മാലിന്യമുക്ത നവകേരളം – ജില്ലാതല ശിൽപ്പശാല

യൂസർ ഫീ കളക്ഷൻ 100 % എത്തിക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട് ഹരിത കർമ്മ സേനയ്ക്ക് നൽകുന്ന യൂസർ ഫീ കളക്ഷനിൽ ജില്ല 100 % കൈവരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ. മാലിന്യ മുക്തം നവകേരളം ക്യാമ്പെയ്നുമായി ബന്ധപ്പെട്ട് മുൻ വർഷത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമായി തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ സ്ഥാപന അധ്യക്ഷന്മാർക്കായി സംഘടിപ്പിച്ച ജില്ലാതല ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാലിന്യ സംസ്കരണ മേഖലയിൽ ജില്ലയുടെ പ്രവർത്തനം യോഗത്തിൽ വിലയിരുത്തി. മാലിന്യ സംസ്കരണ മേഖലയിൽ ജില്ല എട്ടാം സ്ഥാനത്താണ്. 5.61 ആണ് ജില്ലയുടെ സ്കോർ. മാലിന്യ സംസ്കരണ മേഖലയിൽ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് എല്ലാ അധ്യക്ഷന്മാരും ശക്തമായി പ്രവർത്തിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ വി. പ്രദീപ് കുമാർ പറഞ്ഞു. മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ ഒരു ഉദ്യോഗസ്ഥനെ നിയോഗിച്ച് കൃത്യമായി അവലോകനം ചെയ്യണം. മിനി എംസിഎഫുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തണം. നിയമലംഘനങ്ങൾ കർശനമായി കണ്ടെത്തണം. എൻഫോഴ്സ്മെൻ്റ് സ്ക്വാഡുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തണം. ഹരിത മിത്രം ആപ്പിൻ്റെ പ്രവർത്തനം സജീവമാക്കണം. മാലിന്യ സംസ്കരണ പദ്ധതി നിർവഹണം കാര്യക്ഷമമാക്കണം. എം സി എഫിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും മാലിന്യ നീക്കം ഊർജിതമാക്കുകയും ചെയ്യണം.

മാലിന്യ സംസ്കരണ മേഖലയിലെ വിവിധ ഫണ്ടുകളെക്കുറിച്ച് ശുചിത്വ മിഷൻ ജില്ലാ കോ-ഓഡിനേറ്റർ നിഫി എസ് ഹഖ് വിശദീകരിച്ചു. ഈ മേഖലയിൽ ലഭ്യമായ ഫണ്ടുകൾ ഏതെല്ലാം വിധത്തിൽ വിനിയോഗിക്കാമെന്ന് അദ്ദേഹം വിശദമാക്കി.

2023-24 സാമ്പത്തിക വർഷം ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്ത മാലിന്യ സംസ്കരണ പദ്ധതികളുടെ വിശദാംശങ്ങൾ ജില്ലാ പ്ലാനിംഗ് ഓഫീസിനെ പ്രതിനിധീകരിച്ച് പി.ബി. ഷിബിൻ വിശദീകരിച്ചു. സ്പിൽ ഓവർ, ഉപേക്ഷിച്ച പദ്ധതികൾ, ഫണ്ടുകളുടെ വിനിയോഗത്തെക്കുറിച്ചും വ്യക്തമാക്കി. ശുചിത്യ മാലിന്യ പദ്ധതികൾക്കായി ലഭ്യമായ ഫണ്ടുകൾ ശരിയായി വിനിയോഗിക്കണം. 2024-25 സാമ്പത്തിക വർഷം ആകെ 1637 ശുചിത്യ മാലിന്യ സംസ്കരണ പദ്ധതികളാണ് നടപ്പാക്കുന്നത്. കോർപ്പറേഷനിൽ 44, ഗ്രാമപഞ്ചായത്തുകളിൽ 1293, ജില്ലാ പഞ്ചായത്ത് – 9, ബ്ലോക്ക് പഞ്ചായത്തുകൾ – 69, നഗരസഭ – 222 എന്നിങ്ങനെയാണ് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ ഈ മേഖലയിൽ നടപ്പാക്കുന്ന പദ്ധതികളുടെ എണ്ണം.

മാലിന്യമുക്തം നവകേരളം 2.0 കർമ്മ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നവകേരള മിഷൻ ജില്ലാ കോ-ഓഡിനേറ്റർ എസ്. രഞ്ജിനി വിശദീകരിച്ചു. സമ്പൂർണത, സുസ്ഥിരത, മനോഭാവം, കാര്യശേഷി വികസനം എന്നീ നാലു പ്രധാന മേഖലകളിലൂന്നിയാണ് പ്രവർത്തനം ആസൂത്രണം ചെയ്യുന്നത്.

മാലിന്യമുക്തം നവകേരളം 2023 24 വർഷത്തെ പെർഫോമൻസ് അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. യൂസർ ഫീ കളക്ഷൻ ഒന്നാം സ്ഥാനം ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്, രണ്ടാം സ്ഥാനം ചോറ്റാനിക്കര. എം സി എഫ് ആർ എഫ് സെൻററുകളുടെ അടിസ്ഥാന സൗകര്യം ഒന്നാം സ്ഥാനം ചോറ്റാനിക്കര, രണ്ടാം സ്ഥാനം ആയവന, ജില്ലയിലെ മികച്ച ഹരിത കർമ്മ സേന ഒന്നാം സ്ഥാനം ആമ്പല്ലൂർ രണ്ടാം സ്ഥാനം എടക്കാട്ടുവയൽ, ഹരിതമിത്രം ആപ്പിന്റെ പ്രവർത്തന മികവ് ഒന്നാംസ്ഥാനം ആമ്പല്ലൂർ രണ്ടാം സ്ഥാനം ഏലൂർ, എൻഫോഴ്സ്മെന്റ് നടപടികൾ സ്വീകരിക്കുന്നതിൽ മികവ് ഒന്നാംസ്ഥാനം കൊച്ചി കോർപ്പറേഷൻ രണ്ടാം സ്ഥാനം തൃപ്പൂണിത്തുറ നഗരസഭ, മാലിന്യമുക്തൻ നവര ക്യാമ്പയിൻ പ്രവർത്തനങ്ങളിൽ മികവ് ഒന്നാംസ്ഥാനം ഏലൂർ രണ്ടാം സ്ഥാനം കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് എന്നിങ്ങനെയാണ് പുരസ്കാരം നേടിയത്.

ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന യോഗത്തിൽ മാലിന്യമുക്തം നവകേരളം കോ-കോഡിനേറ്റർ കെ.കെ. രവി, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ പി.എച്ച്. ഷൈൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.