മലപ്പുറം: കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) വികസനത്തിന് മണ്ണെടുക്കാനുള്ള തടസങ്ങൾ നീങ്ങുന്നു. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. വ്യവസായ വകുപ്പ് അഡീഷണൽ സെക്രട്ടറി മൈനിങ് ആൻഡ് ജിയോളജി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ ഉത്തരവിൽ നിലവിൽ മണ്ണെടുപ്പിനുള്ള നിയന്ത്രണങ്ങൾ ഇളവ് ചെയ്തതായി സർക്കാർ വ്യക്തമാക്കുന്നുണ്ട്. ഇത് സംബന്ധിച്ച നടപടികളിലേക്ക് ജിയോളജി വിഭാഗം അടിയന്തരമായി നീങ്ങുന്നതോടെ എയർ പോർട്ട് അതോറിട്ടി ഓഫ് ഇൻഡ്യ കണ്ടെത്തിയ 75 കേന്ദ്രങ്ങളിൽ നിന്ന് മണ്ണെടുത്ത് റൺവേയുടെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ എത്തിയ്ക്കാനാവും. മണ്ണെടുപ്പിന് സാധാരണ ഗതിയിലുള്ള നിയന്ത്രണങ്ങൾ എയർപോർട്ട് റെസ വികസനത്തിന് പ്രയാസം സ്രഷ്ടിക്കുന്നതായി എയർപോർട്ട് അഡ്വൈസറി കമ്മിറ്റി യോഗത്തിൽ അഭിപ്രായം ഉയർന്നതിനെ തുടർന്ന് ചെയർമാൻ ഇ.ടി മുഹമ്മദ് ബഷീർ എംപി മുഖ്യമന്ത്രിയുടെ ഓഫിസ്, ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.അബ്ദു റഹ്മാൻ എന്നിവരുമായി ബന്ധപെട്ട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിരുന്നു. ഇതിനോടകം അനുമതി ലഭിച്ച കേന്ദ്രങ്ങളിൽ നിന്ന് മണ്ണ് നീക്കം ഉടൻ ആരംഭിക്കും. സംസ്ഥാന സർക്കാറിൻ്റെ ഇടപെടൽ ഗുണകരമാവുമെന്ന് ഇ. ടി പറഞ്ഞു. നിലവിൽ പുതിയ മൂന്ന് സർവീസുകളും കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തുടങ്ങാനിരിക്കയാണ്. റെസ നവീകരണം പൂർത്തിയാവുന്നതോടെ എയർ പോർട്ടിൻ്റെ പൂർവ പ്രതാപത്തിലേക്ക് തിരിച്ചെത്തും വിധം വൈഡ് ബോഡി സർവീസുകളും പുനരാരംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണെന്നും ചെയർമാൻ ഇ.ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു. എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ, എയർ പോർട്ട് ഡയറക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെയും ഇടപെടലുകളെ എംപി അഭിനന്ദിച്ചു.
എംപി ഓഫിസ് മലപ്പുറം
16.11.2024
Leave a Reply