ഒടുവില്‍ എഴുത്തഛന് തിരൂരില്‍ പ്രതിമ

തിരൂര്‍: മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തഛന് തിരൂരില്‍ പ്രതിമ നിര്‍മിക്കുന്നു. വെങ്കലത്തില്‍ നിര്‍മിക്കുന്ന പ്രതിമയ്ക്ക് ഏകദേശം ഒരു കോടിയോളം രൂപ ചെലവു കണക്കാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. തൃക്കണ്ടിയൂര്‍ തുഞ്ചന്‍ സാംസ്‌കാരിക ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് വെങ്കല പ്രതിമ ഒരുങ്ങുന്നത്. അമ്പലക്കുള ക്ഷേത്ര വളപ്പിലാണ് പ്രതിമ സ്ഥാപിക്കുക. തിരൂരില്‍ ഒരു പൊതുസ്ഥലത്തിനായി ശ്രമിച്ചെങ്കിലും അതു കിട്ടാതായതോടെയാണ് കോഴിക്കോട് സാമൂതിരി കുടുംബത്തെ സമീപിച്ചതെന്ന് തുഞ്ചന്‍ സാംസ്‌കാരിക ഗവേഷണ കേന്ദ്രം ട്രസ്റ്റ് ഭാരവാഹി പറഞ്ഞു. സാമൂതിരിയുടെ ഉടമസ്ഥതയിലുള്ള ഏതു ക്ഷേത്ര വളപ്പിലും സ്ഥാപിക്കാമെന്ന് സാമൂതിരി അനുമതി നല്‍കി. ഒടുവിലാണ് അമ്പലക്കുളങ്ങര ക്ഷേത്രം തെരഞ്ഞെടുത്തത്. നഗരവുമായി ഏറ്റവും അടുത്ത സ്ഥലമെന്ന നിലയിലും പൊതുജനങ്ങള്‍ക്ക് പെട്ടെന്നു എത്തിച്ചേരാന്‍ കഴിയുമെന്നതിനാലുമാണ് അമ്പലക്കുളങ്ങര ക്ഷേത്രം തെരഞ്ഞെടുത്തത്.
മുന്‍പ് സിറ്റി ജംക്ഷനില്‍ എഴുത്തഛന്റെ പ്രതിമ സ്ഥാപിക്കാന്‍ ഒരു ശ്രമമുണ്ടായിരുന്നു. മലയാള മനോരമ സ്‌പോണ്‍സര്‍ ചെയ്തായിരുന്നു പ്രതിമ നിര്‍മാണം. പ്രതിമ നിര്‍മാണം പൂര്‍ത്തിയായെങ്കിലും അന്നു ഭരിച്ചിരുന്ന നഗരസഭയുടെ അനുമതി ലഭിക്കാത്തതിനാല്‍ നിര്‍മാണം പൂര്‍ത്തിയായ പ്രതിമ സ്ഥാപിക്കപ്പെട്ടില്ല. തുടര്‍ന്ന് മനോരമ മഷിക്കുപ്പിയും തൂവലും പ്രതിമയുണ്ടാക്കി സ്ഥാപിക്കുകയായിരുന്നു. അന്നു നിര്‍മ്മിക്കപ്പെട്ട പ്രതിമ വര്‍ഷങ്ങളോളം ശില്‍പ്പിയുടെ വീട്ടില്‍ ഉപയോഗിക്കാനാവാതെ കിടന്നിരുന്നു. തുടര്‍ന്ന് അത് വള്ളിക്കുന്നിലെ ഒരു സ്‌കൂളില്‍ സ്ഥാപിക്കുകയായിരുന്നു. എഴുത്തഛന്റെ ജന്മസ്ഥലമായ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ പോലും എഴുത്തഛന്റെ പ്രതിമയില്ല. മലയാളം സര്‍വകലാശാലയിലും പ്രതിമയില്ല. തുഞ്ചന്റെ തത്തയുടെ പ്രതിമ മാത്രമാണുള്ളത്.
അമ്പലക്കുളങ്ങര ക്ഷേത്രത്തിലെ കുളത്തിനരികിലാണ് പ്രതിമ നിര്‍മിക്കുന്നത്. ഇതര മതസ്ഥര്‍ക്കു കൂടി കാണാന്‍ സാധിക്കുന്ന വിധത്തിലാണ് പ്രതിമ നിര്‍മാണം. എട്ടടി ഉയരത്തില്‍ ചമ്രം പടിഞ്ഞിരിക്കുന്ന വിധത്തിലാണ് പ്രതിമ. അഞ്ചടി ഉയരത്തിലുള്ള പീഠവും മേല്‍ക്കൂരയായി ഒരു മണ്ഡപം കൂടിയുണ്ടാകും. അമ്പല നടയടച്ചാലും പ്രതിമ ഏതു സമയത്തും ആര്‍ക്കും വന്നു കാണാവുന്ന വിധത്തിലാണ് പ്രതിമ നിര്‍മാണ മേഖലയൊരുക്കുന്നത്. പത്ത് അടി സ്‌ക്വയറിലാണ് പ്രതിമയുടെ മണ്ഡപം. ഇതിനു പുറമെ പ്രതിക്ഷണ വഴിയുമുണ്ടാകും. പ്രതിമ നിര്‍മാണത്തിനൊപ്പം കുളവും നവീകരിക്കും. കുളത്തിനരികില്‍ ചമ്രം പടിഞ്ഞിരിക്കുന്ന വിധത്തിലായിരിക്കും പ്രതിമ. പ്രതിമയ്ക്കു മാത്രം 40 ലക്ഷം രൂപ വരും. പീഠവും മേല്‍ക്കൂരയ്ക്കുമായി 15 ലക്ഷത്തോളം രൂപയും ചെലവു കണക്കാക്കുന്നു. ഈ മേഖലയില്‍ റോഡ് വീതി കൂട്ടുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഇവിടുത്തെ മതിലും കുളവും നവീകരിക്കുന്നുണ്ട്. ഇതിനെല്ലാം കൂടി അമ്പതു ലക്ഷം രൂപയോളം ചെലവു പ്രതീക്ഷിക്കുന്നുണ്ടെന്നും ഭാരവാഹികള്‍. തുഞ്ചന്‍ സാംസ്‌കാരിക ഗവേഷണ കേന്ദ്രത്തിന്റെ ആദ്യ ലക്ഷ്യങ്ങളിലൊന്നാണ് എഴുത്തഛന്റെ പ്രതിമയെന്നും ഭാരാവാഹികള്‍.

നിര്‍മാണ ഫണ്ടിലേയ്ക്ക് സംഭാവനകള്‍ അയയ്ക്കാം.

Leave a Reply

Your email address will not be published.