രവിമേലൂർ

മലക്കപ്പാറ: ടാറ്റ  ടി  എസ്റ്റേറ്റിലെ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള തോട്ടം തൊഴിലാളികളുടെ മക്കളായ   വിദ്യാർത്ഥികൾക്കായി 6,40,000 രൂപയുടെ വിദ്യാഭ്യാസ സ്ക്കോളർഷിപ്പ് വിതരണം  ചെയ്തു. ഉന്നത വിദ്യഭ്യാസം കൈവരിച്ചുകൊണ്ടിരിക്കുന്ന 40 വിദ്യാർത്ഥികൾക്ക് 16000 രൂപ വീതമാണ് പദ്ധതിയുടെ ഭാഗമായി ലഭിച്ചത്.

സനീഷ്‌കുമാർ  ജോസഫ്  എം എൽ എ  നടപ്പിലാക്കി വരുന്ന ‘ചിറക് ‘പദ്ധതിയുമായി  സഹകരിച്ച് സന്നദ്ധ  സംഘടനയായ  കെയർ  ആൻഡ്  ഷെയറും ക്ലാരിഷ്യൻ സന്ന്യാസ സഭയും ചേർന്ന്  ഒരുക്കിയ  സ്കോളർഷിപ്പിൻ്റെ  വിതരണോദ്ഘാടനം തൃശൂർ ജില്ലാ കളക്ടർ  അർജ്ജുൻ പാണ്ഡ്യൻ ഐഎ എസ്  നിർവ്വഹിച്ചു.

കഴിഞ്ഞ വർഷം മലക്കപ്പാറയിലെ ഉന്നത വിദ്യഭ്യാസം നടത്തി വരുന്ന വിദ്യാർത്ഥികൾക്കായി
800000 രൂപയുടെ സ്ക്കോളർഷിപ്പിൻ്റെ തുടർച്ചയായാണ് ഈ വർഷവും പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്.

സാമ്പത്തികമായി ഏറെ പിന്നോക്കാവസ്ഥയിലുള്ള  ബിരുദ – ബിരുദാനന്തര   വിദ്യാർത്ഥികൾക്ക്  മെച്ചപ്പെട്ട പഠന സാഹചര്യം  ലഭ്യമാക്കണമെന്ന  ലക്ഷ്യത്തോടെയാണ് ഈ  ധനസഹായ  വിതരണ  പദ്ധതി ഒരുക്കിയിരിക്കുന്നതെന്ന്  സനീഷ്‌കുമാർ  ജോസഫ്  എംഎൽഎ  അറിയിച്ചു.

ചാലക്കുടി  നിയോജകമണ്ഡലത്തിന്റെ വിദ്യാഭ്യാസം, യുവജനം , സംസക്കാരികം , കായിക രംഗം, തൊഴിൽ  തുടങ്ങിയ    സമഗ്ര  മേഖലയുടെയും  വളർച്ച  ലക്ഷ്യമിട്ട് നടപ്പിലാക്കി  വരുന്ന  പദ്ധതിയാണ് ‘ ചിറക്’. ഭാവിതലമുറയെ  സ്വയം  പര്യാപ്തരാക്കി  മാറ്റുന്ന  സുസ്ഥിരവികസനമാണ്  ഈ  പദ്ധതി  ലക്‌ഷ്യം  വയ്ക്കുന്നത്.

ബ്ലോക്ക് പഞ്ചായത്തംഗം ഷാൻ്റി ജോസഫ്,അതിരപ്പിള്ളി ഗ്രാമപഞ്ചായത്തംഗങ്ങളായ മുത്തു, കെ. എം. ജയചന്ദ്രൻ ,മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി കെ തോമസ്, ജോർജ്ജ് വെണ്ണാട്ടു പറമ്പിൽ, മുരളി ചക്കുന്തറ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.