അക്ബർ പൊന്നാനി-
ജിദ്ദ: നിലവിൽ തീർത്ഥാടന വിസയിലെത്തി രാജ്യത്ത് കഴിയുന്നവർ അവിടെ നിന്ന് നിർബന്ധമായും തിരിച്ചു പോകേണ്ട അവസാന തിയതി സൗദി അറേബ്യ പ്രഖ്യാപിച്ചു. ഹജ്ജിന്റെ മുമ്പുള്ള മാസമായ ദുൽഖഅദ ഒന്ന് – അതായത്, ഏപ്രിൽ 29 ആണ് ഇതിനായി സൗദി ഹജ്ജ് – ഉംറ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ളത്. ഈ തീയതിക്ക് ശേഷം തീർത്ഥാടകർ സൗദിയിൽ തങ്ങുന്നത് നിയമ ലംഘനം ആയി കണക്കാക്കുമെന്നും അത്തരക്കാർ നിയമ നടപടികൾക്ക് വിധേയരായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു. ഇത് സംബന്ധിച്ച പിഴ ഒരു ലക്ഷം റിയാൽ വരെയാകുമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത തീര്‍ഥാടകനെക്കുറിച്ച വിവരങ്ങള്‍ തീര്‍ഥാടകനെ കൊണ്ടുവന്ന ഹജ്ജ്, ഉംറ സേവന കമ്പനികള്‍ ബന്ധപ്പെട്ട വകുപ്പിന് അതാതു സമയം റിപ്പോര്‍ട്ട് ചെയ്യണം.
നിയമ ലംഘകർ രാജ്യം വിടുന്നത് ദീർഘിക്കുന്നതിന് അനുസരിച്ചും നിയമം ലംഘിക്കുന്ന തീർഥാടകരുടെയും ഉംറ നിർവ്വഹിക്കുന്നവരുടെയും എണ്ണം കൂടുന്നതിനനുസരിച്ച് പിഴ തുക വർദ്ധിക്കുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം സൂചിപ്പിച്ചു.
ജൂൺ ആദ്യ പകുതിയിൽ അരങ്ങേറാനിരിക്കുന്ന ഹിജ്‌റ വർഷം 1446 ലെ വിശുദ്ധ ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായാണ് നിലവിലുള്ള തീർത്ഥാടകരോട് രാജ്യത്ത് നിന്ന് മടങ്ങാൻ ആതിഥേയ രാജ്യമായ സൗദി അറേബ്യ കർശന നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്.
അതേസമയം, ശവ്വാൽ 15-ാം തീയതിയായ ഏപ്രിൽ 13 ആണ് നടപ്പ് വർഷം ഇഷ്യൂ ചെയ്ത ഉംറ വിസയിൽ സൗദിയിലേക്ക് പ്രവേശിക്കാനുള്ള അവസാന തിയ്യതിയെന്നും സൗദി അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി, ഹജ്ജ് – ഉംറ സേവനങ്ങൾ നൽകുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും, താമസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തീർത്ഥാടകരെയോ ഉംറ നിർമ്മാതാക്കളെയോ കുറിച്ച് ബന്ധപ്പെട്ട അധികാരികളെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയാൽ പിഴ ചുമത്തുമെന്നും സൗദി അധികൃതരുടെ അറിയിപ്പിൽ ഉണ്ട്.
അധികൃതരിൽ നിന്നുള്ള അറിയിപ്പുകളും നിർദ്ദേശങ്ങളും ബന്ധപ്പെട്ട സ്ഥാപനങ്ങളും വ്യക്തികളും പാലിക്കേണ്ടത് വളരെ പ്രധാനമാണെന്നും തടസ്സങ്ങളില്ലാതെ ഹജ്ജ് സീസൺ സുഗമമായി നടത്തുന്നതിന് എല്ലാവരും അധികൃതരുമായി സഹകരിക്കണമെന്നും ഇത് സംബന്ധിച്ച അറിയിപ്പ് വിവരിച്ചു. പുണ്യ സീസണിൽ തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവരുടെ ഗതാഗതം സുഗമമാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം നടപടികൾ.
Leave a Reply