കോഴിക്കോട്: മുനമ്പം വിഷയത്തിൽ വഖഫ് ഭൂമിയല്ല എന്ന വിഡി സതീശന്റെ നിലപാട് അപകടകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ്. കോഴിക്കോട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വസ്തുതകൾക്ക് വിരുദ്ധമായ വി ഡി സതീശൻ്റെ നിലപാട് സംഘപരിവാർ നുണപ്രചരണങ്ങളെ ശക്തിപ്പെടുത്താനെ സഹായിക്കുകയുള്ളു. പ്രശ്നത്തെ മതപരമായ വിഷയമാക്കി പരിമിതപ്പെടുത്താനാണ് സതീശൻ ഉൾപ്പെടെയുള്ളവർ ശ്രമിക്കുന്നത്. അത് ദുഷ്ടലാക്കാണ്. ഫാറൂഖ് കോളേജ് സ്ഥാപിച്ചത് പോലും ഒരു മതവിഭാഗത്തിന് വേണ്ടി ആയിരുന്നില്ല.ഭൂമി വഖഫ് ചെയ്തിട്ടുള്ളത് ഫാറൂഖ് കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സുഗമമായി പ്രവർത്തിക്കുന്നതിനു വേണ്ടിയാണ്. എല്ലാ മതവിഭാഗങ്ങളും വഖഫ് ഭൂമിയുടെ ഗുണഭോക്താക്കൾ ആയിട്ടുണ്ട്.എല്ലാ ജാതി വിഭാഗങ്ങളിലും പെട്ടവർ ഫാറൂഖ് കോളേജിൽ നിന്ന് നിന്ന് വിദ്യാഭ്യാസം നേടിയിട്ടുണ്ട്. വഖഫ് ഭൂമിക്കെതിരായ നീക്കം മൗലികാവകാശങ്ങൾക്കെതിരെയുള്ള നീക്കമാണ്.
മുനമ്പത്ത് പൊതുസമൂഹത്തിന് ഉപകാരപ്രദമാവേണ്ട ഭൂമിയാണ് സ്വകാര്യ വ്യക്തികളും റിസോർട്ട് ഉടമകളും കൈക്കലാക്കിയിരിക്കുന്നത്. ഈ ഭൂമി സ്വകാര്യ വ്യക്തികളിൽ നിന്ന് തിരിച്ചുപിടിച്ച് പൊതു സമൂഹത്തിന് പ്രയോജനപ്രദമാകുന്ന വിധത്തിൽ വിനിയോഗിക്കണം എന്നതാണ് കേരളത്തിൻ്റെ പൊതു താല്പര്യം. പൊതു സമൂഹത്തിൻറെ താൽപര്യത്തിന് വിരുദ്ധമായ നിലപാടിൽ നിന്ന് വി ഡി സതീശൻ പിന്മാറണം. കോൺഗ്രസ് നേതൃത്വം ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കണം.
വിഷയം പഠിക്കാതെയുള്ള ലീഗ് പ്രതികരണം ഖേദകരമാണ്. സ്വന്തം അണികൾക്ക് എങ്കിലും ബോധ്യമാകുന്ന തരത്തിൽ നിലപാട് വ്യക്തമാക്കാൻ ലീഗ് തയ്യാറാവണം. വഖഫ് സ്വത്ത് സംരക്ഷിക്കുന്നതിന് ആവശ്യമായ നിലപാട് സ്വീകരിക്കേണ്ട ലീഗ് നേതൃത്വം വി ഡി സതീശന്റെ നിലപാടിനോട് ഓരം ചേർന്ന് നിൽക്കുന്നത് പൊതു താൽപര്യത്തിനെതിരാണ്. മുനമ്പത്തേത് വഖ്ഫ് ഭൂമിയാണെന്ന് വിവിധ കോടതികളും മുഖ്യമന്ത്രിയും വഖഫ് ബോർഡ് ചെയർമാനും ഉൾപ്പെടെയുള്ളവർ പലതവണ വ്യക്തമാക്കിയതാണ്.
മുനമ്പം വഖഫ് ഭൂമിയിൽ താമസിക്കുന്നവരെ സംരക്ഷിക്കണം. അവരെ വഴിയാധാരമാക്കരുത്. വിഷയത്തിൽ സമഗ്രവും ശാശ്വതവു നീതിപൂർവവുമായ തീരുമാനമെടുക്കാൻ അധികൃതർ തയ്യാറാവണമെന്നും സി പി എ ലത്തീഫ് ആവശ്യപ്പെട്ടു.
വാർത്താ സമ്മേളനത്തിൽ എസ്ഡിപിഐ സംസ്ഥാന ട്രഷറർ എൻ കെ റഷീദ് ഉമരി , ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി സംബന്ധിച്ചു.
Leave a Reply