ന്യൂഡൽഹി: കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ പൊലീസ് വെടിവയ്പിൽ അഞ്ച് യുവാക്കൾ ദാരുണമായി കൊല്ലപ്പെട്ട സംബൽ പ്രദേശം സന്ദർശിക്കാൻ ഡൽഹിയിൽ നിന്ന് പുറപ്പെട്ട മുസ്ലിം ലീഗ് എംപിമാരെ യുപി പൊലീസ് തടഞ്ഞ സംഭവം അങ്ങേയറ്റം ഭീകരമാണെന്ന് മുസ്ലിം ലീഗ് .
ഇന്നലെയാണ് എംപിമാരായ ഇ.ടി മുഹമ്മദ് ബഷീർ, പി.വി അബ്ദുൽ വഹാബ്, ഡോ.എംപി അബ്ദുസ്സമദ് സമദാനി, കെ. നവാസ് ഗനി, അഡ്വ. വി.കെ ഹാരിസ് ബീരാൻ എന്നിവർ ഉത്തർപ്രദേശ് സംബലിലേക്ക് പുറപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെയും പ്രദേശത്തെ പ്രയാസപ്പെടുന്ന ജനങ്ങളെയും നേരിൽ കാണാനും ആശ്വാസങ്ങൾ പകരാനുമായിരുന്നു നേതാക്കൾ പുറപ്പെട്ടത്. എന്നാൽ സംഭവ സ്ഥലത്തിന് 130 കിലോമീറ്റർ ഇപ്പുറത്ത് ഗാസിയാബാദ് സജറാബി ചെക്പോസ്റ്റ് പരിസരത്ത് വൻ പൊലീസ് സംഘം എംപിമാരെ തടയുകയായിരുന്നു.
ഏറ്റവും അടുത്ത മുറാദാബാദിൽ നേതാക്കളെ കാത്ത് നിന്ന പാർട്ടി പ്രവർത്തകരെപ്പോലും കാണാൻ അനുവദിക്കാത്ത കിരാത നടപടിയാണ് പൊലീസ് സ്വീകരിച്ചത്. സംബലിലെ ഷാഹി മസ്ജിദിൽ കയറാനെത്തിയ പൊലീസുകാരാണ് അഞ്ച് യുവാക്കളെ വെടിവച്ച് കൊന്നത്. പൊലീസിനും യുപിയിലെ യോഗി സർക്കാറിനും എന്താണ് ജനങ്ങളിൽ നിന്ന് മറച്ച് വയ്ക്കാനുള്ളതെന്ന് ഇ.ടി മുഹമ്മദ് ബഷീർ എംപി ചോദിച്ചു. ജനപ്രതിനിധകളോട് പോലും ജനാധിപത്യവിരുദ്ധമായി പെരുമാറുന്ന ഭീകരാവസ്ഥ തിരുത്തണം. പൊലീസുമായി സംഘർഷത്തിന് മുതിരുന്നില്ലെന്നും തങ്ങൾ തിരിച്ച് പോവുകയാണെന്നും അറിയിച്ച എംപി അടുത്ത ദിവസം യു പിയിലെ മുസ്‌ലിം ലീഗ് നേതാക്കളോട് നിയമ നടപടികളെ കുറിച്ച് സംസാരിക്കാനും മറ്റുമായി ഡൽഹിയിലെത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.
Leave a Reply