മലപ്പുറം: ദേശീയ ബാലാവകാശ കമ്മീഷൻ രാജ്യത്തെ മദ്രസകളെ തകർക്കാൻ നടത്തിയ നീക്കങ്ങൾക്കെതിരെ സുപ്രീം കോടതി നടത്തിയ വിധി പ്രസ്താവം ചരിത്ര പരമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയും പാർലിമെന്ററി പാർട്ടി ലീഡറുമായ ഇ.ടി മുഹമ്മദ് ബഷീർ എംപി. രാജ്യത്തിൻ്റെ മഹിതമായ മതേതര പാരമ്പര്യത്തിനെതിരായിരുന്നു കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവ്. മദ്രസകളിൽ നിന്ന് വിദ്യാർഥികളെ മാറ്റണമെന്നും വിവിധ സംസ്ഥാനങ്ങളിലെ മദ്രസ ബോർഡുകൾ പിരിച്ച് വിടണമെന്നും നിർദ്ദേശിച്ച കമ്മീഷൻ ചെയർമാൻ പ്രിയങ്ക കനുംഗോയുടെ ദുരുദ്ദേശ്യ നടപടികളെ കോടതി അതിശക്തമായാണ് എതിർത്തത്. ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക എന്ന ഇന്ത്യൻ മതേതരത്വ സംവിധാനങ്ങളെ തന്നെ തകർക്കുവാൻ സഹായകമായ ഉത്തരവായിരുന്നു കമ്മീഷൻ്റേതെന്നും കോടതി നിരീക്ഷിച്ചു. മറ്റ് മത വിശ്വാസികൾക്ക് വിലക്ക് ബാധകമാക്കാത്ത നടപടിയെയും കോടതി വിമർശിച്ചിട്ടുണ്ട്. അതിനിടെ, കമ്മീഷൻ ഉത്തരവിൻ്റെ ബലത്തിൽ ഉത്തർപ്രദേശ്, ത്രിപുര സർക്കാറുകൾ മദ്രസകൾക്കെതിരെ തിരക്കിട്ട നടപടികൾക്കും മുതിർന്നിരുന്നു. ഇതിനെതിരെയും കോടതി ശക്തമായ വിധിയാണ് പുറപ്പെടുവിച്ചത്. രാജ്യത്തെ മത ന്യൂനപക്ഷങ്ങളെ നിയമ വഴികൾ ദുരുപയോഗപ്പെടുത്തി അസ്ഥിരപ്പെടുത്താനുള്ള സംഘ് പരിവാർ ശ്രമങ്ങൾക്ക് വഴിയൊരുക്കാനേ ദേശീയ ബാലാവകാശ കമ്മിഷൻ്റെ ഇത്തരം നിർദ്ദേശങ്ങൾ വഴിവയ്ക്കൂ എന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. ഒരു വിഭാഗത്തെ മാത്രം ആസൂത്രിതമായി ആക്രമിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് രാജ്യത്തെ ഔദ്യോഗിക കമ്മിഷനുകളും സ്ഥാപനങ്ങളും പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ എന്ന മതേതര രാജ്യത്തിൻ്റെ ബഹുസ്വരത കാത്ത് സൂക്ഷിക്കുവാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാവണമെന്നും അഭ്യർഥിച്ചു.

എം.പി ഓഫിസ്, മലപ്പുറം.

23/10/2024.

Leave a Reply

Your email address will not be published.