താനൂർ:
പനമ്പാലം പാലം നിർമാണവുമായി ബന്ധപ്പെട്ട് തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ നടത്തിയ പ്രസ്താവന തീർത്തും വ്യാജമെന്ന് സിപിഐ എം ചെറിയമുണ്ടം ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. 2006 – 2011കാലത്ത് കുറ്റിപ്പുറത്ത് കെ ടി ജലീലും, തിരൂരിൽ പി പി അബ്ദുള്ളക്കുട്ടിയും എംഎൽഎമാരായിരുന്നപ്പോഴാണ് ചെറിയമുണ്ടത്തിനേയും തിരൂർ നഗരസഭയേയും ബന്ധിപ്പിക്കുന്ന ഈ പാലത്തിൻ്റെ പദ്ധതി സമർപ്പിച്ചതും പരിശോധനയും ധനാഭ്യർത്ഥന നടത്തിയത്.

2011ൽ മണ്ഡല പുനർനിർണയത്തിൻ്റെ ഭാഗമായി ചെറിയമുണ്ടം താനൂരിലേക്ക് മാറി. 2011- 2016ൽ താനൂരിലും തിരൂരിലും യുഡിഎഫ് എംഎൽഎമാർ വന്നു. പൊതുമരാമത്ത് മുസ്ലീംലീഗായിരുന്നു ഭരിച്ചിരുന്നത് എന്നാൽ വിശദമായ ഡിപിആറും ധനാഭ്യർത്ഥനയും ഉണ്ടായിരുന്നിട്ടും ആ കാലത്ത് ഈ പാലത്തിനായി ഒന്നും ചെയ്തില്ല. സ്ഥലമേറ്റെടുപ്പ് തുടങ്ങുക പോലും ചെയ്തില്ല.

2016ൽ വി അബ്ദുറഹിമാൻ താനൂരിൽ നിന്നും ജയിച്ചതിനെ തുടർന്ന് ഈ പാലം പ്രവൃത്തിക്ക് ജീവൻവെച്ചു. ഭൂമി ഏറ്റെടുക്കൽ നടപടിക്കായി സർവേയും അലൈൻമെൻ്റും പൂർത്തീകരിച്ചത് അപ്പോഴാണ്. പദ്ധതിക്കായി 13 കോടി അനുവദിച്ചു. 2018ൽ വിശദ പദ്ധതിരേഖ സമർപ്പിച്ചതിനെ തുടർന്ന് കിഫ്ബി പദ്ധതി ഏറ്റെടുത്തു.

നിലവിൽ അപ്രോച്ച് റോഡ് ഉൾപ്പെടെയുള്ള പദ്ധതിയുടെ രണ്ടാംഘട്ട നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സംരക്ഷണ ഭിത്തി, ഡ്രൈനേജ് എന്നിവയുടെ കോൺക്രീറ്റ് പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുള്ളതും റോഡ് നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയുമാണ്.

പാലത്തിനും അപ്രോച്ച് റോഡിനും വേണ്ടി വന്ന സ്ഥലം ഏറ്റെടുക്കൽ നടപടികളിൽ ഇടങ്കോലിടാനാണ് തിരൂർ എംഎൽഎയുടെ പാർട്ടിക്കാർ ചെയ്തത്. പനമ്പാലം പാലം ഉദ്ഘാടനത്തിന് തിയതി നിശ്ചയിക്കുന്ന തിരൂർ എംഎൽഎ സ്വന്തം മണ്ഡലത്തിലെ പ്രവൃത്തികളിൽ ശ്രദ്ധിക്കണമെന്ന് സിപിഐ എം നേതാക്കൾ പറഞ്ഞു.

പൊന്മുണ്ടം ബൈപ്പാസ് പദ്ധതിയുടെ ഭാഗമായി തിരൂർ പൊലീസ് ലൈനിന് സമീപത്ത് റെയിൽവേ മേൽപ്പാലത്തിനുള്ള അപ്പ്രോച്ച് റോഡ് നിർമ്മിക്കാൻ കഴിഞ്ഞ 20 വർഷമായിട്ടും തിരൂർ എംഎൽഎയ്ക്ക് കഴിഞ്ഞിട്ടില്ല. മാത്രമല്ല ഏഴുർ – പിസി പടി റോഡിൽ 800 മീറ്റർ വീതികൂട്ടുന്ന പ്രവർത്തനം പൂർത്തിയായാൽ തിരൂർ നഗരത്തിലെ ഗതാഗതക്കുരുക്ക് വലിയൊരു ശതമാനം കുറയ്ക്കാനാവും.

എന്നാൽ സ്വന്തം മണ്ഡലത്തിലെ കാര്യങ്ങൾ ശ്രദ്ധിക്കാതെ തിരൂർ എംഎൽഎ താനൂർ മണ്ഡലത്തിലേക്ക് ഒളിഞ്ഞു നോക്കേണ്ട ആവശ്യമില്ലെന്നും, തൊട്ടടുത്ത മണ്ഡലത്തിലെ ജനപ്രതിനിധികൾ ചെയ്തു വെച്ച പ്രവൃത്തികളുടെ പിതൃത്വം ഏറ്റെടുക്കാൻ വരുന്നത് അൽപത്തരമാണെന്നും സിപിഐ എം ചെറിയമുണ്ടം ലോക്കൽ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.