കൊച്ചി: കോര്‍പറേഷനിലെ വെണ്ണല ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ ഇനി ഹരിതവിദ്യാലയം. സ്‌കൂളിനെ ഹരിത വിദ്യാലയമാക്കിയുള്ള ഔദ്യോഗിക പ്രഖ്യാപനം ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് നിര്‍വഹിച്ചു.
നഗരത്തിന്റെ സ്ഥല പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് ഹരിത സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനുള്ള സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
സ്‌കൂളിലെ ഈവര്‍ഷത്തെ രണ്ടാംഘട്ട നടീല്‍ ഉത്സവം പച്ചക്കറിത്തൈ നട്ടുകൊണ്ട് അദ്ദേഹം ഉത്ഘാടനം ചെയ്തു. ഉപജില്ലാ കലോത്സവത്തില്‍ മികച്ച പ്രകടനം നടത്തിയ പ്രതിഭകള്‍ക്കുള്ള ട്രോഫിയും വിതരണം ചെയ്തു. സ്‌കൂള്‍ പിടിഎ നടത്തിവരുന്ന വിദ്യാലയ പച്ചക്കറി കൃഷി പദ്ധതി ഭവനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൗണ്‍സിലര്‍ ജോര്‍ജ് നാനാട്ട് കുട്ടികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ജീവനക്കാര്‍ക്കും പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തു. ജില്ലാ ഹരിത മിഷന്‍,സ്‌കൂള്‍ പിടിഎ, സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി, കുടുംബശ്രീ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി നടപ്പിലാക്കുന്നത്.
ചടങ്ങില്‍ വെണ്ണല ഡിവിഷന്‍ കൗണ്‍സിലര്‍ കെ ബി ഹര്‍ഷന്‍ അധ്യക്ഷനായി. ഹരിത മിഷന്‍ ജില്ലാ കോഡിനേറ്റര്‍മാരായ എസ് രഞ്ജിനി, നിസ നിഷാദ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജി.സുജാത, ഹൈസ്‌ക്കൂള്‍ പ്രധാനാധ്യാപിക ചന്ദ്രലേഖ, അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍ എസ്. രമേശ് കുമാര്‍, പിടിഎ പ്രസിഡന്റ് അബ്ദുല്‍ റഹീം, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.