ന സഞ്ചാരപാതകളെ ഈ നിര്‍മാണം എങ്ങനെയാണ് ബാധിക്കുകയെന്നതു പരിശോധിക്കേണ്ടി വരും. ഇല്ലെങ്കില്‍ സഞ്ചാര പാതകള്‍ സംരക്ഷിക്കാന്‍ സുപ്രീംകോടതി നടത്തുന്ന ശ്രമങ്ങളില്‍ നാളെ ഈ പദ്ധതിയും കുടുങ്ങി പോകാന്‍ സാധ്യതയുണ്ട്.

തുടരും…..

Leave a Reply

Your email address will not be published.