കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ പെട്ട് മരിച്ച അർജുന്റെ കുടുംബത്തിൻ്റെ പരാതിയിലെടുത്ത കേസിൽ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കും. സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർക്ക് അർജുന്റെ സഹോദരി നൽകിയ പരാതിയിൽ നിന്നാണ് മനാഫിനെ ഒഴിവാക്കിയത്.
മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. മനാഫിന്റെ വീഡിയോയുടെ താഴെ കുടുംബത്തിന് നേരെ സൈബർ ആക്രമണം നടക്കുന്നു എന്നായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ മനാഫിനെതിരെ ചേവായൂർ പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞദിവസം കുടുംബത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തുകയും ചെയ്തു.
പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മനാഫിന്റെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. എഫ്ഐആറിൽ നിന്ന് മനാഫിനെ ഒഴിവാക്കുമെന്നാണ് പൊലീസ് പറയുന്നത്.
മനാഫിന്റെ യൂട്യൂബ് ചാനലിലെ വീഡിയോകൾക്ക് അധിക്ഷേപം നിറഞ്ഞ കമന്റുകൾ വരുന്നുവെന്നാണ് അവർ നൽകിയ മൊഴി. എന്നാൽ മനാഫ് അധിക്ഷേപിച്ചെന്ന് കുടുംബം പറഞ്ഞിട്ടില്ല.
ഇതിന്റെ അടിസ്ഥാനത്തിലാണ് മനാഫിനെ കേസിൽനിന്ന് ഒഴിവാക്കാനൊരുങ്ങുന്നത്. അതേസമയം മനാഫിന്റെ മൊഴി ശനിയാഴ്ച പോലീസ് രേഖപ്പെടുത്തും. അതിനുശേഷമായിരിക്കും ഇദ്ദേഹത്തെ കേസിൽനിന്ന് ഒഴിവാക്കുന്ന നടപടികളിലേക്ക് പോലീസ് കടക്കുക.
അതേസമയം, സൈബർ ആക്രമണ പരാതിയിൽ മനാഫിനെ സാക്ഷിയാക്കും. സൈബർ ആക്രമണം നടത്തിയ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പൊലീസ് പരിശോധിച്ചു വരികയാണ്. ചില യൂട്യൂബർമാർക്കെതിരെ കേസെടുക്കാനും പൊലീസ് തീരുമാനിച്ചു.
Leave a Reply