ചെറിയമുണ്ടം :പ്രസിദ്ധീകരണത്തിന് 15.01.2025
ന്യൂനപക്ഷ ക്ഷേമ-കായിക മന്ത്രിയുടെ ഓഫീസ്
ചെറിയമുണ്ടം കുടിവെള്ള പദ്ധതി:
43.89 കോടിയുടെ ടെണ്ടറിന് അംഗീകാരം
മലപ്പുറം: ജലജീവന്‍ മിഷനു കീഴില്‍ താനൂര്‍ ചെറിയമുണ്ടം പഞ്ചായത്തിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ട പ്രവൃത്തിയ്ക്ക് 43.89 കോടി രപയുടെ ടെണ്ടറിന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭ അംഗീകാരം നല്കി. ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കേരള വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടറെ ചുമതലപ്പെടുത്തി. ഇതോടെ, മേഖലയുടെ പതിറ്റാണ്ടുകള്‍ നീണ്ട കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലെത്തി.
താനൂര്‍ എം എല്‍ എ കൂടിയായ ന്യൂനപക്ഷക്ഷേമ- കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്റെ അക്ഷീണമായ ഇടപെടലിലാണ് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യവും ഇവിടെ എടുത്തുപറയണം.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് താനൂര്‍ എം എല്‍ എ ആയിരുന്ന വി അബ്ദുറഹിമാന് സര്‍ക്കാരിന് സമര്‍പ്പിച്ച പദ്ധതിയാണ് താനൂര്‍ കുടിവെള്ള പദ്ധതി. ജലദൗലഭ്യം രൂക്ഷമായ താനൂര്‍ നഗരസഭയ്ക്കും താനാളൂര്‍, നിറമരുതൂര്‍, ഒഴൂര്‍, പൊന്മുണ്ടം, ചെറിയമുണ്ടം പഞ്ചായത്തുകള്‍ക്കും പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിത്.
ഭാരതപ്പുഴയില്‍ നിന്ന് 14 കിലോ മീറ്റര്‍ പൈപ്പിട്ടാണ് പദ്ധതിയ്ക്ക് വെള്ളം എത്തിക്കുന്നത്. ചെറിയമുണ്ടം പഞ്ചായത്തിലെ നരിയറക്കുന്നിലാണ് പദ്ധതിയുടെ പ്രധാന ടാങ്കും ട്രീറ്റ്മെന്റ് പ്ലാന്റും നിര്‍മ്മിച്ചിട്ടുള്ളത്. 90 ദശലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാനും ദിവസേന 45 ദശലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാനുമുള്ള സജ്ജീകരണങ്ങള്‍ നരിയറക്കുന്നില്‍ ഒരുക്കിയിട്ടുണ്ട്. അടുത്ത 50 വര്‍ഷത്തെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ പര്യാപ്തമാണ് ട്രീറ്റ്മെന്റ് പ്ലാന്റ്. രണ്ടര ലക്ഷം ജനങ്ങള്‍ക്ക് പദ്ധതി പ്രയോജനപ്പെടും. മറ്റു പഞ്ചായത്തുകളില്‍ വിതരണ സംവിധാനം ഒരുക്കുന്ന പ്രവൃത്തികള്‍ ഏകദേശം പൂര്‍ത്തിയായി. ചെറിയമുണ്ടത്ത് ടെണ്ടര്‍ അനുവദിച്ച സാഹചര്യത്തില്‍ ഉടന്‍ പ്രവൃത്തി തുടങ്ങും.
Leave a Reply